അബുദാബിയിലെ കെമിക്കല്‍ കമ്പനി: റിലയന്‍സും അഡ്‌നോകും കരാറില്‍ ഒപ്പുവെച്ചു

അബുദാബിയിലെ കെമിക്കല്‍ കമ്പനി: റിലയന്‍സും അഡ്‌നോകും കരാറില്‍ ഒപ്പുവെച്ചു

പിവിസിയുടെ അടിസ്ഥാനഘടകമായ എതിലീന്‍ ഡൈക്ലോറൈസ് നിര്‍മാണമാണ് പദ്ധതിയിടുന്നത്

അബുദാബി: അബുദാബിയിലെ റുവൈസില്‍ എതിലീന്‍ ഡൈക്ലോറൈസ് (ഇഡിസി) നിര്‍മാണശാല ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും അബുദാബി നാഷ്ണല്‍ ഓയില്‍ കമ്പനിയും കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ വിനൈല്‍ വിപണിയില്‍ അടക്കം പിവിസിക്ക് (പോളിവിനൈല്‍ ക്ലോറൈഡ്) ഉണ്ടാകാന്‍ പോകുന്ന വളര്‍ച്ച കണക്കിലെടുത്താണ് പിവിസി നിര്‍മാണത്തിന്റെ അടിസ്ഥാന ഘടകമായ എതിലീന്‍ ഡൈക്ലോറൈസ് നിര്‍മാണത്തിനായി റിലൈന്‍സും അഡ്‌നോകും കൈകോര്‍ക്കുന്നത്.

അഡ്‌നോകിന്റെ റുവൈസിലുള്ള റിഫൈനിംഗ്, പെട്രോകെമിക്കല്‍ കേന്ദ്രത്തിന് സമീപത്തായി ഇഡിസി നിര്‍മാണശാല ആരംഭിക്കുന്നതിനുള്ള സാധ്യതയാണ് ഇരുകമ്പനികളും തേടുന്നത്. മാത്രമല്ല, പെട്രോകെമിക്കല്‍ മേഖലയില്‍ ഭാവി സഹകരണത്തെ പിന്താങ്ങുന്ന രീതിയില്‍ നിലവിലെ ബന്ധം ശക്തിപ്പെടുത്താനും കരാര്‍ ലക്ഷ്യമിടുന്നു.

പ്രധാനമായും പിവിസിയുടെ പോളിമറൈസേഷന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വിനൈല്‍ ക്ലോറൈഡ് മോണമര്‍ ഉണ്ടാക്കുന്നതിനാണ് എതിലീന്‍ ഡൈക്ലോറൈഡ് ഉപയോഗിക്കുന്നത്. പൈപ്പുകള്‍, ഫിറ്റിംഗുകള്‍, ട്യൂബുകള്‍, ജനലുകള്‍, വാതിലുകള്‍, വയറുകള്‍, കേബിള്‍, ഷീറ്റ്, റൂഫിംഗ് എന്നിവയുടെ നിര്‍മാണത്തിനാണ് പിവിസി വ്യാപകമായി ഉപയോഗിക്കുന്നത്. കെട്ടിടനിര്‍മാണം, അടിസ്ഥാനസൗകര്യം, കാര്‍ഷിക മേഖല, ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയവയെല്ലാം വിനൈല്‍ വ്യവസായ മേഖലയില്‍ ഉള്‍പ്പെടുന്നവയാണ്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇഡിസി ഉല്‍പ്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും കയറ്റുമതി ചെയ്യുന്നതും അമേരിക്കയാണെങ്കിലും ഭാവിയില്‍ ഇഡിസിയുടെ ആവശ്യകതയില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏതാണ്ട് 17 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാധ്യത കണക്കിലെടുത്താണ് റിലയന്‍സും അഡ്‌നോകും ഇഡിസി നിര്‍മാണ മേഖലയില്‍ സംയുക്ത സംരംഭം പദ്ധതിയിടുന്നത്. കരാര്‍ പ്രകാരം ഇഡിസി നിര്‍മാണത്തിന് വേണ്ട എതിലീനും റുവൈസിലെ ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യവും അഡ്‌നോക് നല്‍കും. അതേസമയം ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള റിലയന്‍സ് തങ്ങളുടെ നിര്‍മാണശേഷി പ്രയോജനപ്പെടുത്തി നിര്‍മാണ പ്രവൃത്തികള്‍ ഏകോപിപ്പിക്കുകയും ഇന്ത്യന്‍ വിനൈല്‍ വിപണിയിലടക്കം കമ്പനി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി പ്രവേശനത്തിന് അവസരമൊരുക്കുകയും ചെയ്യും.

സമീപകാലത്തായി രാജ്യത്തെ റിഫൈനിംഗ്, പെട്രോകെമിക്കല്‍ മേഖലകളില്‍ വലിയ തോതില്‍ നിക്ഷേപം നടത്തി ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ് അഡ്‌നോക്. ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്താവായ ഇന്ത്യയില്‍ എണ്ണ സംഭരിക്കാനും അഡ്‌നോക് പദ്ധതിയിടുന്നുണ്ട്. ഇന്ത്യയുടെ തന്ത്രപ്രധാന പെട്രോളിയം സംഭരണ പരിപാടിയില്‍ പങ്കാളിയായ ഏക വിദേശ കമ്പനി കൂടിയാണ് അഡ്‌നോക്. മാത്രമല്ല മഹാരാഷ്ട്രയില്‍ പദ്ധതിയിട്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറി പദ്ധതിയിലും അഡ്‌നോക് പങ്കാളിയാണ്. എന്നാല്‍ മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാരിന്റെ എതിര്‍പ്പ് മൂലം പദ്ധതിയുടെ ഭാവി ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.

റിലയന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി , യുഎഇ സഹമന്ത്രിയും അഡ്‌നോക് ഗ്രൂപ്പ് സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് അല്‍ ജബെര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അഡ്‌നോകിന്റെ ഡൗണ്‍സ്ട്രീം ഡയറക്ടറേറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുള്‍അസീസ് അല്‍ഹജ്രി, റിലയന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നിഖില്‍ അര്‍ മെസ്വാനി എന്നിവര്‍ തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചത്.

Comments

comments

Categories: Arabia

Related Articles