വൈദ്യുതിക്കായുള്ള കല്‍ക്കരി ഉപയോഗം കുറയുന്നു

വൈദ്യുതിക്കായുള്ള കല്‍ക്കരി ഉപയോഗം കുറയുന്നു

14 വര്‍ഷത്തിനിടെ ആദ്യമായാണ് വൈദ്യുതിക്കായി കല്‍ക്കരി ഉപയോഗിക്കുന്നത് കുറയുന്നത്

ആവശ്യകത കുറയുമ്പോള്‍ ഉപഭോക്താക്കള്‍ ഉയര്‍ന്ന വിലയുള്ള കല്‍ക്കരി പ്ലാന്റുകളെ ഉപേക്ഷിച്ച് ജല, ആണവ, പുനരുപയോഗ പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി കൂടുതലായി വാങ്ങും

-സംബിതോഷ് മൊഹാപാത്ര, പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സ് ഇന്ത്യ

ന്യൂഡെല്‍ഹി: കാര്‍ബണ്‍ മലിനീകരണം ഉണ്ടാക്കാത്ത സംശുദ്ധ ഊര്‍ജസ്രോതസുകളിലേക്ക് മാറാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് കരുത്ത് നല്‍കി കല്‍ക്കരി അനുബന്ധ വൈദ്യുതോല്‍പ്പാദനം കുറയുന്നു. പതിനാല് വര്‍ഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് വൈദ്യുതി ഉല്‍പ്പാദനത്തിനായുള്ള കല്‍ക്കരി ഉപയോഗത്തില്‍ കുറവ് ദൃശ്യമാകുന്നത്. വൈദ്യുതി ആവശ്യകതയില്‍ വന്ന കുറവും സോളാര്‍ അടക്കം സംശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ സ്രോതസുകളുടെ മുന്നേറ്റവുമാണ് കല്‍ക്കരിയുടെ ഉപയോഗം കുറച്ചിരിക്കുന്നത്.

നവംബറിലെ ഇടിവോടെ തുടര്‍ച്ചയായി നാലാം മാസവും കല്‍ക്കരി ഉപയോഗത്തില്‍ കുറവ് ദൃശ്യമായി. 2005 ന് ശേഷം ആദ്യമായാണ് ഇത്രയും മാസങ്ങള്‍ ഒരുമിച്ച് കല്‍ക്കരി ഉപയോഗം താഴുന്നതെന്ന് സര്‍ക്കാരിന്റെ പക്കലുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2018 നവംബര്‍ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തില്‍ കല്‍ക്കരി വൈദ്യുതി ഉല്‍പ്പാദനം 11% ഇടിഞ്ഞിട്ടുണ്ട്. 2018 നവംബറില്‍ ഇന്ത്യയിലെ കല്‍ക്കരി വൈദ്യുതി പ്ലാന്റുകള്‍ ശേഷിയുടെ 60.5% പ്രയോജനപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ഇത് 51.4% ആയി കുറഞ്ഞു.

മാന്ദ്യം മൂലം വ്യാവസായിക ഉല്‍പ്പാദനത്തില്‍ വന്ന കുറവ് വൈദ്യുതി ആവശ്യകതയേയും കുറച്ചിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന മഴ ലഭ്യതയ്ക്ക് ഈ നേട്ടത്തില്‍ പ്രധാന പങ്കുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ അണക്കെട്ടുകള്‍ നിറഞ്ഞത് ജലവൈദ്യുതോല്‍പ്പാദനം വര്‍ധിപ്പിച്ചു. മഴ പെയ്തത് മൂലം കൃഷിയിടങ്ങളിലെ ജലസേചനത്തിനായി വൈദ്യുതി അധികം ഉപയോഗിക്കേണ്ടി വന്നില്ല. ചൂടു കുറഞ്ഞതിനാല്‍ എയര്‍ കണ്ടീഷണറുകളുടെ ഉപയോഗവും ഗണ്യമായി കുറഞ്ഞു.

198 ഗിഗാവാട്ട് കല്‍ക്കരി വൈദ്യുതി ഉല്‍പ്പാദന ശേഷിയാണ് ഇന്ത്യക്കുള്ളത്. ആകെ സ്ഥാപിത വൈദ്യുത ശേഷിയുടെ 54% വരും ഇത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ആഗോള താപന ലക്ഷ്യങ്ങള്‍ കൈവരിക്കാനുമുദ്ദേശിച്ച് കൂടുതല്‍ സംശുദ്ധ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഈ വിഹിതം ഇനിയും താഴും.

Categories: FK Special, Slider