പവിത്രതയുടെ പയ്യന്നൂര്‍ മോതിരം

പവിത്രതയുടെ പയ്യന്നൂര്‍ മോതിരം

പവിത്ര മോതിരത്തിലെ മൂന്ന് വരകള്‍ ഇഡ, പിംഗള, സുഷുമ്നാ എന്നി മൂന്ന് നാഡികളാണ്

സ്വര്‍ണത്തിലും വെളളിയിലും നിരവധി ഡിസസൈനിലുളള മോതിരങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ എത്ര മികച്ച ഡിസൈനുകള്‍ക്കിടയിലും പ്രത്യേക സ്ഥാനമുണ്ട് പയ്യന്നൂര്‍ പവിത്ര മോതിരത്തിന്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് പവിത്ര മോതിരം നിര്‍മിക്കുന്നത്. സ്വര്‍ണ്ണത്തിലും വെള്ളിയിലും നിര്‍മ്മിക്കുന്ന മോതിരം ഏഴ് തരത്തിലുള്ള തൂക്കത്തിലാണ് ഉണ്ടാക്കി വരുന്നത്. അതില്‍ തികഞ്ഞ പവിത്രമായി കണക്കാക്കുന്നതിന് 39 ഗ്രാം 500 മില്ലിഗ്രാം തൂക്കമുണ്ടാവും.

നിര്‍മ്മാണവും പ്രത്യേകതയും

പവിത്ര മോതിരത്തിലെ മൂന്ന് വരകള്‍ യഥാക്രമം ഇഡ, പിംഗള, സുഷുമ്നാ എന്നിങ്ങനെ മൂന്ന് നാഡികളാണ്. ഈ മൂന്ന് വരകള്‍ ചേര്‍ന്ന് മധ്യഭാഗത്ത് ഒരു കെട്ടായി രൂപാന്തരം പ്രാപിക്കുന്നു. ഇതാണ് പവിത്രക്കെട്ട്. കുണ്ഡലിയെന്ന സൂക്ഷമമായ സൃഷ്ടിശക്തിയെ ഉണര്‍ത്തുവാനുള്ള യോഗവിദ്യാപരമായ കെട്ടുകളാണ് പവിത്ര മോതിരത്തില്‍ നിബന്ധിച്ചിട്ടുള്ളത്. ഒരു വരിയില്‍ ഏഴ് മുത്തരികള്‍ വീതം മൂന്ന് വരികളായി പവിത്രക്കെട്ടിനിരുവശവും കാണാം. ഈ ഏഴ് മുത്തരികള്‍ സപ്തര്‍ഷികളായ മരീചി, വസിഷ്ഠന്‍, അംഗിരസ്സ്, അത്രി, പുലസ്തിയന്‍, പുലഹന്‍, ക്രതു എന്നിവരാണ്. പവിത്രക്കെട്ടിന് മുകളില്‍ കാണുന്ന മൂന്ന് മുത്തരികള്‍ ത്രിമൂര്‍ത്തികളെ സൂചിപ്പിക്കുന്നു. പവിത്രക്കെട്ടിന് തൊട്ടുതാഴെ മധ്യവരയെ തൊട്ടുള്ള പരന്ന വട്ടമുത്തരി സൂര്യഗ്രഹത്തെയും, ആ വര അവസാനിക്കുന്നിടത്തെ പരന്ന വട്ടമുത്തരി ചന്ദ്രഗ്രഹത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. മൂന്നു വരകള്‍ ചേരുന്ന ഇടത്തിന് കുറിയെന്നാണ് പറയുക. അതിനു താഴെയുള്ള നാല് മുത്തരികള്‍ ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നീ നാല് വേദങ്ങളെ സൂചിപ്പിക്കുന്നു.

