കിയ കാര്‍ണിവല്‍ അടുത്ത മാസം നിര്‍മിച്ചുതുടങ്ങും

കിയ കാര്‍ണിവല്‍ അടുത്ത മാസം നിര്‍മിച്ചുതുടങ്ങും

ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രീമിയം എംപിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി: കിയ കാര്‍ണിവല്‍ എംപിവി 2020 തുടക്കത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങും. സെല്‍റ്റോസ് എസ്‌യുവിക്കുശേഷം ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണ് കാര്‍ണിവല്‍ എംപിവി. ആന്ധ്ര പ്രദേശിലെ അനന്തപുരില്‍ സ്ഥിതി ചെയ്യുന്ന കിയ മോട്ടോഴ്‌സ് പ്ലാന്റിലായിരിക്കും സെല്‍റ്റോസ് പോലെ കാര്‍ണിവലും നിര്‍മിക്കുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് കിയ കാര്‍ണിവലിന്റെ പ്രധാന എതിരാളി. 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രീമിയം എംപിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

മൂന്നുവിധം സീറ്റിംഗ് ക്രമീകരണങ്ങളിലായിരിക്കും കിയ കാര്‍ണിവല്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. 6 സീറ്റര്‍, 7 സീറ്റര്‍, 8 സീറ്റര്‍ വകഭേദങ്ങള്‍ ലഭ്യമായിരിക്കും. വിവിധ വേരിയന്റുകളും അവതരിപ്പിക്കും. യുഎസ് പോലുള്ള ചില വിപണികളില്‍ സെഡോണ എന്ന പേരിലാണ് കിയ കാര്‍ണിവല്‍ വില്‍ക്കുന്നത്. ആഗോളതലത്തില്‍ 7 സീറ്റര്‍, 8 സീറ്റര്‍, 11 സീറ്റര്‍ വേര്‍ഷനുകളിലാണ് കിയ കാര്‍ണിവല്‍/സെഡോണ ലഭിക്കുന്നത്. കിയ കാര്‍ണിവല്‍ എംപിവിയുടെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 5,115 എംഎം, 1,985 എംഎം, 1,740 എംഎം എന്നിങ്ങനെയാണ്. 3,060 മില്ലി മീറ്ററാണ് വീല്‍ബേസ്.

ബിഎസ് 6 പാലിക്കുന്ന 2.2 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ-ഡീസല്‍ എന്‍ജിന്‍ കിയ കാര്‍ണിവലിന് കരുത്തേകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മോട്ടോര്‍ 202 എച്ച്പി കരുത്തും 441 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ട്രാന്‍സ്മിഷന്‍ ജോലികള്‍ നിര്‍വഹിക്കും. 6 സ്പീഡ് മാന്വല്‍ നല്‍കുമോയെന്ന് കാത്തിരുന്ന് കാണാം.

സെല്‍റ്റോസ്, കാര്‍ണിവല്‍ എന്നിവ കൂടാതെ ക്യുവൈഐ എന്ന് കോഡ് നാമം നല്‍കിയ പുതിയൊരു സബ്‌കോംപാക്റ്റ് എസ്‌യുവിയും അനന്തപുര്‍ പ്ലാന്റില്‍ നിര്‍മിക്കും. 2020 അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുന്ന കിയ ക്യുവൈഐ എസ്‌യുവിയുടെ പ്രധാന എതിരാളികള്‍ ഹ്യുണ്ടായ് വെന്യൂ, മാരുതി സുസുകി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര എക്‌സ്‌യുവി 300 എന്നിവയായിരിക്കും.

Comments

comments

Categories: Auto
Tags: Kia carnival