ദക്ഷിണ ചൈനാക്കടലിലെ തിമിംഗലവേട്ട

ദക്ഷിണ ചൈനാക്കടലിലെ തിമിംഗലവേട്ട
  • വിവാദ ദ്വീപുകളുടെ നിരീക്ഷണത്തിന് വിയറ്റ്‌നാമും ഫിലിപ്പൈന്‍സും ഒരുങ്ങിയേക്കാം
  • മേഖലയില്‍ ഒരു നാവിക, വ്യോമ പ്രതിരോധ സംവിധാനം വന്നാല്‍ ചൈനക്ക് തിരിച്ചടിയാകും

ദക്ഷിണ ചൈനാക്കടലിലുള്ള ബെയ്ജിംഗിന്റെ സ്വാധീനം കുറയ്ക്കുന്നതിനായി ജപ്പാന്‍ ശ്രമം തുടങ്ങിയിട്ടു നാളേറെയായി. മേഖലയില്‍ സൈനിക മേധാവിത്വം ഉറപ്പിക്കുന്നതില്‍നിന്നും ചൈന പിന്നോക്കം പോവില്ലെന്ന് അവരുടെ നടപടികളില്‍നിന്നും വ്യക്തമാണ്. ഇക്കാരണം കൊണ്ടുതന്നെ ജപ്പാന്‍ ദക്ഷിണ ചൈനാക്കടലിടുക്കില്‍ മറ്റു രാജ്യങ്ങളുടെ പിന്തുണ തേടുന്നുണ്ട്. ഇവിടെ ബെയ്ജിംഗ് കൃത്രിമമായി സൃഷ്ടിച്ച് ദ്വീപുകള്‍പോലും മറ്റുള്ളവര്‍ക്ക് ഭീഷണിയാണ്. ഇതിനുചുറ്റുമുള്ള വിയറ്റ്‌നാം, ഫിലിപ്പൈന്‍സ് തുടങ്ങിയ ചെറു രാജ്യങ്ങളിലാകട്ടെ ചൈനീസ് സ്വാധീനം ക്രമേണ വര്‍ധിച്ചുവരികയുമാണ്. ഏതു രാജ്യവുമായും സാമ്പത്തിക ബന്ധമുണ്ടാക്കി അവരെ സ്വന്തം കുടക്കീഴില്‍ അണിനിരത്തുന്ന തന്ത്രമാണ് ഷി ജിന്‍പിംഗ് ഭരണകൂടം ഇന്ന് നടത്തിവരുന്നത്. അത് വായ്പകളായും മറ്റു സഹായങ്ങളുമായും പ്രവഹിക്കുന്നുണ്ട്. ഇതിന്റെ ആത്യന്തിക ലക്ഷ്യം ചെറു രാജ്യങ്ങളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുക എന്നതും അതുവഴി വ്യാപാരവും സൈനികവുമായ നേട്ടം കൈവരിക്കുക എന്നതും മാത്രമാണ്. എന്നാല്‍ ദക്ഷിണ ചൈനാക്കടലില്‍ ജപ്പാന്‍ തിമിംഗലവേട്ടക്കൊരുങ്ങുമ്പോള്‍ അവര്‍ക്കൊപ്പം യുഎസ് ഉണ്ട്. പിന്നെ വേണ്ടത് മേഖലയിലെ ചെറു രാജ്യങ്ങളുടെ പിന്തുണയാണ്.

ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ ശക്തമായ സൈനിക ശേഷി ഇന്ന് വിവാദമായ വസ്തുതയാണ്. മേഖലയിലെ ഓരോ രാജ്യത്തിനും ചൈനയുമായി സാമ്പത്തിക ബന്ധമുണ്ടെങ്കിലും അമേരിക്കയുമായി നല്ല സാമ്പത്തിക ബന്ധം നിലനിര്‍ത്താനും അവര്‍ ആഗ്രഹിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ജപ്പാനുമായുള്ള ജെയ്ജിംഗിന്റെ തര്‍ക്കത്തില്‍ ടോക്കിയോയ്ക്ക് പിന്തുണ നല്‍കുന്ന രാജ്യമാണ് അമേരിക്ക. മേഖലയില്‍ യുഎസിന്റെ ശക്തമായ സൈനിക സാന്നിധ്യം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ആഗ്രഹിക്കുന്നുണ്ട്. ഇതിനൊപ്പം തങ്ങളുടെ സുഹൃദ് രാജ്യമായ ഇന്ത്യയെയും ഒപ്പം നിര്‍ത്താന്‍ അവര്‍ആഗ്രഹിക്കുന്നുണ്ട്. അമേരിക്കക്കും ഇന്ത്യ ഒപ്പം നില്‍ക്കണമെന്ന് താല്‍പ്പര്യമാണ് ഉള്ളത്.

നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍, അമേരിക്കയെക്കാള്‍ ചൈന ഒരുപടി മുന്നിലാണെന്ന് തോന്നുന്നു. ദക്ഷിണ ചൈനാക്കടലിലെ ഇന്നത്തെ പ്രതിസന്ധി ചൈനയുടെ നയതന്ത്ര, സൈനിക നടപടികളോടുള്ള യുഎസിന്റെ സമീപനം മൂലമാണെന്ന് ആരോപിക്കുന്നവരും ഉണ്ട്. എന്തായാലും യുഎസും ബെയ്ജിംഗും വിഷയത്തില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നു.അതേസമയം അമേരിക്കയുടെ ഇടപടലുകളും നിരീക്ഷണവും ചൈനയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ദക്ഷിണ ചൈനാക്കടലിലെ പിഎല്‍എയുടെ വെല്ലുവിളിയോട് പ്രതികരിക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിനും ജപ്പാനും മറ്റ് രാജ്യങ്ങള്‍ക്കും ഇനിയും ഗണ്യമായ ഇടമുണ്ടെന്ന് ഇവിടെ വ്യക്തമാകുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ മികച്ച സാധ്യതകള്‍ വിശകലനം ചെയ്യാവുന്നതാണ്. ഇവിടെ ചെയ്യാന്‍ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്.
വിവാദമായ ഈ മേഖലയില്‍ കൃത്രിമ ദ്വീപുകളുടെ നിര്‍മാണവും അവയിലെ സൈനിക സാന്നിധ്യവും വിയറ്റ്‌നാമിനും ഫിലിപ്പൈന്‍സിനും ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്.2015 മുതല്‍, പിഎല്‍എ മനുഷ്യനിര്‍മിത കൃത്രിമ ദ്വീപുകളില്‍ സൈനിക യൂണിറ്റുകള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇവിടെ ചൈന എയര്‍ഫീല്‍ഡുകളും നിര്‍മിച്ചുകഴിഞ്ഞു.

ഏറ്റവും പുതിയ മോഡലായ എച്ച് -6 കെ ബോംബറുകളെയും ജെ -11 യുദ്ധവിമാനങ്ങളെയും ദക്ഷിണ ചൈനാക്കടലിലെ വുഡി ദ്വീപിലേക്ക് വിന്യസിക്കാനുള്ള മികവ് പിഎല്‍എ ഇതിനകം പ്രകടമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വിവിധ തരം റഡാറുകള്‍,മിസൈലുകള്‍,വിപുലമായ ആധുനിക സൈനിക ഉപകരണങ്ങള്‍ തുടങ്ങിയവ പിഎല്‍എ വിന്യസിച്ചിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ചൈനയുടെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളാണ് ഇന്ന് ഈ ദ്വീപുകള്‍. രണ്ടാം ലോകമഹായുദ്ധസമയത്ത് പസഫിക്കിലെ വിദൂര ദ്വീപുകളെജപ്പാന്‍ പ്രതിരോധിച്ചിരുന്നു. ഇവിടെ ചൈനയില്‍ നിന്നും വിദൂരമായി സ്ഥിതി ചെയ്യുന്ന ദ്വീപുകളെ സംരക്ഷിക്കുക എന്നത് അവര്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ ദ്വീപ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ പഠിച്ച ഏറ്റവും ഗൗരവമേറിയതും കയ്‌പേറിയതുമായ പാഠം അതായിരുന്നു.യുഎസ് നേവിയുടെയും മറൈന്‍ കോര്‍പ്‌സിന്റെയും ഉഭയകക്ഷി ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു ദ്വീപിനെ പ്രതിരോധിക്കുന്നതില്‍ ഇംപീരിയല്‍ ജപ്പാന്‍ പരാജയപ്പെട്ടിരുന്നത് ഉദാഹരണമാണ്. ദക്ഷിണ ചൈനാക്കടലില്‍ പിഎല്‍എയുടെ വെല്ലുവിളികള്‍ക്ക് എതിരായി യുഎസ് സേന ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നിരുന്നാലും, സമുദ്രതീര രാജ്യങ്ങളും പിന്തുടരേണ്ട നടപടികളുണ്ട്. പ്രത്യേകിച്ചും, വിയറ്റ്‌നാമിന്റെയും ഫിലിപ്പൈന്‍സിന്റെയും പങ്ക് ഇവിടെ നിര്‍ണായകമാകും.

