പൊലിയുന്ന സാമ്പത്തിക പ്രതീക്ഷകള്‍

പൊലിയുന്ന സാമ്പത്തിക പ്രതീക്ഷകള്‍

സംസ്ഥാനങ്ങളുടെ ചെലവിടല്‍ ശേഷി കുറയുന്നത് സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വളര്‍ച്ചാ പ്രതീക്ഷകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു

രാജ്യം സങ്കീര്‍ണമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോള്‍ എങ്ങനെയെങ്കിലും വളര്‍ച്ചയുടെ നഷ്ടവേഗം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ സാമ്പത്തിക രംഗത്തെ മൂലധന ചെലവിടല്‍ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. കാര്യമായൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന വിവിധ വ്യവസായമേഖലകളെ ഇത് തളര്‍ത്തുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി സംസ്ഥാനങ്ങളാണ് പൊതു നിക്ഷേപങ്ങളുടെ ചാലകശക്തിയായി രാജ്യത്ത് വര്‍ത്തിച്ചത്. സ്വകാര്യ നിക്ഷേപങ്ങള്‍ ഭയപ്പെടുത്തുന്ന രീതിയില്‍ കുറഞ്ഞെങ്കിലും നിക്ഷേപ വളര്‍ച്ചയെ പിടിച്ചുനിര്‍ത്തിയത് സംസ്ഥാനങ്ങളായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സംസ്ഥാനങ്ങളും സാമ്പത്തിക സമ്മര്‍ദം അനുഭവിക്കുകയാണ്. അതോടു കൂടി മൂലധന ചെലവിടല്‍ പദ്ധതികള്‍ വെട്ടിച്ചുരുക്കുകയും ചെയ്യുന്നു. റെവന്യൂ ചെലവിടലിലെ വര്‍ധനവാണ് പല സംസ്ഥാനങ്ങളുടെയും മൂലധന ചെലവിടല്‍ പദ്ധതികളെ ബാധിച്ചത്. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ വലിയ കുറവാണ് കഴിഞ്ഞ കുറച്ച് പാദങ്ങളായി ദൃശ്യമാകുന്നത്.

ജൂണില്‍ അവസാനിച്ച പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പുതിയ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളില്‍ 75 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. 15 വര്‍ഷത്തിനിടയിലെ മോശം പ്രകടനമാണിത്. അഞ്ച് വര്‍ഷം മുമ്പ് മൂലധന ചെലവിടല്‍ പദ്ധതികളില്‍ സ്വകാര്യ നിക്ഷേപമായിരുന്നു മേധാവിത്വം പുലര്‍ത്തിയതെങ്കില്‍ ഇന്ന് നേരെ വിപരീതമാണ് സ്ഥിതി. പദ്ധതികള്‍ സ്തംഭനാവസ്ഥയിലായതും മറ്റുമാണ് സ്വകാര്യ നിക്ഷേപത്തിന്റെ ഇടിവിലേക്ക് വഴിവെച്ചത്. മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ അനുമതികളായിരുന്നു സ്തംഭനാവസ്ഥയ്ക്ക് കാരണമെങ്കില്‍ ഇപ്പോള്‍ പദ്ധതി നടത്തിപ്പിനുള്ള പണത്തിന്റെ അഭാവമാണ്.

കേരളം, പഞ്ചാബ്, പശ്ചിമ ബംഗാള്‍ തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും നിക്ഷേപം കുറഞ്ഞിട്ടുണ്ട്. സ്തംഭനാവസ്ഥയിലെത്തുന്ന പദ്ധതികളുടെ എണ്ണം കൂടുന്നുമുണ്ട്. നയപരമായ പ്രശ്‌നങ്ങള്‍ക്കൊപ്പം സാമ്പത്തിക പ്രതിസന്ധി കൂടി രൂക്ഷമായതോടെയാണ് സംസ്ഥാനങ്ങള്‍ക്കും തിരിച്ചടി നേരിട്ടത്. ഇതിന് പിന്നാലെ വന്ന ജിഡിപി കണക്കുകളും പുതിയ കണക്കുകളിലെ പ്രതീക്ഷയും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടുമിടിച്ചു. ദേശീയ പൗരത്വ റെജിസ്റ്ററിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഇതുപോലുള്ള സംഭവങ്ങള്‍ തുടര്‍ന്നാല്‍ പലയിടങ്ങളിലെയും പ്രഖ്യാപിച്ച നിക്ഷേപ പദ്ധതികള്‍ പോലും അവതാളത്തിലാകാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. വികസനത്തിനും പരിഷ്‌കരണങ്ങള്‍ക്കും മാത്രം ഊന്നല്‍ നല്‍കേണ്ട സമയമാണിതെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം.

അതിവേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ നഷ്ടപ്പെട്ട വിശേഷണം തിരിച്ചുപിടിക്കണമെങ്കില്‍ സ്വകാര്യ മേഖലയിലെ മൂലധന ചെലവിടലില്‍ വ്യാപകമായ വര്‍ധനയുണ്ടാകേണ്ടതുണ്ട്. സ്തംഭനവാസ്ഥയിലുള്ള പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുകയും വേണം. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയുടെ വേഗം കൂട്ടുന്നതിനും ഇത് അനിവാര്യമാണ്. എന്നാല്‍ സംസ്ഥാനങ്ങളുടെ മൂലധന ചെലവിടല്‍ പദ്ധതികളില്‍ കൂടി ഇടിവ് സംഭവിക്കുന്ന വേളയില്‍ അതെങ്ങനെ സാധ്യമാകുമെന്നത് കണ്ടറിയേണ്ടതുണ്ട്. കോര്‍പ്പറേറ്റ് നികുതി കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരണം പുതിയ സ്വകാര്യ നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അതിതുവരെ ഫലം കണ്ടുതുടങ്ങിയിട്ടില്ല.

Categories: Editorial, Slider