50,000 യൂണിറ്റ് വില്‍പ്പന താണ്ടി മാരുതി സുസുകി സൂപ്പര്‍ കാരി

50,000 യൂണിറ്റ് വില്‍പ്പന താണ്ടി മാരുതി സുസുകി സൂപ്പര്‍ കാരി

വിപണിയില്‍ പുറത്തിറക്കി മൂന്ന് വര്‍ഷമെന്ന ചുരുങ്ങിയ കാലയളവിലാണ് ഈ നേട്ടം

ന്യൂഡെല്‍ഹി: മാരുതി സുസുകിയുടെ ലഘു വാണിജ്യ വാഹനമായ (എല്‍സിവി) സൂപ്പര്‍ കാരിയുടെ വില്‍പ്പന 50,000 യൂണിറ്റ് പിന്നിട്ടു. വിപണിയില്‍ പുറത്തിറക്കി മൂന്ന് വര്‍ഷമെന്ന ചുരുങ്ങിയ കാലയളവിലാണ് ഈ നേട്ടം. 2016 സെപ്റ്റംബറിലാണ് മാരുതി സുസുകി സൂപ്പര്‍ കാരി വിപണിയില്‍ അവതരിപ്പിച്ചത്. 2 ടണ്‍ ഭാരം വഹിക്കാന്‍ കഴിയുന്ന മിനി ട്രക്കുകളുടെ കൂട്ടത്തിലാണ് സൂപ്പര്‍ കാരിക്ക് സ്ഥാനം.

ഉപയോക്താക്കളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായി മാരുതി സുസുകി ഇന്ത്യ വിപണന വില്‍പ്പന വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം വികസിപ്പിച്ചതാണ് സൂപ്പര്‍ കാരിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഡ്രൈവറുടെ സുഖസൗകര്യങ്ങള്‍ക്കായി കാബിനില്‍ ചില ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നു. മൊബീല്‍ ചാര്‍ജിംഗ് സോക്കറ്റ്, ഡിജിറ്റല്‍ ക്ലോക്ക്, സ്റ്റീരിയോ എന്നിവ ഫീച്ചറുകളാണ്.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് മാരുതി സുസുകി സൂപ്പര്‍ കാരി ലഭിക്കുന്നത്. 793 സിസി, 2 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ 3,500 ആര്‍പിഎമ്മില്‍ 32 ബിഎച്ച്പി കരുത്തും 2,000 ആര്‍പിഎമ്മില്‍ 75 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1200 സിസി സിഎന്‍ജി എന്‍ജിന്‍ വേരിയന്റിലും മാരുതി സുസുകി സൂപ്പര്‍ കാരി ലഭിക്കും. 5 സ്പീഡ് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി നല്‍കുന്നു. 22.07 കിലോമീറ്ററാണ് ഇന്ധനക്ഷമത.

ടാറ്റ മോട്ടോഴ്‌സും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും മറ്റും ആധിപത്യം പുലര്‍ത്തുന്ന ലഘു വാണിജ്യ വാഹന സെഗ്‌മെന്റില്‍ ഒരുകൈ നോക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാരുതി സുസുകി സൂപ്പര്‍ കാരി അവതരിപ്പിച്ചത്. ആഭ്യന്തര വിപണിയിലെ വില്‍പ്പന കൂടാതെ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഫിലിപ്പീന്‍സ്, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മാരുതി സുസുകി സൂപ്പര്‍ കാരി കയറ്റുമതി ചെയ്യുന്നു.

Comments

comments

Categories: Auto
Tags: Super Carry