വോട്ട് ബ്രക്‌സിറ്റിന് വിജയം ജോണ്‍സന്

വോട്ട് ബ്രക്‌സിറ്റിന് വിജയം ജോണ്‍സന്
  • ജനുവരി 31 ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരുമെന്ന് ജോണ്‍സന്‍
  • ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 364 സീറ്റുകള്‍ നേടി ടോറികളുടെ ഉജ്വല വിജയം
  • 1935 ന് ശേഷം ഏറ്റവും വലിയ തോല്‍വി രുചിച്ച് ലേബര്‍ പാര്‍ട്ടി; 59 സീറ്റുകള്‍ നഷ്ടപ്പെട്ടു

ജനുവരി 31 ഓടെ ബ്രക്‌സിറ്റ് ഞങ്ങള്‍ നടപ്പാക്കും. അതിന്‍മേലിനി പക്ഷേ, എന്നാലും, ചിലപ്പോള്‍… എന്നീ വാക്കുകള്‍ ഉണ്ടാവില്ല

-ബോറിസ് ജോണ്‍സന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രെക്‌സിറ്റ് (യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള യുകെയുടെ പുറത്തുകടക്കല്‍) നടപ്പാക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വലതുപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വമ്പന്‍ വിജയം. പുതിയ അഭിപ്രായ വോട്ടെടുപ്പും യൂറോപ്യന്‍ യൂണിയനുമായി പുതിയ ചര്‍ച്ചകളും പ്രഖ്യാപിച്ച മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ കോട്ടകളിലും കടന്നുകയറിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിജയം. 650 സീറ്റുകളുള്ള ഹൗസ് ഓഫ് കോമണ്‍സ് എന്നറിയപ്പെടുന്ന പാര്‍ലമെന്റിന്റെ ജനപ്രതിധി സഭയിലെ 364 സീറ്റുകള്‍ ബോറിസ് ജോണ്‍സന്റെ പാര്‍ട്ടി നേടി. മധ്യ-ഇടത് നയങ്ങള്‍ പിന്തുടരുന്ന ലേബര്‍ പാര്‍ട്ടി 203 സീറ്റുകളിലേക്ക് ഒതുങ്ങി. കണ്‍സര്‍വേറ്റീവുകള്‍ക്ക് 47 സീറ്റുകള്‍ വര്‍ധിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 59 സീറ്റുകള്‍ നഷ്ടമായി. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്ക് 48 സീറ്റുകളും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 11 സീറ്റുകളും ലഭിച്ചു.

അടിയന്തരമായി ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജനവിധിയെ പ്രധാനമന്ത്രി ജോണ്‍സന്‍ സ്വാഗതം ചെയ്തത്. ജനുവരി 31 ന് തന്നെ ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പടിയിറങ്ങുമെന്നും ഈ വിഷയത്തില്‍ ഇനി ചോദ്യങ്ങളൊന്നും ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രെക്‌സിറ്റ് നടപടികള്‍ വേഗത്തിലാക്കാന്‍ ബോറിസ് ജോണ്‍സണ് പൂര്‍ണ അധികാരം നല്‍കുന്നതാണ് ജനവിധി. 2016 ല്‍ നടന്ന ജനഹിത പരിശോധനയിലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ജനങ്ങള്‍ അഭിപ്രായം പ്രകടിപ്പിച്ചത്. 51.89% ജനത ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ തെരേസാ മേയും ശേഷം വന്ന ബോറിസ് ജോണ്‍സണും തയാറാക്കിയ ഉടമ്പടികളൊന്നും ടോറികള്‍ക്ക് ഭൂരിപക്ഷമില്ലാത്ത പാര്‍ലമെന്റ് അംഗീകരിക്കാതായതോടെ ബ്രെക്‌സിറ്റ് നീണ്ടുപോയി. ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ രാഷ്ട്രീയ സ്ഥിരതയും ഭൂരിപക്ഷവും ആവശ്യപ്പെട്ട്, പാര്‍ലമെന്റ് പിരിച്ചുവിട്ട് ജനവിധി തേടിയിറങ്ങിയ ജോണ്‍സന്റെ ചൂതാട്ടം ഒടുവില്‍ വിജയം കണ്ടു. സുപ്രധാന സേവനങ്ങളുടെ ദേശസാല്‍ക്കരണവും, ധനികരില്‍നിന്ന് കൂടുതല്‍ നികുതി ഈടാക്കുന്നതുമടക്കമുള്ള ഇടതുപക്ഷ പ്രകടന പത്രികയുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ജെറെമി കോര്‍ബിന് അപ്രതീക്ഷിത തിരിച്ചടിയാണിത്. പ്രധാനമന്ത്രി സ്ഥാനത്ത് ജോണ്‍സണ്‍ തുടരുമെന്ന് ഉറപ്പായതോടെ ബ്രിട്ടീഷ് നാണയമായ പൗണ്ട് സ്റ്റെര്‍ലിംഗിന്റെ മൂല്യം ഡോളറിനെതിരെ രണ്ടു ശതമാനവും, യൂറോക്കെതിരെ 1.6 ശതമാനവും ഉയര്‍ന്നു.

