ഒരു രാജ്യം, ഒരു വിപണിയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി ഇ-നാം

ഒരു രാജ്യം, ഒരു വിപണിയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി ഇ-നാം
  •  ഈ മാസം ഒമ്പതു വരെ 86572 കോടി രൂപയുടെ ട്രാന്‍സാക്ഷനുകള്‍
  •  1.66 കോടി കര്‍ഷകരും 1.97 ലക്ഷം കച്ചവടക്കാരും കമ്മീഷന്‍ ഏജന്റുമാരും പ്ലാറ്റ്‌ഫോമില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ കര്‍ഷകരെയും കാര്‍ഷിക വിപണിയേയും പരിരക്ഷിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും രാജ്യമൊട്ടാകെ ഒരൊറ്റ വിപണിയെന്ന തലത്തിലേക്ക് ഉയര്‍ത്തിയ ഇ-നാം (ദേശീയ കാര്‍ഷിക വിപണി) എന്ന വിപ്ലവകരമായ സംരംഭം കര്‍ഷകരെ വിപണിയുടെ നേരിട്ട് അടുപ്പിക്കാന്‍ കൂടുതല്‍ സഹായിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏകദേശം 1.66 കോടി കര്‍ഷകരും 1.97 ലക്ഷം കച്ചവടക്കാരും കമ്മീഷന്‍ ഏജന്റുമാരും ഈ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇതുവഴി 86572 കോടി രൂപയുടെ ട്രാന്‍സാക്ഷനുകളാണ് ഈ മാസം ഒമ്പതാം തിയതി വരെ രേഖപ്പെടുത്തിയിരിക്കുന്നത്. പാന്‍ ഇന്ത്യ ഇലക്ട്രോണിക് വ്യാപാര പോര്‍ട്ടലായ ഇ-നാം 2016 ഏപ്രില്‍ 14നാണ് പുറത്തിറക്കിയത്.

ഇന്ത്യയിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ കച്ചവട പ്ലാറ്റ്‌ഫോമാണ് ഇ-നാം. പ്രാദേശിക, ആഭ്യന്തര വിപണിയുമായോ, വില നിയന്ത്രണങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത കര്‍ഷകരെ ഇടനിലക്കാരുള്‍പ്പെടെയുള്ളവര്‍ ചൂഷണം ചെയ്യുന്നത് തടയാനും അവര്‍ക്ക് വിപണിയുമായി നേരിട്ട് ബന്ധം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുകയുമാണ് പ്ലാറ്റ്‌ഫോമിന്റെ പ്രധാന ലക്ഷ്യം. കര്‍ഷകര്‍, കച്ചവടക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരെ ഒറ്റ പ്ലാറ്റ്‌ഫോമിലാക്കി ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനും അവയ്ക്ക് മികച്ച വില കണ്ടെത്താനും ഇതു വഴിവെക്കും. നിലവില്‍ രാജ്യത്തെ 16 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 320 ജില്ലകളിലെ 585 വിപണിയുമായി നേരിട്ട ബന്ധമുള്ള ഇ-നാം ഒരു വെര്‍ച്വല്‍ വിപണി എന്ന നിലയിലാണ് ശ്രദ്ധേയമാകുന്നത്.

ഉല്‍പ്പന്നങ്ങളുടെ വിലയ്ക്ക് ആനുപാതികമായി ഗുണമേന്‍മയും കൂടുമെന്നതാണ് ഈ പ്ലാറ്റിഫോമിന്റെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. പ്ലാറ്റ്‌ഫോം തുടങ്ങി ഇതുവരെ 64 ലക്ഷം ഇടപാടുകളില്‍ വ്യാപാരം നടന്നിട്ടുണ്ട്. 2016-17, 2018-19 കാലയളവുകള്‍ക്കിടയില്‍ ശരാശരി ലേലങ്ങള്‍ 2.1% ല്‍ നിന്നും 3.9 ശതമാനമായി ഉയരുകയുണ്ടായി. വിളവെടുപ്പ് കാലത്ത് പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചിരിക്കുന്ന ആന്ധ്രാപ്രദേശിലെ അദോനി മാണ്ടിയില്‍ കോട്ടണില്‍ 34 ലേലങ്ങളും, നെല്ലില്‍ 24 ലേലങ്ങളും മഞ്ഞളില്‍ 27 ലേലങ്ങളും നടന്നു.

വിപണിയിലെ കാലോചിത മാറ്റങ്ങള്‍ക്ക് അനുസൃതമായി നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്ന ഇ-നാം സോഫ്റ്റ് വെയര്‍ ഇപ്പോള്‍ കര്‍ഷകര്‍ക്കായി ഓണ്‍ലൈന്‍ പേമെന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 2018-19 ല്‍ ഈ വിഭാഗത്തില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത് 238.32 കോടി രൂപയാണ്. നിലവില്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രദേശിക വിപണികള്‍ തമ്മിലും സംസ്ഥാന തലത്തിലുള്ള വിപണികള്‍ തമ്മിലുമുള്ള കച്ചവടം പ്രോല്‍സാഹിപ്പിക്കപ്പെടുന്നുണ്ട്. ഇതിനു പുറമെ വിപണിയില്‍ അപ്പോഴപ്പോഴുള്ള വിലയിലെ ഏറ്റക്കുറച്ചിലുകള്‍ കര്‍ഷകര്‍ക്ക് അവരുടെ മൊബീല്‍ ആപ്പ് വഴി അറിയാനുള്ള സംവിധാനമുണ്ട്. മാത്രമല്ല അവരുടെ ഉല്‍പ്പന്നങ്ങള്‍ ലേലം ചെയ്യുന്നതടക്കമുള്ള വിവരങ്ങള്‍ നേരിട്ടറിയാനും കഴിയും. തുക കര്‍ഷകരുടെ എക്കൗണ്ടില്‍ എത്തുന്നതിന് മുമ്പായി അവസാന ലേലത്തുക എസ്എംഎസ് അലേര്‍ട്ടായി കര്‍ഷകനും ലഭിക്കും. കച്ചവടക്കാര്‍ ഒരു ലൈസന്‍സ് വഴി ഒന്നില്‍ കൂടുതല്‍ വിപണികളില്‍ ലേലം നടത്താനും വിപണിയില്‍ നേരിട്ടെത്തായ ഉല്‍പ്പന്നം ലേലത്തിലൂടെ വാങ്ങാനും കഴിയും.

Comments

comments

Categories: Business & Economy