ഇരുചക്ര വിപണിയിലിറങ്ങിയത് അബദ്ധമായെന്ന് മഹീന്ദ്ര

ഇരുചക്ര വിപണിയിലിറങ്ങിയത് അബദ്ധമായെന്ന് മഹീന്ദ്ര

എന്‍ട്രി ലെവല്‍ ബൈക്കുകളുടെ വിഭാഗത്തില്‍ വീണ്ടും പിന്നാക്കം പോയ സാഹചര്യത്തിലാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം

സ്വപ്‌നങ്ങളെക്കുറിച്ചുള്ള ഉത്തമബോധ്യവും, അത് നിറവേറ്റാനുള്ള സംഗതികളും ഞങ്ങളുടെ പക്കലുണ്ടായിരുന്നു. പക്ഷേ എങ്ങനെ വിജയിക്കണമെന്ന് അറിയാതെ പോയി. കമ്യൂട്ടര്‍ ബൈക്ക് വിഭാഗത്തിലേക്ക് ഞങ്ങള്‍ ഒരിക്കലും പോകരുതായിരുന്നു

-ആനന്ദ് മഹീന്ദ്ര

മുംബൈ: ഇരുചക്ര യാത്രാ വാഹന വിപണിയിലേക്കിറങ്ങാനുള്ള കമ്പനിയുടെ തീരുമാനം അബദ്ധമായിരുന്നെന്ന് തുറന്നുപറഞ്ഞ് പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ തലവന്‍ ആനന്ദ് മഹീന്ദ്ര. എന്‍ട്രി ലെവല്‍ ബൈക്ക്, സ്‌കൂട്ടര്‍ വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിക്കാതെ പോയ സാഹചര്യത്തിലാണ് ദശാബ്ദം മുന്‍പത്തെ തീരുമാനം പിഴച്ചെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. 2008 ജൂലൈ മാസത്തിലാണ് കൈനറ്റിക് മോട്ടോഴ്‌സിനെ സ്വന്തമാക്കിയാണ് മഹീന്ദ്ര ഏറെ പ്രതീക്ഷയോടെ ഈ മേഖലയിലേക്കിറങ്ങിയത്. ‘ഫ്രീഡം’ ബൈക്കുകളെ മോജോ എന്ന പേരില്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു കമ്പനിയുടെ രംഗപ്രവേശം.

എന്നാല്‍ ഹീറോ മോട്ടോര്‍കോര്‍പ്പും, ഹോണ്ടയും അടക്കിവാഴുന്ന എന്‍ട്രി ലെവല്‍ ഇരുചക്ര വിപണിയില്‍ കാലുറപ്പിച്ചു നില്‍ക്കാന്‍ മഹീന്ദ്രയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 21 ദശലക്ഷത്തിലേറെ യൂണിറ്റുകളുടെ വാര്‍ഷിക വില്‍പ്പനയുള്ള ആഭ്യന്തര വിപണിയില്‍ മഹീന്ദ്രയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വില്‍ക്കാനായത് കേവലം 4,004 യൂണിറ്റുകള്‍ മാത്രമാണ്. 2018-19 ലേതിനേക്കാള്‍ വില്‍പ്പന 73% ഇടിഞ്ഞു. 3,115 ബൈക്കുകള്‍ വിറ്റ കാവസാക്കി മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്രക്ക് പിന്നിലുള്ളത്. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇരുചക്ര വാഹന വില്‍പ്പന 4.86% മുന്നേറ്റമുണ്ടാക്കിയപ്പോഴാണ് മഹീന്ദ്രയുടെ പിന്നോട്ടുള്ള ഡ്രൈവിംഗ്.

അതേസമയം പ്രീമിയം ബൈക്കുകളുടെ വിഭാഗത്തില്‍ കമ്പനി ആത്മവിശ്വാസത്തിലാണ്. ഒരു വര്‍ഷം മുന്‍പ് ജാവാ ബ്രാന്‍ഡ് ബൈക്കുകളെ ഇന്ത്യയിലെത്തിച്ച പദ്ധതി വിജയിച്ചു കഴിഞ്ഞെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍പ് ഏറ്റെടുത്ത ബിഎസ്എ ബൈക്കുകളുടെ വിപണി പ്രവേശം ഉടനുണ്ടാകുമെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. ഏപ്രില്‍ മാസത്തോടെ വാഹന വിപണിയിലെ ആവശ്യകത തിരികെ വരുമെന്നും കൃഷി അനുബന്ധ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏപ്രിലില്‍ ബിഎസ്-6 വരുന്നത് വാഹന വിപണിയില്‍ കുതിപ്പുണ്ടാക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

Comments

comments

Categories: FK News