റെനോ ട്രൈബറില്‍ 1.0 ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ നല്‍കും

റെനോ ട്രൈബറില്‍ 1.0 ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ നല്‍കും

2020 മുതല്‍ ഇന്ത്യയിലെ നിരവധി റെനോ, നിസാന്‍ വാഹനങ്ങള്‍ക്ക് പുതിയ എന്‍ജിന്‍ കരുത്തേകും

ന്യൂഡെല്‍ഹി: റെനോ ട്രൈബറിന്റെ കൂടുതല്‍ കരുത്തുറ്റ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ വകഭേദം വിപണിയിലെത്തിക്കും. റെനോയും നിസാനും ചേര്‍ന്ന് വികസിപ്പിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് റെനോ ട്രൈബറില്‍ നല്‍കുന്നത്. എച്ച്ആര്‍ 10 എന്നാണ് എന്‍ജിന് നല്‍കിയിരിക്കുന്ന കോഡ് നാമം.

1.3 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിന്റെ (എച്ച്ആര്‍ 13) 3 സിലിണ്ടര്‍ പതിപ്പാണ് പുതിയ എന്‍ജിന്‍. 2020 മുതല്‍ ഇന്ത്യയിലെ നിരവധി റെനോ, നിസാന്‍ വാഹനങ്ങള്‍ക്ക് പുതിയ എന്‍ജിന്‍ കരുത്തേകും. എന്‍ജിന്‍ പുറപ്പെടുവിക്കുന്ന പവര്‍, ടോര്‍ക്ക് സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ 95 എച്ച്പി പുറപ്പെടുവിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 72 എച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന നിലവിലെ 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്റെ (കോഡ് : ബിആര്‍ 10) കൂടെ പുതിയ ടര്‍ബോ എന്‍ജിന്‍ വില്‍ക്കും. സ്വാഭാവിക ശ്വസന എന്‍ജിന്‍ പിന്നീട് ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റും.

നാല് മീറ്ററില്‍ താഴെ നീളം വരുന്ന 7 സീറ്ററായ ട്രൈബര്‍ കൂടാതെ, വിപണിയിലെത്തുന്ന റെനോയുടെ എച്ച്ബിസി കോംപാക്റ്റ് എസ്‌യുവിക്കും പുതിയ മോട്ടോര്‍ കരുത്തേകും. 1.0 ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറും. ട്രൈബറിന്റെ എഎംടി വകഭേദം വിപണിയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് റെനോ. എന്നാല്‍ ടര്‍ബോചാര്‍ജ്ഡ് വേരിയന്റുകളില്‍ എഎംടി നല്‍കുമോയെന്ന് കാത്തിരുന്ന് കാണാം.

Comments

comments

Categories: Auto