2020ല്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയില്ല: ജെഫ്രി ഗുണ്ട്‌ലക്ക്

2020ല്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയില്ല: ജെഫ്രി ഗുണ്ട്‌ലക്ക്
  • നെഗറ്റീവ് സൂചനകള്‍ നല്‍കാതെ മാന്ദ്യമുണ്ടാകില്ല
  • യുഎസ്-ചൈന വ്യാപാര കരാര്‍ യുഎസ് തെരഞ്ഞെടുപ്പിന് ശേഷം മാത്രം

ന്യൂയോര്‍ക്ക്: യുഎസും ചൈനയും അടുത്ത കാലത്തൊന്നും വ്യാപാര കരാറില്‍ ഏര്‍പ്പെടുമെന്ന് ഉറപ്പില്ലെങ്കിലും 2020ല്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയില്ലെന്ന് വാള്‍സ്ട്രീറ്റിലെ ബോണ്ട് കിംഗ് എന്ന പേരില്‍ അറിയപ്പെടുന്ന ഡബിള്‍ലൈന്‍ കാപ്പിറ്റല്‍ സിഇഒ ജെഫ്രി ഗുണ്ട്‌ലക്ക് വ്യക്തമാക്കി. വിപണിയില്‍ നെഗറ്റീവ് സൂചനകള്‍ നല്‍കാതെ ഇക്കാലമത്രയും സാമ്പത്തിക മാന്ദ്യം ഉണ്ടായിട്ടില്ല, അതിനാല്‍ 2020ല്‍ സാമ്പത്തിക മാന്ദ്യത്തിന് തീരെ സാധ്യതയില്ലെന്ന് അമേരിക്കയിലെ പ്രമുഖ നിക്ഷേപകനും ബിസിനസുകാരനുമായ അദ്ദേഹം ചൂണ്ടിക്കാട്ടി. ” നിലവില്‍ മാന്ദ്യമുണ്ടാകാനുളള സൂചനകള്‍ കുറവാണ്. ഡിസംബര്‍- ജനുവരി കാലയളവിലും ഈ വിഷയത്തില്‍ ഇതുവരെ സൂചനകളൊന്നുമില്ല. വിപണി പോസിറ്റീവായി മുന്നോട്ടു പോകുമെന്നതിനാല്‍ അടുത്ത ആറ് മുതല്‍ 12 മാസത്തേക്ക് സാമ്പത്തിക മാന്ദ്യമുണ്ടാകാന്‍ സാധ്യതയില്ല”, ജെഫ്രി പറഞ്ഞു.

നടപ്പുവര്‍ഷം ആദ്യത്തോടെ നിക്ഷേപകര്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുന്ന ഭയത്തിലായിരുന്നു. എന്നാല്‍ യുഎസ്-ചൈന വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ മാന്യുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയാണ് ഉണ്ടായത്. മാന്യുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ സ്ഥിരതയാര്‍ന്നതാണ്. ആഗോള തലത്തില്‍ മികച്ച സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളായ യുഎസും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഓഹരികള്‍ കഴിഞ്ഞ ഒക്ടോബറിലും നവംബറിലും റെക്കോര്‍ഡ് തലത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ യുഎസും ചൈനയും തമ്മിലുള്ള ഇടപാടുകളില്‍ കഴിഞ്ഞ ദിവസം ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വീണ്ടും ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്. ഇത് പുതിയ അനിശ്ചിതത്വങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ചൈനയും യുഎസും നിലപാടില്‍ നിന്നും പിന്നോട്ട് പോയാല്‍ യുഎസ് അധികമായി കൂട്ടിച്ചേര്‍ത്ത നിരക്ക് വര്‍ധന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ നടപ്പിലാകും. ഇത് ലോകത്തിലെ രണ്ട് പ്രബല ശക്തികള്‍ക്കിടയില്‍ കൂടുതല്‍ വിള്ളലുകള്‍ വീഴ്ത്തുന്നതിനൊപ്പം ലോക രാജ്യങ്ങളെ ആശങ്കാകുലരാക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

2020 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുമ്പായി ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ കരാര്‍ ഒപ്പുവെക്കാന്‍ സാധ്യതയില്ലെന്നും ജെഫ്രി ആരോപിക്കുകയുണ്ടായി. ”യുഎസില്‍ ഒരു വര്‍ഷത്തിനുള്ളില്‍ അടുത്ത രാഷ്ട്രപതി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉടനടി ഒരു കരാര്‍ ഒപ്പുവെക്കാന്‍ ചൈന മുതിരുമെന്ന് കരുതുന്നില്ല. അമേരിക്ക നിലവില്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ ചൈന വിട്ടുവിഴ്ച നടത്താന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല”, ജെഫ്രി പറഞ്ഞു.

Comments

comments

Categories: Business & Economy