അമൃത ഹാര്‍ട്ട് കോണ്‍ക്ലേവ് 14ന്

അമൃത ഹാര്‍ട്ട് കോണ്‍ക്ലേവ് 14ന്

അഞ്ചാമത് അമൃത ഹാര്‍ട്ട് കോണ്‍ക്ലേവ് ഡിസംബര്‍ 14, 15 തീയതികളില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടക്കും. കാര്‍ഡിയോവാസ്‌കുലാര്‍ ആന്റ് തൊറാസിക് സര്‍ജറി വിഭാഗം സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്റെ മുഖ്യവിഷയം എന്‍ഡോസ്‌കോപ്പിക് മിത്രല്‍ വാല്‍വ് റിപ്പയര്‍ ആണ്. ജര്‍മ്മനിയില്‍നിന്നുള്ള ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. പാട്രിക് പെരീര്‍ അടക്കം നൂറിലധികം ശസ്ത്രക്രിയാ വിദഗ്ധര്‍ പങ്കെടുക്കും. മിനിമലി ഇന്‍വേസീവ് മിത്രല്‍ വാല്‍വ് റിപ്പയറിലെ പുതിയ സാങ്കേതികവിദ്യകളും മികവുകളും പരിചയപ്പെടുത്തുന്നതിനാണ് കോണ്‍ക്ലേവ് ലക്ഷ്യമിടുന്നത്.

മിത്രല്‍ വാല്‍വിനായുള്ള പുതിയ സാങ്കേതികവിദ്യ കഴിഞ്ഞ കുറെ വര്‍ഷമായി ഇന്ത്യയിലെ ഏതാനും കേന്ദ്രങ്ങളില്‍ മാത്രമാണ് ലഭ്യം. ഹൃദയത്തിന്റെ മുകള്‍ത്തട്ടിലെ ഇടത്തെ അറയെ താഴത്തെ അറയുമായി വേര്‍തിരിക്കുന്നതാണ് മിത്രല്‍ വാല്‍വ്. രക്തത്തിന്റെ ഒഴുക്ക് ഒരു വശത്തേയ്ക്കു മാത്രമായി നിയന്ത്രിക്കുകയെന്നതാണ് ഈ വാല്‍വിന്റെ ധര്‍മ്മം. ചില രോഗികളില്‍ ഈ വാല്‍വ് പ്രവര്‍ത്തനക്ഷമമല്ലാതിരിക്കുകയും ചോര്‍ച്ചയുണ്ടാവുകയും ചെയ്യുമ്പോള്‍ ശ്വാസംമുട്ടല്‍, വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയ ലക്ഷണങ്ങളുണ്ടാവാം. ഇത്തരം സാഹചര്യത്തില്‍ മരുന്ന് ഫലപ്രദമല്ലെങ്കില്‍ മിത്രല്‍ വാല്‍വിന് അറ്റകുറ്റപ്പണികള്‍ ആവശ്യമായി വന്നേക്കാം. മിത്രല്‍ വാല്‍വിലെ ചോര്‍ച്ച പരിഹരിക്കുന്നതിന് ശസ്ത്രക്രിയയിലൂടെ കൃത്രിമ വാല്‍വ് വച്ചുപിടിപ്പിക്കുന്നതായിരുന്നു രീതി. എന്നാല്‍, വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കൃത്രിമ വാല്‍വ് തകരാറിലാകുന്നതിനും വാല്‍വ് മാറ്റി വയ്ക്കുമ്പോള്‍ കുഴപ്പങ്ങളുണ്ടാകാനുമുള്ള സാധ്യത നിലനില്‍ക്കുന്നു. ഇത് രോഗിയുടെ ജീവിതദൈര്‍ഘ്യം കുറയാനിടയാക്കുന്നു. മാറ്റിവയ്ക്കാതെ അറ്റകുറ്റപ്പണിയിലൂടെ രോഗിയുടെ സ്വന്തം വാല്‍വ് നിലനിര്‍ത്തുന്നതിനാല്‍ രക്തം കട്ടപിടിക്കുന്നത് തടയുന്നതിന് മറ്റ് മരുന്നുകള്‍ നല്‍കേണ്ടി വരുന്നില്ല. ഇവര്‍ക്ക് മാറ്റിവയ്ക്കുന്നവരെ അപേക്ഷിച്ച് സാധാരണരീതിയിലുള്ള ജീവിതദൈര്‍ഘ്യമുണ്ട് എന്ന മെച്ചവുമുണ്ട്. നിലവിലുള്ള ഹൃദയം തുറന്നു വെച്ചുള്ള ശസ്ത്രക്രിയയേക്കാള്‍ അറ്റകുറ്റപ്പണിക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ മതിയാവും. ചെറിയ മുറിവുണ്ടാക്കി ത്രീഡി കാമറ ഉപയോഗിച്ചാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. രോഗി വളരെ വേഗം സുഖം പ്രാപിക്കും എന്നതിനു പുറമെ സൗന്ദര്യത്തിന് ഭംഗം വരുത്തുന്ന വലിയ മുറിവുകളുടെ പാടുകള്‍ ഇല്ലാതാകുന്നുവെന്ന മെച്ചവുമുണ്ട്.

Comments

comments

Categories: Health