യഥാവിധി നിര്‍മ്മിക്കുന്ന പവിത്രമോതിരം ഉടനെ കിട്ടില്ല. ഉണ്ടാക്കുന്ന ലോഹം ഉരുക്കുന്നതിനും മോതിരം ഉണ്ടാക്കുന്നതിനും പക്കവും നാളും മുഹൂര്‍ത്തവും പരിശോധിച്ചാണ്. അതികഠിനമായ വ്രത ശുദ്ധിയോടും കുറഞ്ഞത് മൂന്ന് ദിവസത്തെ അതിസൂക്ഷ്മവും കഠിനവുമായ ആദ്ധ്യാത്മിക ചിട്ടകള്‍ പാലിച്ചു കൊണ്ടുമാണ് മോതിരം പണിയുന്നത്. മോതിരം ധരിക്കുന്നവര്‍ മത്സ്യം, മാംസം, മദ്യം എന്നിവ ഉപേക്ഷിക്കേണ്ടതാണ്. ഇന്ന് സ്ത്രീകളടക്കം പവിത്ര മോതിരം ധരിക്കുന്നുണ്ട്. സ്ത്രീകള്‍ക്കായുള്ള പവിത്ര വളകളും പയ്യന്നൂരിലെ ജ്വല്ലറികളിലുണ്ട്.

ചരിത്രം

ടിപ്പു സുല്‍ത്താന്‍ ഇന്ത്യയുടെ നാനാഭാഗത്തേക്കും പടയോട്ടം നടത്തിയ കാലത്ത് നശിപ്പിക്കപ്പെട്ട (964) ക്ഷേത്രങ്ങളിലൊന്നാണ് പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. പിന്നീട് 1011ല്‍ ക്ഷേത്ര പുന:പ്രതിഷ്ഠാകര്‍മ്മത്തിന് നേതൃത്വം നല്‍കാനായി തരണനെല്ലൂര്‍ തന്ത്രിയെ കാണാന്‍ ക്ഷേത്ര ഭാരവാഹികള്‍ ഇരിങ്ങാലക്കുടയ്ക്ക് പോയി. പക്ഷേ അന്ന് ആ ഇല്ലത്ത് പ്രതിഷ്ടാദിവസം പയ്യന്നൂരിലെത്തി തന്ത്രി കര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ ഉണ്ടായിരുന്നില്ല. ഇല്ലത്തെ ബ്രാഹ്മണബാലന്‍ ഈ വിവരമറിഞ്ഞ് പയ്യന്നൂരിലേക്ക് പുറപ്പെട്ടു. കൃത്യസമയം തന്നെ പയ്യന്നൂരിലെത്തി പരിചയ സമ്പന്നനെ പോലെ തന്ത്ര മന്ത്രങ്ങള്‍ യഥാവിധി നിര്‍വ്വഹിച്ചു. ദിവസത്തില്‍ മൂന്ന് നേരവും തന്ത്രമന്ത്രങ്ങള്‍ നിര്‍വ്വഹിക്കുന്നതിനിടയില്‍ ദര്‍ഭ കൊണ്ട് പവിത്ര മോതിരം കെട്ടുന്നതിനുള്ള പ്രായോഗിക വിഷമവും, കര്‍മ്മ ശേഷം മോതിരം അഴിച്ച് ഭൂമിയില്‍ വീണുപോയാല്‍ ഭൂമി ദേവി ശപിക്കുമെന്ന വിശ്വാസവും സ്വര്‍ണ്ണം കൊണ്ട് പവിത്രമോതിരം ഉണ്ടാക്കാമെന്ന നിഗമനത്തിലേക്ക് ബ്രാഹ്മണ ബാലനെ നയിച്ചു. അദ്ദേഹം ക്ഷേത്രത്തിലെ പൂജാ സാമഗ്രികള്‍ ഉണ്ടാക്കാന്‍ അവകാശികളായ ചൊവ്വാട്ട വളപ്പില്‍ കുടുംബക്കാരെ അതിനായി ചുമതലപ്പെടുത്തി. അങ്ങനെ ചൊവ്വാട്ടവളപ്പില്‍ സി വി കേരളപ്പന്‍ പെരുന്തട്ടാനാണ് ആദ്യമായി പയ്യന്നൂര്‍ പവിത്ര മോതിരം നിര്‍മ്മിച്ചതെന്നാണ് ചരിത്രം.

Comments

comments

Categories: FK Special