കേരളത്തിന്റെ പാരമ്പര്യവും കലയും ഇവിടെ സുരക്ഷിതം

കേരളത്തിന്റെ പാരമ്പര്യവും കലയും ഇവിടെ സുരക്ഷിതം

പൈതൃക നഗരമായ ഫോര്‍ട്ട് കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സാംസ്‌കാരിക കേന്ദ്രമാണ് ഗ്രീനിക്സ് വില്ലേജ്. കേരളത്തിന്റെ സംസ്‌കാരത്തിന്റെയും വര്‍ണ്ണാഭമായ ചരിത്രത്തിന്റെയും വൈവിധ്യമാര്‍ന്ന സവിശേഷതകള്‍ അഭിമാനപൂര്‍വ്വം ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമാണ് ഇത് സ്ഥാപിക്കപ്പെട്ടത്. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിലെ ഒരു വ്യത്യസ്ത ആശയമാണ് ഗ്രീനിക്സ് വില്ലേജ്. കേരളത്തിന്റെ സമ്പന്നമായ പൈതൃകം പര്യവേഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഗ്രീനിക്സ് വില്ലേജ് സന്ദര്‍ശിക്കുക

ലോകത്തിന്റെയും ഇന്ത്യയുടേയും പല ഭാഗത്തു നിന്നും എത്തുന്ന സഞ്ചാരികള്‍ക്ക് കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യമാണ് ഗ്രീനിക്സ് വില്ലേജ് പരിചയപ്പെടുത്തുന്നത്. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം തുടങ്ങി നിരവധി കേരളീയ കലാരൂപങ്ങളെ പ്രദര്‍ശിപ്പിക്കുന്ന രണ്ട് വലിയ തിയേറ്ററുകളാണ് സാംസ്‌കാരിക കേന്ദ്രത്തിലുള്ളത്. കളരിപയറ്റ് പരിശീലന കേന്ദ്രം, സാംസ്‌കാരിക മ്യൂസിയം, ആര്‍ട്ട് ഗ്യാലറി, റെസ്റ്റോറന്റ്, സുഗന്ധവ്യഞ്ജന ഷോപ്പ്, സുവനീര്‍ ഷോപ്പ്, ആയുര്‍വേദ സ്പാ, ഡെന്റല്‍ സ്പാ, യോഗ സെന്റര്‍ എന്നിവയും ഗ്രീനിക്സ് വില്ലേജില്‍ പ്രവര്‍ത്തിക്കുന്നു.

രണ്ടു തിയേറ്ററുകള്‍ ഇവിടെയുണ്ട്. ഒരു തിയേറ്ററില്‍ കളരിപ്പയറ്റും (വൈകുനേരം നാലുമണി മുതല്‍ അഞ്ചു മണി വരെ) മറ്റേ തിയേറ്ററില്‍ കഥകളി ചമയവും ( വൈകുനേരം അഞ്ചു മണി മുതല്‍ ആറ് മണി വരെ) കഥകളി പ്രകടനവും (വൈകുനേരം ആറ് മണി മുതല്‍ ഏഴ് മണി വരെ) കാണിക്കുന്നു. കേരളത്തിന്റെ പ്രത്യേക നൃത്ത രൂപം കാണാന്‍ താല്‍പ്പര്യമുള്ള ഗ്രൂപ്പുകള്‍ക്കായി പ്രത്യേക നൃത്ത പ്രകടനങ്ങള്‍ മിനി തീയേറ്ററില്‍ സംഘടിപ്പിക്കുന്നു. ഗ്രീനിക്സ് വില്ലേജിലെ കള്‍ച്ചറല്‍ മ്യൂസിയത്തില്‍ കേരളീയ കലാരൂപങ്ങള്‍ ശില്‍പരൂപത്തില്‍ കാണാന്‍ സാധിക്കും. കൂടാതെ വാദ്യോപകരങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മ്യൂസിയത്തിന്റെ മധ്യഭാഗത്ത്, കേരളത്തിലെ ജലോത്സവങ്ങളെ ഓര്‍മ്മിക്കുന്ന തരത്തിലുള്ള വലിയൊകു ചുണ്ടന്‍വള്ളം നിങ്ങള്‍ക്ക് കാണാം. രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ മ്യൂസിയത്തില്‍ സന്ദര്‍ശിക്കാവുന്നതാണ്.

