നമുക്കു ലഭിച്ചതെല്ലാം വിദ്യയുടെ രൂപത്തില്‍ മുന്നോട്ട് കൈമാറാം

നമുക്കു ലഭിച്ചതെല്ലാം വിദ്യയുടെ രൂപത്തില്‍ മുന്നോട്ട് കൈമാറാം

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 73 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ നാം വിജയിച്ചിട്ടില്ല. മതിയായ ഫണ്ടിന്റെ അഭാവം മുതല്‍ പ്രാദേശിക വിഷയങ്ങള്‍ വരെ അനേകം ഘടകങ്ങള്‍ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് തടസമാകുന്നു. വിദ്യയുടെ പകര്‍ന്നു കൊടുക്കല്‍ സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമായി കാണാതെ നാമോരുത്തരും സ്വന്തം കടമയായി ഏറ്റെടുത്ത് മറ്റൊരാളെ പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക പരോഗതിയില്‍ അത് നിര്‍ണായക പ്രതിഫലനം സൃഷ്ടിക്കുമെന്ന് ഉറപ്പ്

2011 ലെ സെന്‍സസ് കണക്കനുസരിച്ച് ഇന്ത്യയിലെ സാക്ഷരതാ നിരക്ക് 74 ശതമാനമാണ്. ആഗോള ശരാശരിയായ 86 ശതമാനത്തിനേക്കാള്‍ ഗണ്യമായി കുറഞ്ഞ നിരക്കാണിത്. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പിന്തുണയോടെ രാജ്യത്തെ സ്‌കൂള്‍ പ്രവേശന നിരക്ക് 97.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മോശമായിത്തന്നെ തുടരുന്നു. എന്നാല്‍, അഞ്ചുവര്‍ഷത്തെ സ്‌കൂള്‍ പഠനത്തിനുശേഷവും രണ്ടാം തരത്തിലെ പുസ്തകം വായിക്കാന്‍ പ്രാപ്തിയുള്ളത് 51% വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ്.

ഒരു വികസിത രാജ്യത്തിന്റെ സുപ്രധാന സൂചികകളിലൊന്നാണ് വിദ്യാഭാസമെന്നത് സംശയാതീതമായ കാര്യമാണ്. മാത്രമല്ല, സാമൂഹ്യ-സാമ്പത്തിക വികസനത്തിനോട് ഗാഢമായി ബന്ധിപ്പിക്കപ്പെട്ട ഘടകവുമാണത്. എന്നാല്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ സംബന്ധിയായ ലക്ഷ്യങ്ങളെ എത്തിപ്പിടിക്കുവാനുള്ള ചുമതല സര്‍ക്കാരിന്റേത് മാത്രമാണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഇക്കാര്യത്തില്‍ നമുക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ? ഉണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

നമുക്ക് ഓരോരുത്തര്‍ക്കും ലഭിച്ചതിനെ മുന്നോട്ടു കൈമാറിയാല്‍ മാത്രമേ കാലഘട്ടത്തിന്റെ ആവശ്യമായ 100% സാക്ഷരതയും ഒപ്പം ഏവര്‍ക്കും മികവുറ്റ വിദ്യാഭാസം ലഭ്യമാകുന്ന പരിതസ്ഥിതിയും കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. സ്വാതന്ത്ര്യ ലബ്ധിക്കുശേഷമുള്ള 73 വര്‍ഷങ്ങള്‍ക്കിടയില്‍ മുഴുവന്‍ പൗരന്മാരേയും വിദ്യ അഭ്യസിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടാണ് ഇന്ത്യക്ക് വലിയ പ്രയാസങ്ങള്‍ നേടിടേണ്ടി വന്നത്? ഒരുപാട് ഘടകങ്ങള്‍ ഇവിടെ പരിഗണിക്കേണ്ടതുണ്ട്. ഒരു സ്‌കൂള്‍ തുടങ്ങുവാനോ അല്ലെങ്കില്‍ യോഗ്യതയുള്ള അധ്യാപകരെ കണ്ടെത്തുവാനോ ബുദ്ധിമുട്ടനുഭവപ്പെടുന്ന, തീര്‍ത്തും ഒറ്റപ്പെട്ട സ്ഥലങ്ങള്‍ ഇന്നും ഈ രാജ്യത്തുണ്ട്.

ദാരിദ്ര്യം, മുന്‍വിധികള്‍, അതാത് സമൂഹങ്ങളിലെ ചട്ടങ്ങള്‍ എന്നിവപോലുള്ള സങ്കീര്‍ണമായ സാമൂഹ്യപ്രശ്‌നങ്ങളും ഇതിനോട്കൂടെ ചേര്‍ക്കേണ്ടതുണ്ട്. വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം ഒന്നുകില്‍ അപ്രാപ്യമോ അല്ലെങ്കില്‍ അപ്രധാനമോ ആണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്‌കൂളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം മാതാപിതാക്കള്‍ക്ക് മക്കളെ സ്‌കൂളില്‍ വിടാനാവാത്ത സങ്കടകരമായ സ്ഥിതിയുമുണ്ടാവുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ‘ഒാരോരുത്തരും മറ്റാരോരുത്തരെയും പഠിപ്പിക്കുക’യെന്ന (ഈച്ച് വണ്‍ ടീച്ച് വണ്‍) പഴയകാല സിദ്ധാന്തത്തിന് കുട്ടിയുടെ വിദ്യാഭ്യാസം എന്നെന്നേക്കുമായി നിലച്ചുപോവുന്നത് തടയാനാകും.

