താങ്ങാവുന്ന വിലയിലൊരു ഹാര്‍ലി വൈകില്ല

താങ്ങാവുന്ന വിലയിലൊരു ഹാര്‍ലി വൈകില്ല

ചൈനീസ് ബൈക്ക് നിര്‍മാതാക്കളായ ക്വിയാന്‍ജാംഗ് മോട്ടോര്‍സൈക്കിളുമായി ചേര്‍ന്നാണ് ‘കുഞ്ഞന്‍ ഹാര്‍ലി’ നിര്‍മിക്കുന്നത്

ബെയ്ജിംഗ്: ഏറ്റവും താങ്ങാവുന്ന വിലയില്‍ ഒരു മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കുമെന്ന് ജൂണ്‍ മാസത്തിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചത്. മോട്ടോര്‍സൈക്കിളിന്റെ ഉല്‍പ്പാദനം എത്രയും വേഗം ആരംഭിക്കുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചൈനീസ് ബൈക്ക് നിര്‍മാതാക്കളായ ക്വിയാന്‍ജാംഗ് മോട്ടോര്‍സൈക്കിളുമായി ചേര്‍ന്നാണ് ‘കുഞ്ഞന്‍ ഹാര്‍ലി’ നിര്‍മിക്കുന്നത്. മോട്ടോര്‍സൈക്കിളിന്റെ പുതിയ രൂപകല്‍പ്പന സംബന്ധിച്ച് ഇരു കമ്പനികളുടെയും പ്രതിനിധികള്‍ ഒപ്പുവെച്ചു. മോട്ടോര്‍സൈക്കിളിന്റെ ചില രേഖാചിത്രങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. കുഞ്ഞന്‍ ഹാര്‍ലിയെ എച്ച്ഡി 350 എന്ന് വിളിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഒപ്പിടല്‍ ചടങ്ങില്‍ എച്ച്ഡി 350 പ്രോജക്റ്റ് എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്.

ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ബെനല്ലിയുടെ മാതൃ കമ്പനിയാണ് ക്വിയാന്‍ജാംഗ്. അതുകൊണ്ടുതന്നെ പുതുതായി വികസിപ്പിക്കുന്ന ബെനല്ലിയുടെ 338 സിസി പാരലല്‍ ട്വിന്‍ എന്‍ജിനായിരിക്കും എക്കാലത്തെയും ഏറ്റവും ചെറിയ ഹാര്‍ലി മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ചൈനയില്‍ ബെനല്ലി മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കുന്നത് ക്വിയാന്‍ജാംഗ് ആണ്.

ബെനല്ലി 302എസ് ഉപയോഗിക്കുന്ന 300 സിസി എന്‍ജിന്റെ 45.2 എംഎം സ്‌ട്രോക്കും ബെനല്ലി ടിആര്‍കെ 502, ബെനല്ലി ലിയോണ്‍ചിനോ 500 ബൈക്കുകള്‍ക്ക് കരുത്തേകുന്ന 500 സിസി എന്‍ജിന്റെ 69 എംഎം ബോറും പുതിയ എന്‍ജിനായി സ്വീകരിക്കും. പുതുതായി വികസിപ്പിക്കുന്ന എന്‍ജിന്‍ ബെനല്ലിയും ഉപയോഗിക്കും. ബെനല്ലി 302എസ് മോട്ടോര്‍സൈക്കിളിന് പകരം പുതിയ എന്‍ജിന്‍ കരുത്തേകുന്ന ബെനല്ലി 350എസ് വിപണിയിലെത്തിക്കും.

2020 അവസാനത്തോടെ ചൈനീസ് വിപണിയിലും 2021 ല്‍ ഇന്ത്യയിലും കുഞ്ഞന്‍ ഹാര്‍ലി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഹാര്‍ലിയാണ് സ്ട്രീറ്റ് 750. ഈ മോട്ടോര്‍സൈക്കിളിന് 5.34 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പുതിയ മോട്ടോര്‍സൈക്കിളിന് മൂന്ന്-മൂന്നര ലക്ഷം രൂപ വില പ്രതീക്ഷിക്കാം. കുഞ്ഞന്‍ ഹാര്‍ലി റോയല്‍ എന്‍ഫീല്‍ഡിന് കനത്ത വെല്ലുവിളി ഉയര്‍ത്തും. ഏഷ്യന്‍ വിപണികള്‍ക്കുവേണ്ടിയാണ് പുതിയ ഹാര്‍ലി നിര്‍മിക്കുന്നതെങ്കിലും ഒരുപക്ഷേ മാതൃരാജ്യമായ അമേരിക്കയിലും വില്‍പ്പന നടത്തിയേക്കും.

Comments

comments

Categories: Auto