ആര്‍ട്ട് ഗാലറിയില്‍ ഒരു ചെറിയ ഭക്ഷണ ശാലയുണ്ട്. കേരളത്തിന്റെ രുചികളും വിഭവങ്ങളും ഇവിടെ ലഭ്യമാണ്. ക്യൂറിയോ ഷോപ്പില്‍ ചൈനീസ് ഫിഷിംഗ് നെറ്റുകളുടെ മിനിയേച്ചര്‍ രൂപങ്ങള്‍, വര്‍ണ്ണാഭമായ നെറ്റിപ്പട്ടം ധരിച്ച ആനകളുടെ ചന്ദന പ്രതിമകള്‍, ജ്വല്ലറി ബോക്സുകള്‍, നിരവധി സുവനീറുകള്‍ എന്നിവ വില്‍ക്കുന്നു. കേരളത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും കുറിച്ചുള്ള ധാരാളം പുസ്തകങ്ങളുടെയും സിഡികളുടെയും ശേഖരം ഇവിടുത്തെ പുസ്തകക്കടയിലുണ്ട്. കേരള സംസ്ഥാന ടൂറിസം വകുപ്പില്‍ നിന്ന് ‘ദി ബെസ്റ്റ് ഇന്നൊവേറ്റീവ് പ്രൊജക്റ്റ്’ അവാര്‍ഡ് ഗ്രീനിക്സ് വില്ലേജ് കരസ്ഥമാക്കിയിട്ടുണ്ട്.

വളര്‍ച്ചയുടെ പാതയില്‍

2006ല്‍ ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജിംഗ് ഡയറക്ടറായ എന്‍ എ മുഹമ്മദ്ക്കുട്ടിയാണ് ഗ്രീനിക്സ് വില്ലേജ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ കണ്‍സള്‍ട്ടന്റ് ആയിരുന്നു നിലവിലെ മാനേജിംഗ് ഡയറക്ടര്‍ ആയ സരിത ബാബു. പിന്നീട് എന്‍ എ മുഹമ്മദ്ക്കുട്ടി ഗ്രീനിക്സ് വില്ലേജ് വില്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് സരിതയും സുഹൃത്തുക്കളും ഗ്രീനിക്സ് വില്ലേജ് വാങ്ങാന്‍ പദ്ധതിയിട്ടത്. മൂന്ന് വര്‍ഷം മുന്‍പാണ് സരിതയും സുഹൃത്തുക്കളും ഇത് സ്വന്തമാക്കിയത്.

‘ഗ്രീനിക്സ് വില്ലേജിന്റെ വളര്‍ച്ച മന്ദഗതിയില്‍ ആണ് നടക്കുന്നത്. തുടക്കം മുതലേ ഗ്രീനിക്സ് വില്ലേജില്‍ പ്രവര്‍ത്തിച്ച് അനുഭവമുള്ളതിനാല്‍ കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിയാമായിരുന്നു. ഞങ്ങള്‍ ഇവിടെ വില്‍ക്കുന്നത് ഉല്‍പ്പനങ്ങളല്ല, ആളുകളുടെ മനസിലെ ആഗ്രഹങ്ങള്‍ രൂപപ്പെടുത്തി അതൊരു സേവനമാക്കുകയാണ് ഗ്രീനിക്സ് വില്ലേജ്. ഗ്രീനിക്സ് വില്ലേജ് ഏറ്റെടുക്കുന്ന ജോലികള്‍ കൃത്യ സമയത് തന്നെ ചെയ്ത് നല്‍കുന്നതാണ് ഞങ്ങളുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം’ മാനേജിംഗ് ഡയറക്ടര്‍ സരിത ബാബു പറയുന്നു.

‘ഏറ്റവും കൂടുതല്‍ വിനോദവും സാധ്യതകളും നിറഞ്ഞ ഒരു സ്ഥലമാണ് കൊച്ചി. എന്നാല്‍ ഇതിന് പിന്തുണ നല്‍കാന്‍ ആരുമില്ല. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സഹായവും പിന്തുണയും ലഭിച്ചാല്‍ കൊച്ചിയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും,’ സരിത പറയുന്നു.

