മെഴ്‌സേഡസ്, നിസാന്‍, ഡാറ്റ്‌സണ്‍ കാറുകള്‍ക്ക് വില വര്‍ധിക്കും

മെഴ്‌സേഡസ്, നിസാന്‍, ഡാറ്റ്‌സണ്‍ കാറുകള്‍ക്ക് വില വര്‍ധിക്കും

മൂന്ന് ശതമാനം വരെ വില വര്‍ധിക്കുമെന്ന് മെഴ്‌സേഡസ് ബെന്‍സ്

ന്യൂഡെല്‍ഹി: ജനുവരി മുതല്‍ വിവിധ മോഡലുകളുടെ വില മൂന്ന് ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ അറിയിച്ചു. ഉല്‍പ്പാദനച്ചെലവുകള്‍ വര്‍ധിച്ചതാണ് കാരണമെന്ന് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ വിശദീകരിച്ചു. വിവിധ മോഡലുകള്‍ക്കനുസരിച്ച് വില വര്‍ധനയില്‍ വ്യത്യാസമുണ്ടായിരിക്കും.

ജനുവരി ഒന്ന് മുതല്‍ നിസാന്‍, ഡാറ്റ്‌സണ്‍ കാറുകള്‍ക്ക് വില വര്‍ധിക്കുമെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. കാറുകള്‍ക്ക് അഞ്ച് ശതമാനം വരെ വില വര്‍ധിക്കുമെന്നാണ് നിസാന്‍ അറിയിക്കുന്നത്. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതായി നിസാന്‍ വിശദീകരിക്കുന്നു. എല്ലാ നിസാന്‍, ഡാറ്റ്‌സണ്‍ മോഡലുകളുടെയും വില വര്‍ധിക്കുമെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. വിവിധ മോഡലുകള്‍ക്കനുസരിച്ച് നിസാന്‍, ഡാറ്റ്‌സണ്‍ കാറുകളുടെ വില 10,000 മുതല്‍ 50,000 രൂപ വരെ വര്‍ധിക്കും.

മാരുതി സുസുകി, കിയ മോട്ടോഴ്‌സ്, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, ഹീറോ മോട്ടോകോര്‍പ്പ് എന്നീ വാഹന നിര്‍മാതാക്കള്‍ ഇതിനകം വില വര്‍ധന പ്രഖ്യാപിച്ചവരാണ്. നിലവിലെ സാഹചര്യത്തില്‍ ബിഎസ് 6 മോഡലുകള്‍ അവതരിപ്പിക്കുമ്പോഴും വില വര്‍ധിക്കുകയാണ്. ബിഎസ് 6 പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 10,000 മുതല്‍ 15,000 രൂപ വരെ വില വര്‍ധിപ്പിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. പുതിയ കലണ്ടര്‍ വര്‍ഷത്തില്‍ വില വര്‍ധിപ്പിക്കുന്നത് മിക്ക വാഹന നിര്‍മാതാക്കളും പതിവാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മറ്റ് വാഹന നിര്‍മാതാക്കളും വില വര്‍ധന പ്രഖ്യാപിച്ചേക്കും.

Comments

comments

Categories: Auto