ടാറ്റ നെക്‌സോണ്‍ ഇവി ഈ മാസം 19 ന് അനാവരണം ചെയ്യും

ടാറ്റ നെക്‌സോണ്‍ ഇവി ഈ മാസം 19 ന് അനാവരണം ചെയ്യും

നെക്‌സോണ്‍ ഇവി അവതരിപ്പിക്കുന്നതിനൊപ്പം ഫേസ്‌ലിഫ്റ്റ് ചെയ്ത നെക്‌സോണ്‍ എസ്‌യുവി കൂടി പുറത്തിറക്കും

മുംബൈ: ടാറ്റ നെക്‌സോണ്‍ ഇവിയുടെ ആഗോള അരങ്ങേറ്റ തീയതി ഒരിക്കല്‍കൂടി പുനര്‍നിശ്ചയിച്ചു. ഈ മാസം 19 ന് വൈദ്യുത വാഹനം അനാവരണം ചെയ്യും. ഇത് രണ്ടാം തവണയാണ് തീയതി മാറ്റുന്നത്. ആദ്യം ഡിസംബര്‍ 16 നും പിന്നീട് ഡിസംബര്‍ 17 നും തീരുമാനിച്ച ചടങ്ങാണ് ഈ മാസം 19 ലേക്ക് മാറ്റിയത്. 2020 തുടക്കത്തില്‍ ഇലക്ട്രിക് എസ്‌യുവി വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ മോട്ടോഴ്‌സിന്റെ സിപ്‌ട്രോണ്‍ ഇവി പവര്‍ട്രെയ്ന്‍ സാങ്കേതികവിദ്യ നെക്‌സോണ്‍ ഇവി ഉപയോഗിക്കും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നില്‍ കൂടുതല്‍ വേരിയന്റ് ഉണ്ടായിരിക്കും. ഇലക്ട്രിക് വാഹനത്തിന് 15 ലക്ഷം രൂപയോളം എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം.

ഘട്ടംഘട്ടമായാണ് നെക്‌സോണ്‍ ഇവി വിപണിയില്‍ ലഭ്യമാക്കുന്നത്. ആദ്യ ഘട്ടത്തില്‍ മുംബൈ, താനെ, നവി മുംബൈ, പുണെ, ബെംഗളൂരു, അഹമ്മദാബാദ്, ന്യൂഡെല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങളില്‍ ടാറ്റ നെക്‌സോണ്‍ ഇവി ലഭിക്കും.

നെക്‌സോണ്‍ ഇവി അവതരിപ്പിക്കുന്നതിനൊപ്പം ഫേസ്‌ലിഫ്റ്റ് ചെയ്ത ടാറ്റ നെക്‌സോണ്‍ എസ്‌യുവി കൂടി പുറത്തിറക്കും. പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഉപയോഗിക്കുന്ന നെക്‌സോണിലെ സ്റ്റൈലിംഗ് പരിഷ്‌കാരങ്ങള്‍ ഇലക്ട്രിക് പതിപ്പിലും കാണാന്‍ കഴിയും. മുന്നിലെ രൂപകല്‍പ്പന അല്‍പ്പം വ്യത്യസ്തമായിരിക്കും.

Comments

comments

Categories: Auto
Tags: Tata nexon