യുഎഇയിലെ അഞ്ചാമത്തെ ബജറ്റ് വിമാനക്കമ്പനിയാകാന്‍ വിസ്എയര്‍ അബുദാബി

യുഎഇയിലെ അഞ്ചാമത്തെ ബജറ്റ് വിമാനക്കമ്പനിയാകാന്‍ വിസ്എയര്‍ അബുദാബി
  • സ്‌പൈസ്‌ജെറ്റിനും എയര്‍അറേബ്യ അബുദാബിക്കുമൊപ്പം അടുത്ത വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും
  • യുഎഇയിലെ ഏഴാമത്തെ വിമാനക്കമ്പനി

അബുദാബി: യുഎഇയിലെ ചിലവ് കുറഞ്ഞ വിമാനയാത്രാ രംഗത്ത് മത്സരം കടുപ്പിച്ച് കൊണ്ട് അബുദാബിയില്‍ മറ്റൊരു ബജറ്റ് വിമാനക്കമ്പനി കൂടി വരുന്നു. അബുദാബി ഡെവലപ്‌മെന്റ് ഹോള്‍ഡിംഗിന്റെയും (എഡിഡിഎച്ച്) യൂറോപ്യന്‍ ബജറ്റ് വിമാനക്കമ്പനിയായ വിസ് എയറിന്റെയും സംയുക്ത പങ്കാളിത്തത്തോടെ ആരംഭിക്കുന്ന വിസ്എയര്‍ അബുദാബി യുഎഇയിലെ ഏഴാമത്തെ വിമാനക്കമ്പനിയും രാജ്യത്തെ അഞ്ചാമത്തെ ബജറ്റ് വിമാനക്കമ്പനിയുമാണ്.

അടുത്ത വര്‍ഷം രണ്ടാംപാദത്തോടെ പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്ന വിസ്എയര്‍ അബുദാബി യുഎഇയിലെ ചിലവ് കുറഞ്ഞ വിമാനയാത്രാ രംഗത്തെ കൂടുതല്‍ മത്സരക്ഷമമാക്കും. അബുദാബിയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സും ഷാര്‍ജയിലെ എയര്‍ അറേബ്യയും ചേര്‍ന്ന് പദ്ധതിയിട്ടിരിക്കുന്ന ബജറ്റ് വിമാനക്കമ്പനിയായ എയര്‍അറേബ്യ അബുദാബി അടുത്ത ഒക്ടോബറില്‍ പ്രവര്‍ത്തനമാരംഭിക്കാനിരിക്കുകയാണ്. ഇന്ത്യയിലെ ബജറ്റ് വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റും റാസല്‍ഖൈമയില്‍ പുതിയ വിമാനക്കമ്പനി തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. നിലവില്‍ ഈ രംഗത്തുള്ള ഫ്‌ളൈദുബായിക്കും എയര്‍ അറേബ്യയ്ക്കുമൊപ്പം അടുത്ത വര്‍ഷം മൂന്ന് വിമാനക്കമ്പനികള്‍ കൂടി എത്തുന്നതോടെ യൂറോപ്യന്‍ പാതകളിലും പശ്ചിമേഷ്യ, ആഫ്രിക്കന്‍ പാതകളിലും മത്സരം ശക്തമാകും.

യൂറോപ്യന്‍ ബജറ്റ് വിമാനക്കമ്പനിയായ വിസ്എയര്‍ സര്‍വീസ് നടത്തുന്ന, കൂടുതല്‍ വളര്‍ച്ചാസാധ്യതകളുള്ള മധ്യ, കിഴക്കന്‍ യൂറോപ്പ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വിപണികളിലേക്കുള്ള സര്‍വീസിനായിരിക്കും വിസ്എയര്‍ അബുദാബി മുന്‍ഗണന നല്‍കുക. യൂറോപ്പിന് പുറത്തുള്ള വിസ്എയറിന്റെ പ്രഥമ വിമാനക്കമ്പനിയാണിത്.

മേഖലയിലെ നിര്‍ണായക വിമാനക്കമ്പനിയായി ഉയരാന്‍ വിസ്എയര്‍ അബുദാബിക്ക് കഴിയുമെന്ന് വിസ്എയര്‍ ഹോള്‍ഡിംഗ്‌സ് സിഇഒ ജോസഫ് വരാഡി വിശ്വാസം പ്രകടിപ്പിച്ചു. ബജറ്റ് വിമാനക്കമ്പനികള്‍ക്കുള്ള വര്‍ധിച്ച ആവശ്യകത കണക്കിലെടുത്താണ് വിസ്എയറുമായി ചേര്‍ന്ന് പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നതെന്ന് എഡിഡിഎച്ച് സിഇഒ മുഹമ്മദ് ഹസ്സന്‍ അല്‍ സുവൈദി പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള സാംസ്‌കാരിക, ടൂറിസ്റ്റ് ലക്ഷ്യസ്ഥാനമായി ഉയരാനുള്ള അബുദാബിയുടെ ശ്രമങ്ങള്‍ക്ക് പുതിയ വിമാനക്കമ്പനി ശക്തി പകരുമെന്നും അല്‍ സുവൈദി പറഞ്ഞു.

ദുബായും അബുദാബിയും ഉള്‍പ്പടെ ലോകത്തിലെ അഞ്ച് ഏവിയേഷന്‍ മെഗാസിറ്റികള്‍ പശ്ചിമേഷ്യയിലാണെന്ന എയര്‍ബസ് റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് വിമാനക്കമ്പനികള്‍ കൂണുപോലെ മുളച്ചുപൊന്തുന്ന പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പശ്ചിമേഷ്യയില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളുടെ എണ്ണം മൂന്നുമടങ്ങായി ഉയരുമെന്നാണ് എയര്‍ബസിന്റെ പ്രവചനം. വിമാനക്കമ്പനികളുടെ എണ്ണം മാത്രമല്ല അവയ്ക്ക് കീഴിലുള്ള വിമാനങ്ങളുടെ എണ്ണവും മൂന്നിരട്ടിയാകും. നിലവില്‍ 630 വിമാനങ്ങള്‍ ഉള്ളിടത്ത് 2038ഓടെ 1,730 വിമാനങ്ങള്‍ പശ്ചിമേഷ്യ ലക്ഷ്യമാക്കി സര്‍വീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. യുഎഇ-ഇന്ത്യ, യുഎഇ-പാക്കിസ്ഥാന്‍, സൗദി അറേബ്യ-യുഎഇ, യുഎഇ-ഈജിപ്ത്, യുഎഇ-യുകെ എന്നീ പാതകളിലായിരിക്കും അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയുണ്ടാകുക.

പശ്ചിമേഷ്യയിലെ ബജറ്റ് വിമാനക്കമ്പനികള്‍

ഫ്‌ളൈദുബായ്
എയര്‍ അറേബ്യ
എയര്‍ അറേബ്യ അബുദാബി (അടുത്ത വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും)
സ്‌പൈസ്‌ജെറ്റ് (അടുത്ത വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും)
വിസ്എയര്‍ അബുദാബി (അടുത്ത വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും)

Comments

comments

Categories: Arabia