കന്നി പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി വാണിജ്യ വൈദ്യുത വിമാനം

കന്നി പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി വാണിജ്യ വൈദ്യുത വിമാനം

ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ‘ഹാര്‍ബര്‍ എയര്‍’ സീപ്ലെയ്‌നാണ് ചരിത്രം സൃഷ്ടിച്ചത്

വാന്‍കൂവര്‍: ഇലക്ട്രിക് കാറുകളുടെ കാലത്ത് ഇലക്ട്രിക് വിമാനങ്ങള്‍ക്കുമുണ്ട് ചിലത് തെളിയിക്കാന്‍! ലോകത്ത് ഇതാദ്യമായി കന്നി പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഒരു പൂര്‍ണ വൈദ്യുത വാണിജ്യ വിമാനം. കാനഡയിലെ വാന്‍കൂവറിലാണ് ‘ഹാര്‍ബര്‍ എയര്‍’ വിമാനം ചരിത്രം സൃഷ്ടിച്ചത്.

സിയാറ്റില്‍ ആസ്ഥാനമായ മാഗ്നിക്‌സ് ആണ് ‘ഹാര്‍ബര്‍ എയര്‍’ വിമാനത്തിനുവേണ്ടി ഇലക്ട്രിക് മോട്ടോര്‍ രൂപകല്‍പ്പന ചെയ്തത്. 750 കുതിരശക്തി പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോര്‍, ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന സമുദ്ര വിമാനത്തില്‍ (സീപ്ലെയ്ന്‍) ഘടിപ്പിക്കുകയായിരുന്നു. ഡി ഹാവിലാന്‍ഡ് കാനഡയുടെ ഡിഎച്ച്‌സി-2 ബീവര്‍ വിമാനമാണ് കന്നി പരീക്ഷണപ്പറക്കലിന് ഉപയോഗിച്ചത്. വിമാനം പറത്താന്‍ ഹാര്‍ബര്‍ എയര്‍ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗ്രെഗ് മക്‌ഡൊഗാല്‍ തന്നെ രംഗത്തെത്തി.

പൂര്‍ണ വൈദ്യുത വിമാനങ്ങള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്താന്‍ കഴിയുമെന്ന് ഈ വിജയം തെളിയിക്കുന്നതായി മാഗ്നിക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് റോയി ഗന്‍സാര്‍സ്‌കി പറഞ്ഞു. വാന്‍കൂവറില്‍നിന്ന് വിസ്‌ലര്‍ സ്‌കി റിസോര്‍ട്ടിലേക്കും സമീപ ദ്വീപുകളിലേക്കും വര്‍ഷംതോറും ആയിരക്കണക്കിന് ആളുകളാണ് ഹാര്‍ബര്‍ എയറില്‍ യാത്ര ചെയ്യുന്നത്. മുഴുവന്‍ വിമാനങ്ങളും വൈദ്യുതീകരിക്കാനാണ് ഹാര്‍ബര്‍ എയര്‍ ആലോചിക്കുന്നത്. നാല്‍പ്പതിലധികം സീപ്ലെയ്‌നുകളാണ് ഹാര്‍ബര്‍ എയറിന്റെ കൈവശമുള്ളത്.

വാണിജ്യ വൈദ്യുത വിമാനത്തിന്റെ ആദ്യത്തെ പരീക്ഷണപ്പറക്കല്‍ കാണാന്‍ സൂര്യനുദിച്ച സമയത്തുതന്നെ നൂറോളം പേര്‍ എത്തിയിരുന്നു. പതിനഞ്ച് മിനിറ്റോളം ഇലക്ട്രിക് വിമാനം ആകാശത്ത് പറന്നു. വിശ്വാസ്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ഇലക്ട്രിക് പ്ലെയ്ന്‍ ഇനിയും പരീക്ഷിക്കേണ്ടതുണ്ട്. മാത്രമല്ല, വിവിധ ഏജന്‍സികള്‍ ഇലക്ട്രിക് മോട്ടോര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുകയും വേണം.

Comments

comments

Categories: Auto