സിഎസ്ആര്‍ പദ്ധതികള്‍ വ്യാപിപ്പിച്ച് ആസ്റ്റര്‍

സിഎസ്ആര്‍ പദ്ധതികള്‍ വ്യാപിപ്പിച്ച് ആസ്റ്റര്‍

ഇന്ത്യ, എത്യോപ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ 5 പുതിയ ആസ്റ്റര്‍ വോളണ്ടിയേര്‍സ് മൊബീല്‍ മെഡിക്കല്‍ സേവനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 33ാം സ്ഥാപക ദിനം ആഘോഷിച്ചു

കൊച്ചി: ജിസിസിയിലുടനീളമുള്ള ഏറ്റവും വലിയ സ്വകാര്യ, സംയോജിത ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നും ഇന്ത്യയിലെ അതിവേഗം വളരുന്ന ഹെല്‍ത്ത് കെയര്‍ ശൃംഖലയുമായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 33ാമത് സ്ഥാപക ദിനം ആഘാഷിച്ചു. സ്ഥാപനത്തിന്റെ ആഗോള സിഎസ്ആര്‍ പ്രോഗ്രാമായ ആസ്റ്റര്‍ വൊളണ്ടിയേര്‍സിലൂടെ 3 രാജ്യങ്ങളിലായി 5 പുതിയ ആസ്റ്റര്‍ വോളണ്ടിയേര്‍സ് മൊബീല്‍ മെഡിക്കല്‍ സേവനങ്ങളും, ഗ്രൂപ്പിനുള്ളില്‍ ഒരു ‘ഗ്രീന്‍ ചോയ്‌സസ്’ ക്യാമ്പയിനും ഉള്‍പ്പെടെ സ്ഥാപനത്തിനകത്തും പുറത്തും വിവിധ ഉദ്യമങ്ങള്‍ പ്രഖ്യാപിച്ചു.

എത്യോപ്യ, ഒമാന്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് 5 പുതിയ ആസ്റ്റര്‍ വോളണ്ടിയേര്‍സ് മൊബീല്‍ മെഡിക്കല്‍ സേവനങ്ങള്‍പ്രഖ്യാപിച്ചത്. എത്യോപ്യയില്‍ അവതരിപ്പിക്കുന്ന മെഡിക്കല്‍ സേവനം, എത്യോപ്യന്‍ ആരോഗ്യ മന്ത്രാലയവും, സെന്റ് പോള്‍ ഹോസ്പിറ്റല്‍ ആന്റ് മില്ലേനിയം കോളേജും സഹകരിച്ചായിരിക്കും പ്രാവര്‍ത്തികമാക്കുക. ശേഷിക്കുന്ന യൂണിറ്റുകള്‍ ഒമാന്‍, കേരളത്തില്‍ കൊച്ചി, വയനാട്, കര്‍ണ്ണാടകയില്‍ ബംഗളൂരു എന്നിവിടങ്ങളിലായിരിക്കും ഉടന്‍ ആരംഭിക്കുക. ഈ മേഖലകളിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ നിലവിലുള്ള മെഡിക്കല്‍ സ്ഥാപനങ്ങളുടെ പിന്തുണയോടെയായിരിക്കും ഇവയുടെയെല്ലാം പ്രവര്‍ത്തനം. ബെംഗളൂരുവില്‍ തുടങ്ങാനിരിക്കുന്ന മൊബീല്‍ ക്ലിനിക്ക് അശോക് ലെയ്‌ലാന്‍ഡുമായി സഹകരിച്ചാണ് ആരംഭിക്കുക.

സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് അല്‍ ഖുസൈസിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ എത്യോപ്യയ്ക്കുള്ള മൊബീല്‍ ക്ലിനിക് സര്‍വീസ് വാഹനത്തിന്റെ ഫഌഗ് ഓഫ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും, എഫ്ഡിആര്‍ ഓഫ് എത്യോപ്യയുടെ കോണ്‍സുലര്‍ ജനറല്‍ ഹിസ് എക്‌സലന്‍സി ജറുസലേം ആംഡിമാറിയം ടഡേസ്സായും ചേര്‍ന്ന് നിര്‍വഹിച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയിലെ ഹെല്‍ത്ത് പോളിസീസ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഡയറക്ടര്‍ ഡോ. ഹനാന്‍ ഒബൈദ്, ദുബായ് ആംബുലന്‍സിലെ ഡോ. ഒമര്‍ സഖാഫ് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ജെ വില്‍സണ്‍ എന്നിവരും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ മറ്റ് മുതിര്‍ന്ന മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

33 വര്‍ഷത്തെ യാത്രയില്‍ ഞങ്ങള്‍ ശക്തമായി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളിലൊന്നാണ് അനുകമ്പയെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആസ്റ്റര്‍ വോളണ്ടിയേര്‍സിന്റെ വിവിധ സംരംഭങ്ങളില്‍ നിന്നായി 1.2 ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് പ്രയോജനം ലഭിച്ചത്.

Comments

comments

Categories: FK News