ഒരുവന്‍ മറ്റൊരുവനെ പഠിപ്പിക്കുകയെന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ്? ഈ പ്രയോഗം രൂപംകൊണ്ടത് അമേരിക്കയില്‍ അടിമത്തം നിലനിന്നിരുന്ന കാലത്താണ്. അടിമകളായിരുന്ന മനുഷ്യര്‍ക്ക് ഔപചാരിക വിദ്യാഭ്യാസം സ്വീകരിക്കാന്‍ അവകാശമുണ്ടായിരുന്നില്ല. വിദ്യാഭാസത്തിന്റെ അഭാവത്തില്‍ ഉടമകളുടെ പൂര്‍ണ്ണനിയന്ത്രണത്തിലുള്ള അവരുടെ ലോകത്തിനപ്പുറം എന്തുനടക്കുന്നുവെന്ന് അവര്‍ അറിഞ്ഞിരുന്നുമില്ല.

അടിമത്തത്തിന്റെ പിടിയിലുള്ള ഒരു മനുഷ്യന് വിദ്യാഭ്യാസം നേടാനായാല്‍, ഒപ്പമുള്ള മറ്റുള്ളവര്‍ക്കും ആ അറിവ് പകര്‍ന്നു കൊടുക്കുകയെന്നത് അയാളുടെ ദൗത്യമായാണ് കരുതിയിരുന്നത്. ഈ ആശയം ഇന്ത്യയില്‍ ആദ്യമായി ഉപയോഗിക്കുന്നത് സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ മഹാത്മാ ഗാന്ധിയാണ്. പിന്നീടത് ബഹുജനങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ചും, സാമൂഹ്യ-സാമ്പത്തിക പുരോഗമനത്തേക്കുറിച്ചും ബോധവാന്മാരാക്കുവാനുള്ള പ്രയത്‌നങ്ങളുടെ മുദ്രാവാക്യമായി.

വ്യക്തിപരവും സാമൂഹ്യവുമായ മുന്നോട്ടുപോക്കിന് വിദ്യാഭ്യാസം ഒരു സുപ്രധാന ഘടകമാണെന്ന് ചരിത്രത്തിന്റെ താളുകളില്‍ നിന്ന് മനസ്സിലാക്കാം. ഇന്ത്യയെ സംബന്ധിച്ച് 21 ാം നൂറ്റാണ്ടിലും ഈ തത്വത്തിന് യാതൊരു മാറ്റവുമില്ല. ഒട്ടും സമത്വമില്ലാത്തതും സന്തുലിതമല്ലാത്തതുമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഒരുവശത്ത് ഇന്ത്യക്കാരില്‍ ചിലര്‍ മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ ആഡംബര വസ്തുക്കള്‍ വാങ്ങി ധാരാളിത്തം കാണിക്കുമ്പോള്‍ മറുവശത്ത് കുഞ്ഞുങ്ങള്‍ പട്ടിണി കിടന്ന് മരിക്കുന്നു.

ഇക്കാലത്തും എല്ലാ ഇന്ത്യക്കാര്‍ക്കും നിലവാരമുള്ള വിദ്യാഭ്യാസം അപ്രാപ്യമാണ്. നമുക്ക് ലഭിച്ച വിദ്യയുടെ രൂപത്തിലുള്ള നന്‍മകള്‍ മുന്നോട്ടു കൈമാറിയാല്‍ ഈ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാനാവും. ജീവിതങ്ങളെ മാറ്റിമറിക്കുന്നതിന് വിദ്യാഭ്യാസത്തിനുള്ള കഴിവ് അനിഷേധ്യമാണ്. അതിന്റെ ഫലമായി ഒരു വ്യക്തിയുടെ ജീവിതം മാത്രമല്ല മാറുന്നത്, അയാളുടെ കുടുംബം, സമുദായം, അവര്‍ ജീവിക്കുന്ന സമൂഹം എന്നിവയിലേക്കെല്ലാം മാറ്റങ്ങളെത്തുന്നു.

വ്യാവസായികരംഗത്തെ കണക്കുകള്‍ പ്രകാരം 82.4% വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നത്, ഉന്നത വിദ്യാഭാസത്തില്‍ നിന്ന് ലഭിച്ച കഴിവുകള്‍, ഔദ്യോഗിക രംഗങ്ങളില്‍ തങ്ങള്‍ക്ക് കരുത്തുപകരുന്നതില്‍ വലിയ തരത്തിലോ, വളരെ വലിയ തരത്തിലോ സഹായിച്ചിട്ടുണ്ട്. സ്‌കോളര്‍ഷിപ്പും ഉന്നതവിദ്യാഭ്യാസവും നേടിയതിലൂടെ തങ്ങള്‍ക്ക് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഭിക്കുന്ന ആദരം ഏറെ വര്‍ധിച്ചതായി 87.2% വിദ്യാര്‍ത്ഥികളും കരുതുന്നു.

