ശബരിമലയില്‍ മേല്‍പ്പാലം; കെല്ലിന് നിര്‍മാണ ചുമതല

ശബരിമലയില്‍ മേല്‍പ്പാലം; കെല്ലിന് നിര്‍മാണ ചുമതല

21 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന പാലം 18 മാസത്തിനുളളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 375 മീറ്റര്‍ നീളവും 6.4 മീറ്റര്‍ വീതിയും 3 മീറ്റര്‍ ഉയരവുമാണ് പാലത്തിനുണ്ടാവുക

  • പരിസ്ഥിതി സൗഹൃദമായാണ് പാലത്തിന്റെ രൂപകല്‍പന
  • ദിവസം മൂന്നു ലക്ഷത്തോളം ഭക്തര്‍ക്ക് സഞ്ചരിക്കാം
  • ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരെയാണ് ഇതിലൂടെ കടത്തിവിടുക

തിരുവനന്തപുരം: ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി മാളികപ്പുറവും ചന്ദ്രാനന്ദന്‍ റോഡും തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്റെ നിര്‍മാണം വ്യവസായ വകുപ്പിന് കീഴിലെ സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് (കെല്‍) നിര്‍വഹിക്കും. പദ്ധതിയുടെ അന്തിമ രൂപം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമല മാസ്റ്റര്‍പ്ലാന്‍ ഉന്നതാധികാര സമിതിയും അംഗീകരിച്ചു.

21 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന പാലം 18 മാസത്തിനുളളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 375 മീറ്റര്‍ നീളവും 6.4 മീറ്റര്‍ വീതിയും 3 മീറ്റര്‍ ഉയരവുമാണ് പാലത്തിനുണ്ടാവുക. തീര്‍ത്ഥാടന കാലത്തെ തിരക്ക് നിയന്ത്രിക്കാനാണ് പുതിയ മേല്‍പ്പാലം. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരെയാണ് ഇതിലൂടെ കടത്തിവിടുക.

പരിസ്ഥിതി സൗഹൃദമായാണ് പാലം രൂപകല്‍പന ചെയ്തിരിക്കുന്നത്. ദിവസം മൂന്നു ലക്ഷത്തോളം ഭക്തര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കുന്ന പാലത്തില്‍ അടിയന്തിരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് സുരക്ഷാ ഇടനാഴികളുമുണ്ടാകും. നിബിഡ വനത്തിലൂടെ നിര്‍മിക്കുന്ന പാലം ആനത്താരക്ക് തടസ്സാമാകാത്ത രീതിയിലാണ് സജ്ജമാക്കുന്നത്.

മാളികപ്പറത്തിനു സമീപം നിര്‍മ്മിക്കുന്ന പ്രസാദ വിതരണ കോപ്ലക്‌സ്‌കൂടി പൂര്‍ത്തിയാകുന്നതോടെ ഭക്തര്‍ക്ക് അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങള്‍ വാങ്ങി പാലത്തിലൂടെ അതിവേഗം തിരിച്ചിറങ്ങനാനാകും. ഭക്തര്‍ക്ക് ദര്‍ശനശേഷം വലിയ നടപ്പന്തലിലോ തിരുമുറ്റത്തോ പ്രവേശിക്കാതെ തന്നെ മടങ്ങാന്‍ സാധിക്കും. സംസ്ഥാനത്ത് വിവിധ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ച് പരിചയമുളള സംസ്ഥാന പൊതുമേഖലാസ്ഥാപനമായ കെല്ലിന് പുതിയ പാലനിര്‍മ്മാണം നാഴികക്കല്ലായി മാറും.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളുടെ നിര്‍വഹണത്തിനുള്ള അംഗീകൃത ഏജന്‍സിയായി കെല്ലിനെ നിയമിച്ചിരുന്നു. ലോകത്തെ ഏറ്റവും ബൃഹത്തായ വിവിധോദ്ദേശ്യ ജലസേചനപദ്ധതിയായി കണക്കാക്കുന്ന കാളേശ്വരം പദ്ധതിക്ക് കെല്‍ 71 ട്രാന്‍സ്‌ഫോമറുകള്‍നിര്‍മിച്ച് നല്‍കി. ഒപ്പം സംസ്ഥാന വൈദ്യുതബോര്‍ഡിനും ഇതര സംസ്ഥാന വൈദ്യുത ബോര്‍ഡുകള്‍ക്കും ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോമറുകളും നിര്‍മിച്ചുനല്‍കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വൈവിധ്യവല്‍കരണ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തെ ഉയരങ്ങളിലെത്തിക്കുകയാണെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

Comments

comments

Categories: FK News