പാര്‍ട്ടി സീറ്റുകള്‍

കണ്‍സര്‍വേറ്റീവ് 364(+47)

ലേബര്‍ 203(-59)

സ്‌കോട്ടിഷ് നാഷണല്‍ 48(+13)

ലിബറല്‍ ഡെമോക്രാറ്റ് 11(-1)

മറ്റുള്ളവര്‍ 15(+2)

നേട്ടമുണ്ടാക്കി ഇന്ത്യക്കാര്‍

കഴിഞ്ഞ സഭയിലെ അംഗങ്ങളായ എല്ലാ ഇന്ത്യന്‍ വംശജരും സ്വന്തം സീറ്റുകള്‍ നിലനിര്‍ത്തി. പുതിയതായി മൂന്ന് സീറ്റുകളില്‍ കൂടി ഇന്ത്യന്‍ വംശജര്‍ വിജയക്കൊടി പാറിച്ചു. വിതാം സീറ്റീല്‍ 24,082 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച മുന്‍ ആഭ്യന്തര സെക്രട്ടറിയും കണ്‍സര്‍വേറ്റീവ് അംഗവുമായ പ്രീതി പട്ടേല്‍ ഇത്തവണയും ജോണ്‍സന്‍ മന്ത്രിസഭയുടെ ഭാഗമായേക്കും. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ റിഷി സുനക് 27,210 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ അന്താരാഷ്ട്ര വികസന മന്ത്രി അലോക് ശര്‍മ, ശൈലേഷ് വാര, സുവേല്ല ബ്രവേര്‍മാന്‍, ഗഗന്‍ മൊഹിന്ദ്രോ, ക്ലെയര്‍ കുട്ടീഞ്ഞോ എന്നിവരും ടോറികള്‍ക്കായി വിജയം നേടി. നവേന്ദ്രു മിശ്ര (സ്റ്റോക്‌പോര്‍ട്ട് സീറ്റ്), ആദ്യ ബ്രിട്ടീഷ്-സിഖ് എംപിയാ പ്രീത് കുമാര്‍ ഗില്‍, തന്‍മന്‍ജീത് സിംഗ് ദേസി, വീരേന്ദ്ര ശര്‍മ, ലിസ നന്ദി, സീമ മല്‍ഹോത്ര, വിവാദത്തില്‍ പെട്ട് രാജിവെച്ച കീത്ത് വാസിന്റെ സഹോദരി വലേറി വാസ് എന്നിവരാണ് ലേബര്‍ പാര്‍ട്ടിക്കായി വിജയം നേടിയത്.

Categories: FK News, Slider