ഈ വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരും മറ്റൊരാള്‍ക്ക് വിദ്യ പകര്‍ന്നു നല്‍കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെങ്കില്‍ സാമൂഹ്യ-സാമ്പത്തിക വികസനത്തില്‍ ഇന്ത്യ അതിവേഗം വലിയ കുതിച്ചുചാട്ടം നടത്തും. ദൗര്‍ഭാഗ്യവശാല്‍ മറ്റൊരാളെ പഠിപ്പിക്കുന്നത് വലിയ ചെലവുള്ളതും, സമയം കവര്‍ന്നെടുക്കുന്നതുമായ കാര്യമാണെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ അതല്ല വാസ്തവം. ജോലിസമയത്തിന് മുന്‍പും ശേഷവും, വാരാന്ത്യങ്ങളിലുമെല്ലാം നിര്‍ധനരായ, അവകാശം നിഷേധിക്കപ്പെട്ട കുട്ടികളെ പഠിപ്പിക്കാനായി സമയം കണ്ടെത്തുന്ന അനേകമാളുകളുണ്ട് നമ്മുടെ രാജ്യത്ത്.

ഭൗതികരൂപത്തിലുള്ള ക്ലാസ്മുറികളുടെ ആവശ്യം തന്നെയില്ല. കുട്ടികള്‍ക്ക് സുരക്ഷിതമായിരുന്ന് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്ന ഏത് സ്ഥലത്തുവെച്ചും വേണമെങ്കിലും ക്ലാസുകളെടുക്കാം. മൊബീല്‍ ഫോമുകളും മൊബീല്‍ ഇന്റര്‍നെറ്റും സുലഭമായ സാഹചര്യത്തില്‍ അവയുടെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കുന്നതും പ്രായോഗികമാണ്.

ഇനി, പഠിപ്പിക്കുവാന്‍ സമയം അനുവദിക്കുന്നില്ലെങ്കില്‍ വിദ്യ അര്‍ഹിക്കുന്ന ഒരു കുട്ടിയുടെ പഠനച്ചെലവുകള്‍ ഏറ്റെടുത്ത് വഹിക്കാവുന്നതാണ്. വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടകളിലൂടെ ഒരു കുട്ടിയുടെ ഒരു വര്‍ഷത്തെ പഠനച്ചെലവുകള്‍ക്കായി ഏതാനും ആയിരങ്ങള്‍ മാത്രമേ ചിലവഴിക്കേണ്ടതായി വരികയുള്ളൂ. വളരെ കുറഞ്ഞ ഈ സംഖ്യയ്ക്ക് ഒരു കുട്ടിയുടെ ജീവിതത്തെ മാറ്റിമറിക്കുവാനും അവരെ ശോഭനമായ ഭാവിയിലേക്ക് കൈപിടിച്ചുയര്‍ത്താനും സഹായിക്കും.

ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നാണ് നിലവാരമുള്ള വിദ്യാഭ്യാസ ലഭ്യത. ഇന്ത്യയുടെ ഭാവി വളര്‍ച്ചാ, വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുവാനും അത് അത്യന്താപേക്ഷിതമായ ഘടകമാണ്. ഇന്ന് വളരെയധികം ആളുകള്‍ സമൂഹത്തിന് സംഭാവനകള്‍ നല്‍കാന്‍ സന്നദ്ധരായി മുന്നോട്ടു വരുന്നുണ്ടെന്നതാണ് ശുഭോദര്‍ക്കമായ വര്‍ത്തമാനം. വിദ്യയുടെ രൂപത്തില്‍ സഹായം നല്‍കുന്നത് അവര്‍ക്ക് ഏറ്റവും യോജ്യമായ മാര്‍ഗ്ഗമാണ്. അതുവഴി മാറ്റങ്ങളുണ്ടാക്കുവാനും താമസമെന്യേ ഇന്ത്യയിലെ ഓരോ കുട്ടിയ്ക്കും സുരക്ഷിത ഭാവി ഉറപ്പാക്കുവാനും സാധിക്കും. അപ്പോള്‍ മാത്രമേ നമുക്ക് നമ്മളെ വികസിത രാജ്യമെന്നോ വന്‍ശക്തിയെന്നോ വിശേഷിപ്പിക്കാനാവുകയുള്ളൂ.

(ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപ്പിക് ഇനിഷ്യേറ്റീവ്്‌സിന്റെ സ്ഥാപകയും അധ്യക്ഷയുമാണ് ലേഖിക)

കടപ്പാട് എജുക്കേഷന്‍ പോസ്റ്റ്

Categories: FK Special, Slider