പാരസെല്‍, സ്പ്രാറ്റ്‌ലി ദ്വീപുകളുമായി ബന്ധപ്പെട്ട് വളരെയധികം പ്രധാന്യമുള്ള രാജ്യങ്ങളാണ് വിയറ്റ്്നാമും ഫിപ്പൈന്‍സും. അവരുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അവര്‍ക്കു നേട്ടമാണ്. പാരസെലുകളിലെ ഹൈനാന്‍ ദ്വീപും വുഡി ദ്വീപും പരിശോധിക്കാനും നിയന്ത്രിക്കാനും അനുയോജ്യമായ സ്ഥലമാണ് വിയറ്റ്‌നാമിന്റെ തീരപ്രദേശം. ഫിലിപ്പൈന്‍സിലെ പലവാന്‍ ദ്വീപ് സ്പ്രാറ്റ്‌ലൈസിലെ കൃത്രിമ ദ്വീപുകളെ നിരീക്ഷിക്കാന്‍ പറ്റിയ സ്ഥലമാണ് പ്രദാനം ചെയ്യുന്നത്. പല ചിന്തകരും ചൈനയുടെ കൃത്രിമ ദ്വീപുകളില്‍ നിന്ന് മിസൈല്‍-ഷൂട്ടിംഗ് ശ്രേണിയുടെ കമാനങ്ങള്‍ വരയ്ക്കുകയും അപകടസാധ്യതകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും, കൃത്രിമ ദ്വീപുകളില്‍ എത്താന്‍ മതിയായ ഫയറിംഗ് റേഞ്ചുള്ള മിസൈലുകള്‍ വിയറ്റ്‌നാമും ഫിലിപ്പൈന്‍സും വിന്യസിച്ചാല്‍ ചൈനക്ക് ഭീഷണി ഉയരും. വിയറ്റ്‌നാമിനെ സംബന്ധിച്ചിടത്തോളം മറ്റൊരു നാവിക തന്ത്രംതന്നെ വികസിപ്പിച്ചെടുക്കാം. അതായത്, വുഡി ദ്വീപിനെതിരായ ഒരു ഒറ്റപ്പെടുത്തല്‍ നീക്കം. ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ പ്രധാന ദ്വീപാണ് വുഡി ദ്വീപ്. ഇതിനായി ആറ് കിലോ ക്ലാസ് അന്തര്‍വാഹിനികളെ വിന്യസിക്കുകയും വേണം. ഇത് നടപ്പായാല്‍ തെക്കന്‍ ദ്വീപുകളെ ബെയ്ജിംഗ് ആശ്രയിക്കുന്നത് ഗണ്യമായി കുറയും.

ചില സമയങ്ങളില്‍, സമീപകാലത്ത്, നിലവിലെ ദക്ഷിണ ചൈനാക്കടലിന്റെ സ്ഥിതി മുമ്പത്തേതിനേക്കാള്‍ ശാന്തമാണെന്ന് തോന്നുന്നു. യുഎസ്-ചൈന വ്യാപാര യുദ്ധം, ഉത്തര കൊറിയയുമായുള്ള പിരിമുറുക്കം, ഹോങ്കോംഗിലെ പ്രതിഷേധം എന്നിവ കണക്കിലെടുക്കുമ്പോള്‍. വാസ്തവത്തില്‍, യാഥാര്‍ത്ഥ്യം വ്യത്യസ്തമാണ്. ചൈനയുടെ വെല്ലുവിളികളെ നേരിടാന്‍ ജപ്പാനും യുഎസും ശക്തമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. ഇത് മറ്റ് രാജ്യങ്ങളും ചെയ്യേണ്ടതുണ്ട്. മുകളില്‍ വിവരിച്ച നടപടികള്‍ പിഎല്‍എയെ ബാധിക്കും. ഇത് ചൈനയുടെ ചെലവ് വര്‍ധിപ്പിക്കും. ചെറിയ രാജ്യങ്ങള്‍ക്ക് ഒരു വലിയ ശക്തിയെ പിന്തിരിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: Top Stories