10 സ്ത്രീപക്ഷ ചെയറുകളുമായി യുജിസി

10 സ്ത്രീപക്ഷ ചെയറുകളുമായി യുജിസി

കേന്ദ്ര മഹിളാ ശിശു വികസന മന്ത്രാലയമാവും പദ്ധതിയുടെ ചെലവ് വഹിക്കുക

ന്യൂഡെല്‍ഹി: സ്ത്രീ സംബന്ധമായ പഠന വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് വിവിധ സര്‍വകലാശാലകളില്‍ വനിതാ കേന്ദ്രീകൃത അക്കാദമിക് ചെയറുകള്‍ക്ക് തുടക്കം കുറിക്കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി) ഒരുങ്ങുന്നു. സ്വാന്ത്ര്യ സമരപ്രവര്‍ത്തനങ്ങളിലും മറ്റ് മേഖലകളിലും പ്രശസ്തരായ സ്ത്രീകളുടെ നാമഥേയത്തിലായിരിക്കും ചെയറുകള്‍ അറിയപ്പെടുക.

സ്വാതന്ത്രസമര സേനാനിയും കവിയുമായ മഹാദേവി വര്‍മ്മ, ഗായിക എംഎസ് സുബ്ബലക്ഷ്മി, മറാഠ രാജ്ഞി ദേവി അഹല്യാഭായ് ഹോള്‍ക്കര്‍ തുടങ്ങിയവരുടെ പേരുകളിലാണ് വിവിധ സര്‍വകലാശാലകളില്‍ ചെയറുകള്‍ വരിക. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയവുമായി സഹകരിച്ചായിരിക്കും ചെയറുകള്‍ പ്രവര്‍ത്തിക്കുക. മന്ത്രാലയം ഇതിനായി സാമ്പത്തിക സഹായം നല്‍കും. പുതിയ ചെയറുകള്‍ സ്ഥാപിക്കുന്നതോടെ യുജിസി അനുവദിച്ച ചെയറുകളുടെ എണ്ണം 40 ആയി ഉയരും. അതേസമയം കമ്മീഷന്‍ വാഗ്ദാനം ചെയ്ത 30 ചെയറുകളില്‍ 10 ല്‍ താഴെ ചെയറുകള്‍ മാത്രമേ നിലവില്‍ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ.

Categories: FK News
Tags: UGC