മുംബൈ-നാഗ്പൂര്‍ എക്‌സ്പ്രസ് വേക്ക് ബാല്‍ താക്കറെയുടേ പേര്

മുംബൈ-നാഗ്പൂര്‍ എക്‌സ്പ്രസ് വേക്ക് ബാല്‍ താക്കറെയുടേ പേര്
  • എട്ട് വരിപ്പാതയാകും മുംബൈ-നാഗ്പൂര്‍ എക്‌സ്പ്രസ് വേ
  • വാണിജ്യ തലസ്ഥാനത്തെ ഓറഞ്ച് നഗരവുമായി ബന്ധിപ്പിക്കുന്ന പദ്ധതി

മുംബൈ: നാഗ്പൂര്‍-മുംബൈ സൂപ്പര്‍ കമ്യൂണിക്കേഷന്‍ എക്‌സ്പ്രസ്‌വേ (എന്‍എംസിഎസ്ഇ) അന്തരിച്ച ശിവസേന തലവന്‍ ബാലാസഹെബ് താക്കറെയുടെ പേരില്‍ അറിയപ്പെടും. ഇത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസമാണ് മഹരാഷ്ട്ര ഭരിക്കുന്ന ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം കൈക്കൊണ്ടത്. ഏകദേശം 55,335 കോടി രൂപയുടെ വമ്പന്‍ പദ്ധതിയാണിത്.

ഭരണമൊഴിഞ്ഞ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയുടെ പേരിടാന്‍ തീരുമാനിച്ചിരുന്ന പദ്ധതിയാണ് ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ ശിവസേന ബാല്‍ താക്കറെയുടെ സ്മരണാര്‍ത്ഥമാക്കുന്നത്.

ശിവസേനയും ബിജെപിയും ചേര്‍ന്ന് മഹാരാഷ്ട്ര ഭരിച്ചിരുന്ന കാലത്ത് ഈ പദ്ധതിക്ക് താക്കറെയുടെ പേര് വേണമെന്ന് ഉദ്ധവിന്റെ പാര്‍ട്ടി ശഠിച്ചെങ്കിലും ബിജെപി വഴങ്ങിയിരുന്നില്ല. 701 കിലോമീറ്റര്‍ നീളമുള്ള എട്ട് വരിപ്പാത ആയാണ് എന്‍എംഎസ്‌സിഇ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈ നഗരത്തെ ഓറഞ്ചുകളുടെ നാടായ നാഗ്പൂരുമായി ബന്ധിപ്പിക്കുന്ന പദ്ധതിയെന്ന നിലയിലും ഇത് ശ്രദ്ധേയമാണ്. 2021 ആകുമ്പോഴേക്കും അതിവേഗപ്പാത പൂര്‍ത്തിയാകുമെന്നാണ് മഹരാഷ്ട്ര സര്‍ക്കാരിന്റെ പ്രതീക്ഷ.

10 ജില്ലകളിലൂടെയും 390 ഗ്രാമങ്ങളിലൂടെയും കടന്നു പോകുന്ന പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ നാഗ്പൂരില്‍ നിന്ന് മുംബൈയിലെത്താന്‍ വെറും എട്ട് മണിക്കൂര്‍ സഞ്ചരിച്ചാല്‍ മതിയാകും. നിലവില്‍ 15 മണിക്കൂറാണ് യാത്രാസമയം. നിരവധി തൊഴിലവസരങ്ങളും വ്യാപാര സാധ്യതകളും തുറന്നിടുന്ന പദ്ധതിയാണിത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അതിവേഗപ്പാത പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേക താല്‍പ്പര്യവുമുണ്ട്. മഹാത്മ ഗാന്ധി, ബി ആര്‍ അംബേദ്ക്കര്‍, ഛത്രപതി ശിവജി മഹാരാജ് തുടങ്ങിയവരുടെ പേരിലാകണം ഈ പദ്ധതി അറിയപ്പെടേണ്ടതെന്ന് നേരത്തെ വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നമായ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയില്‍ നിന്ന് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പിന്മാറുകയാണെന്ന വാര്‍ത്തകള്‍ സജീവമാകുമ്പോഴാണ് അതിവേഗ എക്‌സ്പ്രസ് വേ ബാല്‍താക്കറെയുടെ പേരില്‍ യാഥാര്‍ത്ഥ്യവല്‍ക്കരിക്കപ്പെടുന്നത്.

Comments

comments

Categories: Current Affairs