മുളവക്കാട് സ്വദേശിയാണ് ഗ്രീനിക്സ് വില്ലേജ് ഡയറക്ടര്‍ ഓപ്പറേഷന്‍സ് ആയ സ്റ്റാലിന്‍ ബെന്നി. ജീവിതത്തില്‍ നിറയെ ഏറ്റക്കുറച്ചിലുകളും പല വ്യവസായങ്ങളും ചെയ്ത പരിചയസമ്പന്നനായ വ്യക്തിയാണ് അദ്ദേഹം. ‘ഞാനും എന്റെ സുഹൃത്തുകളും ചേര്‍ന്നാണ് ഗ്രീനിക്സ് വില്ലേജ് ഏറ്റെടുക്കുന്നത്. സരിത തുടക്കം മുതലേ ഗ്രീനിക്സിന് ഒപ്പം ഉണ്ടായിരുന്നു. തുടക്കം ഇതില്‍ നിക്ഷേപം നടത്തിയെങ്കിലും കുറച്ചു നാള്‍ കാര്യമായ ശ്രദ്ധ നല്‍കിയില്ല. പിന്നീട് സാമ്പത്തിക പ്രതിസന്ധി കാരണം ഒരു ഒളിച്ചോട്ടം പോലെയാണ് ഇതിലേക്ക് കടക്കുന്നത്,’ സ്റ്റാലിന്‍ പറയുന്നു. എന്നാല്‍, ഇന്ന് ഗ്രീനിക്സ് വില്ലേജിനെ ഈ നിലയിലേക്ക് ഉയര്‍ത്താന്‍ ഒരു പ്രധാന പങ്ക് സ്റ്റാലിന്‍ വഹിച്ചിട്ടുണ്ട്.

‘കളരിപയറ്റ്, കഥകളി പോലുള്ള കലാരൂപം കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി എല്ലാ ദിവസവും മുടങ്ങാതെ സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചി കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കൊച്ചിയുടെ സ്മാരകങ്ങളും സ്ഥലങ്ങളും കണ്ട് ആസ്വദിക്കുന്നതിനോടൊപ്പം തന്നെ കേരളത്തിന്റെ കലാരൂപങ്ങള്‍ കാണാനായിട്ടുള്ള അവസരമാണ് ഗ്രീനിക്സ് ഒരുക്കി കൊടുക്കുന്നത്. അന്യംനിന്ന് പോകുന്ന നമ്മുടെ കലാരൂപങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്,’ സ്റ്റാലിന്‍ പറയുന്നു.

ഗ്രാമീണ ടൂറിസത്തിനായി പെപ്പര്‍ ഐലന്‍ഡ്

ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രീനിക്സ് വില്ലേജും ടൂറിസം വകുപ്പും ചേര്‍ന്ന് മുളവക്കാടിലെ പെപ്പര്‍ ദ്വീപില്‍ ഒരു പുതിയ പദ്ധതി ആരംഭിച്ചു. മത്സ്യബന്ധനം, പരമ്പരാഗത ഗെയിമുകളായ വടംവലി, കസേരകളി, തേങ്ങാ പൊതിക്കുന്നത്, പരമ്പരാഗത കുക്കറി ഷോകള്‍ എന്നിവ ഇവിടെ വന്നാല്‍ ആസ്വദിക്കാം. 25 വര്‍ഷം മുന്‍പുള്ള കേരളം നിങ്ങള്‍ക്ക് ഇവിടെ വന്നാല്‍ കാണാം. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്, വിവാഹനിശ്ചയം, കുടുംബവുമായി ചെറിയ ഒത്തുചേരല്‍ എന്നിവ ഇവിടെ സംഘടിപ്പിക്കുന്നു. ഈ ദ്വീപിലേക്ക് ഫെറി വഴി എളുപ്പത്തില്‍ എത്താം.

‘ഗ്രീനിക്സ് സ്ഥിതി ചെയ്യുന്ന നാലര കിലോമീറ്റര്‍ ചുറ്റളവില്‍ 33 സമുദായങ്ങളും 16 ഭാഷകള്‍ സംസാരിക്കുന്ന ആളുകളുമാണ് നിലവിലുള്ളത്. 16 ഭാഷകള്‍ സംസാരിക്കുന്ന 16 വീടുകളുമായി ഗ്രീനിക്സ് കൈകോര്‍ത്തിട്ടുണ്ട്. ഇവിടെ വരുന്ന സഞ്ചാരികളെ ഞങ്ങള്‍ ആ വീടുകളിലെക്ക് കൊണ്ടു പോകും. ഉദാഹരണത്തിന് സസ്യഭുക്കായ ഒരാളാണ് പുറത്തു നിന്നും വരുന്നതെങ്കില്‍ അദ്ദേഹത്തെ ബ്രാഹ്മണ വീടുകളില്‍ കൊണ്ടുപോകും. അതുപോലെ മുസ്ലിം സമുദായത്തില്‍പ്പെട്ട സഞ്ചാരികളെ മുസ്ലിം കുടുംബത്തിലേക്ക് കൊണ്ടു പോകും. അങ്ങനെ വ്യത്യസ്ത സംസ്‌കാരങ്ങള്‍ പരിചയപ്പെടാന്‍ സഞ്ചാരികളെ സഹായിക്കും,’ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാന സാധ്യതയുള്ളത് ടൂറിസത്തിനാണ്. കേരളം പോലെ പരിസ്ഥിതിലോലമായ പ്രദേശത്ത് ടൂറിസത്തിന് വലിയൊരു സാധ്യതയാണ് ഉള്ളത്. നമ്മുടെ പരിസ്ഥിതിക്ക് ദോഷം ഉണ്ടാകാതെ പഴയ രീതിയില്‍ തന്നെ കേരളത്തെ നിലനിര്‍ത്തിയാല്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുക മാത്രമല്ല ശരിക്കും ദൈവത്തിന്റെ സ്വന്തം നാടായി കേരളം മാറും,’ സ്റ്റാലിന്‍ പറയുന്നു.

