ലിംഗസമത്വത്തില്‍ നില മെച്ചപ്പെടുത്തി യുഎഇ; അറബ് മേഖലയില്‍ ഒന്നാംസ്ഥാനം

ലിംഗസമത്വത്തില്‍ നില മെച്ചപ്പെടുത്തി യുഎഇ; അറബ് മേഖലയില്‍ ഒന്നാംസ്ഥാനം

ആഗോളതലത്തില്‍ 26ാം സ്ഥാനം

ദുബായ്: ഐക്യരാഷ്ട്രസഭയുടെ ഈ വര്‍ഷത്തെ ആഗോള ലിംഗ അസമത്വ സൂചികയില്‍ നില മെച്ചപ്പെടുത്തി യുഎഇ. പട്ടികയില്‍ 23 സ്ഥാനങ്ങള്‍ മുന്നേറി ഇത്തവണ 26ാം സ്ഥാനത്ത് ഇടം നേടിയ യുഎഇ അറബ് മേഖലയില്‍ ഒന്നാംസ്ഥാനത്താണ്.

ലിംഗ വിവേചനത്തിന്റെ തോതിനെ സൂചിപ്പിക്കുന്ന ലിംഗ അസമത്വ സൂചിക 2010 മുതല്‍ക്കാണ് ഐക്യരാഷ്ട്ര സഭ വികസന പരിപാടികളുടെ (യുഎന്‍ഡിപി) മാനവ വികസന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ ആരംഭിച്ചത്. മാനവ വികസനത്തിന്റെ മൂന്ന് പ്രധാന മേഖലകളായ പ്രത്യുല്‍പ്പാദന ആരോഗ്യം, ശാക്തീകരണം, സാമ്പത്തിക സ്ഥിതി എന്നീ മേഖലകളിലുള്ള ലിംഗ വിവേചനമാണ് സൂചികയിലൂടെ അളക്കുന്നത്.

രാജ്യത്ത് തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം ഉറപ്പാക്കുന്നതിനുള്ള നിയമം അടക്കം കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ ലിംഗ സമത്വ പരിപാടികളാണ് പട്ടികയില്‍ നില മെച്ചപ്പെടുത്താന്‍ യുഎഇയെ സഹായിച്ചത്. നേട്ടത്തില്‍ അഭിമാനം കൊള്ളുന്നതായി യുഎഇയിലെ ലിംഗ സമത്വ കൗണ്‍സില്‍ പ്രസിഡന്റ് ഷേഖ മനല്‍ ബിന്റ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. 2021ഓടെ ലിംഗ സമത്വത്തില്‍ ലോകത്തിലെ ആദ്യ 25 രാജ്യങ്ങളില്‍ ഒന്നായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് 2015ല്‍ യുഎഇ ലിംഗ സമത്വ കൗണ്‍സിലിന് രൂപം നല്‍കിയതെന്നും അവര്‍ പറഞ്ഞു.

ആഗോളതലത്തില്‍ നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ജര്‍മനി, ഹോങ്കോംഗ് എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കി. ബുറുണ്ടി, ദക്ഷിണ സുഡാന്‍, ചാഡ്, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, നൈഗര്‍ എന്നീ രാജ്യങ്ങളാണ് ലിംഗ അസമത്വ സൂചികയില്‍ ഏറ്റവും പിന്നിലുള്ളത്.

Comments

comments

Categories: Arabia