കുറയുന്ന എണ്ണം ഉയരുന്ന സമ്പത്ത്

കുറയുന്ന എണ്ണം ഉയരുന്ന സമ്പത്ത്
  • 2018 മാര്‍ച്ചില്‍ ഇന്ത്യയിലുണ്ടായിരുന്നത് 91 ശതകോടീശ്വരര്‍; നിലവില്‍ 80
  • ആദ്യ 10 അതിസമ്പന്നര്‍ 40 ബില്യണ്‍ ഡോളര്‍ ആസ്തിയോട് കൂട്ടിച്ചേര്‍ത്തു
  • 60.5 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനി മുന്നില്‍ത്തന്നെ

ന്യൂഡെല്‍ഹി: സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം രാജ്യത്തെ അതിസമ്പന്നരെയും പ്രതികൂലമായി ബാധിക്കുന്നെന്ന് കണക്കുകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. 2018 മാര്‍ച്ച് മാസത്തില്‍ ഒരു ബില്യണ്‍ ഡോളറിലേറെ സ്വത്തുണ്ടായിരുന്ന 91 അതി സമ്പന്നരാണ് ഇന്ത്യയിലുണ്ടായിരുന്നത്. 2018 ഡിസംബര്‍ ആയപ്പോഴേക്കും ഇവരില്‍ ഒന്‍പതു പേര്‍ ബില്യണ്‍ ഡോളര്‍ ആസ്തിപ്പട്ടികയില്‍ നിന്ന് പുറത്തായി. നിലവില്‍ ഈ പട്ടികയിലെ ശതകോടീശ്വരരുടെ എണ്ണം 80 ആയി കുറഞ്ഞിട്ടുണ്ട്. ബോംബെ ഓഹരി വിപണിയിലെ ബിഎസ്ഇ500, മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളില്‍ ലിസ്റ്റ് ചെയ്ത 822 കമ്പനികളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാണ് അതിസമ്പന്നരുടെ നഷ്ടം വിലയിരുത്തിയിരിക്കുന്നത്. ആദ്യത്തെ 10 അതിസമ്പന്നരുടെ സംയോജിത ആസ്തി 140 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നപ്പോള്‍ താഴേക്കിടയിലുള്ള അതിസമ്പന്നരുടെ ആസ്തി 13 ബില്യണ്‍ ഡോളറില്‍ നിന്ന് 10.5 ബില്യണ്‍ ഡോളറായി കുറഞ്ഞു. 40 ബില്യണ്‍ ഡോളറാണ് ആദ്യ പത്ത് ധനികര്‍ സമ്പത്തിനോട് കൂട്ടിച്ചേര്‍ത്തത്.

ഓഹരി മൂല്യത്തിലെ ഇടിവും വില്‍പ്പനാ മാന്ദ്യവും മൂലം കഴിഞ്ഞ ഒന്നര വര്‍ഷക്കാലയളവില്‍ ഏറ്റവുമധികം നഷ്ടമുണ്ടായ ശതകോടീശ്വരരില്‍ മുന്‍പന്തിയിലുള്ളത് റിലയന്‍സ് കാപ്പിറ്റല്‍ ചെയര്‍മാനായ അനില്‍ അംബാനിയാണ്. സഹോദരന്‍ മുകേഷ് അംബാനി ആഗോള സമ്പന്ന പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്ക് ഉയരുന്നതിനിടെയാണ് അനില്‍ പട്ടികയില്‍ നിന്നുതന്നെ പുറത്താവുന്നത്. സീ എന്റര്‍ടെയ്ന്‍മെന്റിന്റെ സ്ഥാപകന്‍ സുഭാഷ് ചന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര, ഇന്ത്യാബുള്‍സ് ഗ്രൂപ്പ് സ്ഥാപകന്‍ സമീര്‍ ഗെഹ്‌ലോട്ട്, അരബിന്ദോ ഫാര്‍മ സ്ഥാപകന്‍ കെ എന്‍ റെഡ്ഡി എന്നിവരും കനത്ത നഷ്ടം നേരിട്ടു.

താഴെ തട്ടിലുള്ള ശതകോടീശ്വരരില്‍ പലരും തളരുമ്പോഴും ആദ്യ സ്ഥാനങ്ങളിലുള്ള സമ്പന്നര്‍ക്ക് കുലുക്കമില്ല. 60.5 ബില്യണ്‍ ഡോളറുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പട്ടികയുടെ തലപ്പത്ത് തന്നെയുണ്ട്. 10 ബില്യണ്‍ ഡോളറിലേറെ സമ്പത്താണ് മുകേഷ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൂട്ടിച്ചേര്‍ത്തത്. എയര്‍ടെലിന്റെ സുനില്‍ ഭാരതി മിത്തല്‍, ഡിഎല്‍എഫിന്റെ കെ പി സിംഗ്, ബെര്‍ജര്‍ പെയിന്റ്‌സിന്റെ കെ എസ് ധിംഗ്ര, ഐപിഒയില്‍ തരംഗം സൃഷ്ടിച്ച ബന്ധന്‍ ബാങ്കിന്റെ സി എസ് ഘോഷ് എന്നിവരാണ് സമീപകാലത്ത് വന്‍ കുതിപ്പുണ്ടാക്കിയത്. ടെലികോം ബിസിനസില്‍ വന്‍ തിരിച്ചടികളേറ്റിട്ടും സുനില്‍ മിത്തലിന്റെയും കുടുംബത്തിന്റെയും ആസ്തി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 83% ഉയര്‍ന്ന് 8.6 ബില്യണ്‍ ഡോളറിലെത്തി. എയര്‍ടെലിന്റെ ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടത്തുന്ന മുന്നേറ്റമാണ് തുണയായത്. ജിയോയുമായി മല്‍പ്പിടുത്തം നടത്തുന്ന എയര്‍ടെല്‍ 55.8% ലാഭമാണ് കമ്പനിക്ക് ഈ വര്‍ഷം നല്‍കിയത്. ലോകത്തെ മൂന്നാമത്തെ മികച്ച ടെലികോം ഓഹരിയായാണ് എയര്‍ടെലിന്റെ മുന്നേറ്റം.

അതിസമ്പന്ന ഇന്ത്യക്കാരുടെ തല്‍സമയ ആസ്തി

റാങ്ക് പേര് തല്‍സമയ ആസ്തി (ബില്യണ്‍ ഡോളര്‍)

1. മുകേഷ് അംബാനി 60.5

2. ഹിന്ദുജ 15.8

3. ഉദയ് കൊട്ടാക് 15.3

4. പല്ലോന്‍ജി മിസ്ത്രി 14.5

5. ശിവ് നാടാര്‍ 14.6

6. രാധാകിഷന്‍ ദമാനി 13.4

7. ഗൗതം അദാനി 13

8. ഗോദ്‌റെജ് 12

9. ലക്ഷ്മി മിത്തല്‍ 12

10. കുമാര്‍ മംഗലം ബിര്‍ള 10

Categories: FK News, Slider

Related Articles