ഊര്‍ജ സബ്‌സിഡി വെട്ടിക്കുറക്കുന്നതിനുള്ള പദ്ധതി സൗദി പുനഃപരിശോധിക്കും

ഊര്‍ജ സബ്‌സിഡി വെട്ടിക്കുറക്കുന്നതിനുള്ള പദ്ധതി സൗദി പുനഃപരിശോധിക്കും

ബിസിനസുകളെ ബാധിക്കാത്ത രീതിയില്‍ സബ്‌സിഡി നിയന്ത്രണം നടപ്പിലാക്കാനൊരുങ്ങി സര്‍ക്കാര്‍

റിയാദ്: ഊര്‍ജ സബ്‌സിഡി വെട്ടിക്കുറക്കുന്നതിനുള്ള പദ്ധതി പുനഃപരിശോധിക്കുമെന്ന് സൗദി അറേബ്യ. ഇക്കാര്യത്തില്‍ വീണ്ടും പഠനം നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി സൗദി വ്യവസായ മന്ത്രി ബന്ദര്‍ അല്‍ഖൊറെയ്ഫ് വ്യക്തമാക്കി.

ബജറ്റ് ബാലന്‍സ് ചെയ്യുന്നതിന്റെ ഭാഗമായി സബ്‌സിഡികള്‍ ക്രമേണ നിര്‍ത്തലാക്കാനുള്ള തീരുമാനമാണ് സൗദി പുനഃപരിശോധിക്കുന്നത്. സബ്‌സിഡി നിരക്കില്‍ ലഭ്യമാകുന്ന ഊര്‍ജ സ്രോതസുകളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇക്കാര്യത്തില്‍ പുനര്‍ചിന്തനത്തിന് സര്‍ക്കാര്‍ തയാറായിരിക്കുന്നത്. ഭാവിയില്‍ ഏത് തരത്തിലുള്ള വില നയം നടപ്പിലാക്കുകയാവും ഉചിതമെന്ന് കണ്ടെത്താനാണ് സര്‍ക്കാര്‍ വ്യവസായ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രമായ സൗദി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് ഊര്‍ജ സബ്‌സിഡികള്‍ കുറച്ചുവരികയാണ്. ഇതോടെ സമീപകാലത്തായി തദ്ദേശീയ വിപണിയില്‍ വൈദ്യുതി, പെട്രോള്‍ മറ്റ് ഇന്ധനങ്ങള്‍ എന്നിവയ്ക്ക് വിലക്കയറ്റമുണ്ടായി.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക പരിഷ്‌കാര പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഊര്‍ജ സബ്‌സിഡി വെട്ടിക്കുറയ്ക്കലിലൂടെ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായെന്നും ആഭ്യന്തര ഊര്‍ജ ഉപഭോഗം കുറഞ്ഞെന്നും ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. അതേസമയം പരിഷ്‌കാര പദ്ധതികളുടെ ഭാഗമായി കര്‍ശനമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ കൂടി നേരിടുന്ന ചില ബിസിനസുകള്‍ക്ക് ഊര്‍ജ സബ്‌സിഡി വെട്ടിക്കുറക്കാനുള്ള തീരുമാനം ഇരുട്ടടിയായി.

എണ്ണയുല്‍പ്പാദന നിയന്ത്രണം മൂലം 2017ല്‍ രാജ്യത്ത് സാമ്പത്തിക ഞെരുക്കമുണ്ടായതോടെ സബ്‌സിഡി നിയന്ത്രണം 2025 വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു പദ്ധതിക്ക് വേണ്ടിയാണ് ഇപ്പോള്‍ ആലോചനകള്‍ നടക്കുന്നതെന്ന് അല്‍ഖൊറെയ്ഫ് പറഞ്ഞു. മാത്രമല്ല വേണ്ടരീതിയില്‍ ഉപയോഗിക്കപ്പെടാത്ത ഖനനമേഖലയിലെ നിക്ഷേപം പ്രോത്സാഹിക്കുന്നതിനായി അടുത്ത വര്‍ഷം 2 ബില്യണ്‍ സൗദി റിയാല്‍ ചിലവില്‍ ജിയോളജിക്കല്‍ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Comments

comments

Categories: Arabia