ജിഎസ്ടി നിരക്ക് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് ധനമന്ത്രി

ജിഎസ്ടി നിരക്ക് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് ധനമന്ത്രി

സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഫലം കണ്ടുതുടങ്ങിയെന്ന് കേന്ദ്ര സര്‍ക്കാര്‍

എന്റെ ഓഫീസൊഴികെ എല്ലായിടത്തും ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജിഎസ്ടി കൗണ്‍സില്‍ യോഗവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇതുവരെ ധനമന്ത്രാലയവുമായി നടത്തിയിട്ടില്ല

-നിര്‍മല സീതാരാമന്‍

ന്യൂഡെല്‍ഹി: സാമ്പത്തിക വിഷയങ്ങളില്‍ ആവശ്യമായ സമയത്ത് സര്‍ക്കാര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഒരു ചര്‍ച്ചകളും നടന്നിട്ടില്ലെന്നും ധനമന്ത്രി ഡെല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ജിഎസ്ടി നിരക്ക് ഉയര്‍ത്തുന്നത് പോലെയുള്ള ചര്‍ച്ചകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ചോ പുനപരിശോധിക്കുന്നത് സംബന്ധിച്ചോ ഒരു ശുപാര്‍ശയും നല്‍കിയിട്ടില്ലെന്നും നിര്‍മല പറഞ്ഞു. അതേസമയം നിരക്കുകളില്‍ മാറ്റം വരില്ലെന്ന് പറയാനും ധനമന്ത്രി തയാറായില്ല. ഈ മാസം 18 ന് ചേരുന്ന ജിഎസ്ടി യോഗത്തില്‍ നിരക്ക് വര്‍ധന ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തു വന്നിരുന്നത്.

സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ ശ്രമങ്ങള്‍ വിജയം കാണാനാരംഭിച്ചിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ പറഞ്ഞു. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക വിഷയങ്ങളിലും വിവിധ വ്യവസായ മേഖലകളുടെ കര്യത്തിലും ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിവരികയാണെന്ന് ധനമന്ത്രിയും പറഞ്ഞു. ‘ഇതുവരെ ഇടപെടല്‍ ആവശ്യപ്പെട്ട മേഖലകള്‍ക്കെല്ലാം വേണ്ടി ഞങ്ങള്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. മേഖലകളുടെ പ്രതീക്ഷക്കൊത്ത് അത് ഉയരുന്നുണ്ടോയെന്ന് അറിയാന്‍ എനിക്കും താല്‍പ്പര്യമുണ്ട്. കൂടുതല്‍ നടപടികള്‍ ആവശ്യമാണോ എന്നറിയണം,’ ധനമന്ത്രി പറഞ്ഞു.

ഉള്ളി ഇറക്കുമതി സര്‍ക്കാര്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും വില കുറയുന്നതായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ വരാനാരംഭിച്ചെന്നും നിര്‍മല പറഞ്ഞു. നടപ്പ് വര്‍ഷം പ്രത്യക് പരോക്ഷ നികുതികളില്‍ 1.57 ലക്ഷം കോടി രൂപ മടക്കി നല്‍കിയെന്നും കഴിഞ്ഞ വര്‍ഷം 1.23 ലക്ഷം കോടിയായിരുന്നു റീഫണ്ടെന്നും റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ അറിയിച്ചു.

Categories: FK News, Slider