ഒക്ടോബറില്‍ നടന്ന എച്ച്പിഎംഎഫ് (ഹോസ്പിറ്റാലിറ്റി പര്‍ച്ചേസിംഗ് മാനേജേര്‍സ് ഫോറം) ന്റെ ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച നടന്ന പരിപാടികള്‍ ഗ്രീനിക്സ് വില്ലേജ് ആണ് സംഘടിപ്പിച്ചത്. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള 400 പ്രതിനിധികളാണ് എത്തിയിരുന്നത്. ‘കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസ്’ റെയില്‍വേ സ്റ്റേഷനില്‍ ഇവര്‍ക്കായി അത്യുഗ്രന്‍ പരിപാടികളാണ് ഗ്രീനിക്സ് വില്ലേജ് സംഘടിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു റെയില്‍വേ സ്റ്റേഷന്‍, സ്വകാര്യ ചടങ്ങിനായി വിട്ട് നല്‍കിയത്. റെയില്‍വേ തീമിലുള്ള അത്താഴവിരുന്നാണ് സംഘാടകര്‍ ഒരുക്കിയത്. സ്റ്റേഷന്റെ പൗരാണികഭംഗി അതേപോലെ നിലനിര്‍ത്തി, ഒരു റെയില്‍വേ സ്റ്റേഷന്റെ എല്ലാ കാഴ്ചകളും അനുഭവിക്കാന്‍ കഴിയുന്ന വിധത്തിലായിരുന്നു സംവിധാനം. തീവണ്ടിയിലെപ്പോലെ ട്രോളികളില്‍ ഭക്ഷണ വിതരണം, പോര്‍ട്ടര്‍മാരുടെ സേവനം ഇതൊക്കെ ഇവിടെ ഒരുക്കിയിരുന്നു. കൂടാതെ, ട്രെയിന്‍ അനൗണ്‍സ്‌മെന്റുകള്‍ ഇടയ്ക്കിടെ വന്നു കൊണ്ടിരുന്നു. ബുക്ക് സ്റ്റാളുകള്‍, ഭക്ഷണവിതരണ കേന്ദ്രങ്ങള്‍ എന്നിവയൊക്കെ ഒരുക്കി. അതിഥികളെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നത് ഓട്ടോറിക്ഷകളിലായിരുന്നു.

‘റെയില്‍വേയുമായി സഹകരിക്കാന്‍ പറ്റിയത് ഒരു പുതിയ തുടക്കമായിരുന്നു. കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍ ട്രെയിന്‍ സര്‍വീസില്ലാത്തതിനാല്‍ കാടു കയറി നശിക്കുകയായിരുന്നു. സ്റ്റേഷന്‍ പുനര്‍ജീവിപ്പിക്കാനുളള ശ്രമങ്ങളുടെ ഭാഗമായാണു ഞങ്ങള്‍ അത് ഏറ്റെടുത്തത്. റെയില്‍വേയ്ക്ക് വരുമാനം ലഭിക്കാന്‍ ഇത് സഹായിച്ചു’ സരിത കൂട്ടിച്ചേര്‍ത്തു.

‘സണ്‍സെറ്റ് ഇന്‍ ട്രെയിന്‍’ എന്നൊരു പുതിയ പ്രൊജക്റ്റ് ആലോചനയിലുണ്ട്. റയില്‍വേയുമായി സഹകരിച്ചായിരിക്കും ഇത് നടത്തുക, വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നിന്നും തുടങ്ങി ഇടപ്പള്ളി വഴി വല്ലാര്‍പ്പാടം വഴി തിരിച്ചു ഐലന്‍ഡില്‍ എത്തുന്ന രീതിയിലായിരിക്കും പുതിയ പദ്ധതി ഒരുക്കുന്നത്. ഈ ഗ്ലാസ് ട്രെയിനില്‍ 500 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം,’ സ്റ്റാലിന്‍ പറയുന്നു. അരുണ്‍ പ്രസാദും ഷബീറുമാണ് ഗ്രീനിക്സ് വില്ലേജിലെ മറ്റു ഡയറക്ടര്‍മാര്‍.

Categories: FK Special, Slider