കോര്‍പ്പറേറ്റ് കമ്പനികളിലെ വനിതാ സാന്നിധ്യം 9 % ഉയര്‍ന്നു

കോര്‍പ്പറേറ്റ് കമ്പനികളിലെ വനിതാ സാന്നിധ്യം 9 % ഉയര്‍ന്നു
  • വനിതാ സാന്നിധ്യം ഏറ്റവും കൂടുതല്‍ ബെംഗളുരുവില്‍ (34%)
  • കമ്പനി ബോര്‍ഡില്‍ വനിതാ പങ്കാളിത്തം 5ല്‍ നിന്നും 13 % ആയി

മുംബൈ: ലിംഗ വൈവിധ്യത്തിന് മുന്‍ഗണന നല്‍കി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികളിലെ വനിതാ ജോലിക്കാരുടെ എണ്ണത്തില്‍ വര്‍ധന. ജോലിയിലേക്കുള്ള മടങ്ങിവരവ്, സ്ത്രീകള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ നടപ്പാക്കിയതോടെയാണ് കമ്പനികളിലെ സ്ത്രീ- പുരുഷ അനുപാതത്തില്‍ പുരോഗമനമുണ്ടായതെന്ന് സിനോവ്- ഇന്റല്‍ ലിംഗ വൈവിധ്യ പഠനം 2019 സൂചിപ്പിക്കുന്നു.

രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികളിലുള്ള വനിതാ പങ്കാളിത്തം അഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്ന 21 ശതമാനത്തില്‍ നിന്നും 30 ശതമാനമായി ഉയര്‍ന്നു. സാങ്കേതിക വിദ്യ ഇതര വിഭാഗത്തില്‍ 31 ശതമാനം പങ്കാളിത്തമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാങ്കേതികവിദ്യ വിഭാഗത്തില്‍ ഇത് 26 ശതമാനമാണെന്നും മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ സിനോവും ഇന്റല്‍ ഇന്ത്യയും സംയുക്തമായി നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നു. മുതിര്‍ന്ന നേതൃ വിഭാഗത്തില്‍ 11 ശതമാനം വനിതകളാണുള്ളത്. ഇടത്തരം വിഭാഗത്തില്‍ 20 ശതമാനവും ജൂനിയര്‍ വിഭാഗത്തില്‍ 38 ശതമാനവും സ്ത്രീളാണെന്ന് പഠനം സൂചിപ്പിക്കുന്നു.

കമ്പനി ബോര്‍ഡിലെത്തിയ വനിതകളുടെ എണ്ണം 2012ല്‍ 5% ആയിരുന്നത് 2018ല്‍ 13 ശതമാനമായി വര്‍ധിച്ചതായും പഠനം വ്യക്തമാക്കുന്നു. ടെക്‌നോളജി സേവന ദാതാക്കള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ആഗോള സാന്നിധ്യമുള്ള സ്ഥാപനങ്ങള്‍ അടക്കമുള്ള 60 കമ്പനികളിലാണ് ഇതു സംബന്ധിച്ച പഠനം നടന്നത്. വന്‍കിട സ്ഥാപനങ്ങളിലാണ് വനിതാ ജോലിക്കാര്‍ കൂടുതലായുള്ളത്. ഈ വിഭാഗത്തില്‍ 33 ശതമാനമാണ് വനിതാ പങ്കാളിത്തം. ഇടത്തരം സ്ഥാപനങ്ങളില്‍ 27 ശതമാനവും ചെറുകിട കമ്പനികളില്‍ 21 ശതമാനം പങ്കാളിത്തവും രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോള മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ (ഇന്ത്യയില്‍ സാന്നിധ്യമുള്ള അന്തര്‍ദേശീയ കമ്പനികള്‍) ജോലി ചെയ്യുന്നവരില്‍ 25 ശതമാനത്തോളം സ്ത്രീകളാണ്. ആഭ്യന്തര എംഎന്‍സികളില്‍ 30 ശതമാനം സ്ത്രീകളും എംഎന്‍സി ഇതര സ്ഥാപനങ്ങളില്‍ 31 ശതമാനം സ്ത്രീ പങ്കാളിത്തവുമാണുള്ളതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ലിംഗ വൈവിധ്യം ഏറ്റവും കൂടുതലുള്ളത് ഒന്നാം നിര നഗരങ്ങളിലെ കമ്പനികളിലാണ്(31%). 25 ശതമാനം സ്ത്രീകളാണ് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലുള്ളത്. 34 ശതമാനത്തോടെ വനിതാ സാന്നിധ്യം ഏറ്റവും കൂടുതലുള്ള നഗരം ബെംഗളുരു ആണ്. മുംബൈയും (33%) പൂനെയും (32%) തൊട്ടുപിന്നിലായി സ്ഥാനം പിടിച്ചിരിക്കുന്നു.

വര്‍ഷങ്ങളായി ലിംഗ വൈവിധ്യ പരിപാടികളും ബോധവല്‍ക്കരണവും നടപ്പാക്കുന്ന കമ്പനികളിലാണ് ഇത്തവണ വനിതകളുടെ സാന്നിധ്യം വര്‍ധിച്ചിരിക്കുന്നതെന്നും പഠനം എടുത്തു പറയുന്നു. എംഎന്‍സി ഇതര വിഭാഗത്തില്‍ സ്റ്റാര്‍ട്ടപ്പുകളിലാണ് വനിതകള്‍ ഏറെയുള്ളത്. സ്റ്റാര്‍ട്ടപ്പുകള്‍ പ്രാരംഭ ഘട്ടത്തില്‍ സ്ത്രീ-പുരുഷ ഭേദം നോക്കിയുള്ള തെരഞ്ഞെടുപ്പുകള്‍ നടത്താറില്ലെന്നും കഴിവിനു മുന്‍തൂക്കം നല്‍കി റിക്രൂട്ട്‌മെന്റ് നടത്തുന്നതായും പഠനം വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy