സ്റ്റാര്‍ട്ടപ്പ് സംരംഭം വിജയിക്കാന്‍ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍

സ്റ്റാര്‍ട്ടപ്പ് സംരംഭം വിജയിക്കാന്‍ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ തുടക്കത്തില്‍ തന്നെ സംരംഭകര്‍ കാണിക്കുന്ന ചെറിയ പിഴവുകളും വീഴ്ചകളും ബിസിനസിനെയാകെ തകര്‍ത്തതിന് ഏറെ ഉദാഹരണങ്ങളുണ്ട്. വിപണിയെ കുറിച്ചും നമ്മുടെ ഉല്‍പ്പന്നത്തെക്കുറിച്ചും കൃത്യമായ ധാരണയോടെ രംഗത്തിറങ്ങുകയും തിരിച്ചടികളില്‍ നിന്ന് പാഠം പഠിച്ച് തിരുത്താനുള്ള തുറന്ന മനസ് ഉണ്ടാവുകയും വേണം. ജീവനക്കാരെ നിയമിക്കുന്നതിലും ശമ്പളം തീരുമാനിക്കുന്നതിലും നിക്ഷേപകരെ തേടുന്നതിലുമൊക്കെ പ്രൊഫഷണല്‍ സമീപനം വേണം

തെറ്റുകള്‍ എല്ലാവര്‍ക്കും പറ്റും. പരീക്ഷണങ്ങള്‍ നടത്തുന്ന സംരംഭകര്‍ക്ക് പ്രത്യേകിച്ചും. ഇന്ന് വമ്പന്മാരായി വിജയിച്ചു നില്‍ക്കുന്ന പല വ്യവസായ ഭീമന്മാരും തെറ്റുകള്‍ ചെയ്തും അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടും വളര്‍ന്നവരാണ്. പക്ഷെ വ്യാപാരി വ്യവസായികളുടെ ഉന്നമനത്തിന് ഹാനികരമാകുന്ന പല തെറ്റുകളും ഒഴിവാക്കാവുന്നതാണ്.

1. തോല്‍വി സമ്മതിക്കാന്‍ മനസ്സ് കാണിക്കുക

നമ്മള്‍ പല ബിസിനസുകളും തുടങ്ങുന്നത് അത് പരാജയപ്പെടും എന്ന് വിചാരിച്ചിട്ടല്ല. പല കാരണങ്ങള്‍ കൊണ്ട് ചിലവ തുടര്‍ന്ന് പോകാന്‍ ബുദ്ധിമുട്ടായിരിക്കും. അങ്ങനെയുള്ള സ്ഥിതിക്ക് എത്രയും പെട്ടെന്ന് ആരാണോ അത് മനസിലാക്കി ആ ബിസിനസ് വേണ്ടെന്നു വെച്ച് അടുത്തതിലേക്ക് പോകുന്നത്, അവരായിരിക്കും ശരിക്കും വിജയിക്കുന്നത്. എന്ത് ചെയ്യാം… തുടങ്ങിപ്പോയല്ലോ തുടര്‍ന്നല്ലേ പറ്റൂ, വേണ്ടെന്നു വെച്ചാല്‍ സുഹൃത്തുക്കളും ബന്ധുക്കളും എന്ത് വിചാരിക്കും…. എന്ന് കരുതി നഷ്ടം സഹിച്ചു തുടരുന്നവര്‍ തിരിച്ചു വരാന്‍ പറ്റാത്ത വിധം തകര്‍ന്നിരിക്കും.

2. അടുക്കും ചിട്ടയും പ്രാവര്‍ത്തികമാക്കുക

അടുത്ത ദിവസം ചെയ്തു തീര്‍ക്കേണ്ട പ്രധാന ജോലികളുടെ കൃത്യമായ വിവരണം ദിവസവും തയാറാക്കുക. ദിവസവും രാവിലെ ഈ ലിസ്റ്റിലേക്ക് ആകട്ടെ ആദ്യത്തെ നോട്ടം. അതില്‍ ഓരോ ജോലികളും കഴിയുമ്പോള്‍ ടിക്ക് ചെയ്യുകയും പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവ അടുത്ത ദിവസത്തേക്ക് മാറ്റി വെക്കുകയും ചെയ്യുക. മാറ്റി വെക്കുന്ന കാര്യങ്ങളുടെ ലിസ്റ്റ് ദിനംപ്രതി വര്‍ധിക്കാതെ നോക്കണേ.

3. മാര്‍ക്കറ്റിനെ കുറിച്ച് തെറ്റായ വ്യാഖ്യാനം അരുത്

പലപ്പോഴും സ്റ്റാര്‍ട്ടപ്പ് സംരംഭം തുടങ്ങുന്നവര്‍ അതാത് മേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ ആയിരിക്കും. തുടങ്ങുന്നതിന് പ്രധാന പ്രേരണയും കാരണവും അവര്‍ ജോലി ചെയ്യുന്ന കമ്പനി നേടിയ വിജയമായിരിക്കും. അതുകൊണ്ട് തന്നെ വിജയം നേടിയെടുക്കുന്നതിന് മുന്‍പ് ആ കമ്പനി നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് അവരുടെ മനസ്സില്‍ വലിയ ധാരണയുണ്ടാവാന്‍ വഴിയില്ല. സ്വന്തമായി തുടങ്ങുമ്പോള്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങളെ കുറിച്ച് മനസിലാക്കാതെ ലഭിക്കാന്‍ പോകുന്ന ലാഭത്തിന്റെ കണക്കുകള്‍ മാത്രമായിരിക്കും വ്യാഖ്യാനിക്കുക. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവ അപ്രതീക്ഷിതമായിരിക്കും. അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയാതെയും ബുദ്ധിമുട്ടും.

4. നിയോഗിക്കാന്‍ (ഡെലിഗേഷന്‍) പഠിക്കുക

ഡെലിഗേഷന്‍ ഒരു കമ്പനിയുടെ വിജയത്തിന് വളരെ പ്രധാനമാണ്. പല സ്റ്റാര്‍ട്ടപ്പുകളും തുടങ്ങിയ സ്ഥലത്തു തന്നെ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് പ്രധാന കാരണം ജോലികള്‍ വീതിച്ചു നല്‍കാന്‍ അറിയാത്തതാണ്. ഒന്നു രണ്ട് തവണ ജോലികള്‍ വീതിച്ചു നല്‍കുകയും എന്നിട്ട് പ്രതീക്ഷിച്ചപോലെ നടന്നില്ലെങ്കില്‍ താന്‍ വിചാരിച്ച പോലെ ജീവനക്കാര്‍ ജോലി ചെയ്യുന്നില്ല എന്ന് കുറ്റം പറയുകയും ചെയ്യും. നിങ്ങള്‍ ഒരു കാര്യം നല്ല രീതിയില്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ക്ക് ലഭിച്ച കഴിവ് കൊണ്ടല്ല. നിങ്ങളും കുറെ കാലം ആ ജോലി ചെയ്ത് ശീലിച്ചതായിരിക്കും. അതുകൊണ്ട് തന്നെ ജീവനക്കാര്‍ക്ക് അവസരം നല്‍കൂ. അവര്‍ ചിലപ്പോള്‍ തെറ്റ് ചെയ്യും. അത് എങ്ങനെ ആവര്‍ത്തിക്കാതിരിക്കും എന്ന് ഉപദേശിച്ച് അവര്‍ക്കുതന്നെ തുടര്‍ന്നും ആ പ്രവര്‍ത്തി ചെയ്യാന്‍ അവസരം നല്‍കുക. എല്ലാം സ്വയം ചെയ്താലേ ശരിയാവൂ എന്ന് കരുതിയാല്‍ വളര്‍ച്ച മുരടിക്കും.

5. ജീവനക്കാരെ ആലോചിച്ചു തിരഞ്ഞെടുക്കുക

എന്റെ അറിവില്‍ പല സംരംഭങ്ങളും തകരുന്നതിന് പ്രധാന കാരണം, തുടങ്ങുമ്പോള്‍ തന്നെ പല ഉയര്‍ന്ന തസ്തികകളിലും ഉയര്‍ന്ന ശമ്പളം നല്‍കി ജീവനക്കാരെ നിയമിക്കുന്നതാണ്. അതിലും കേമം, ചിലര്‍ ഐഐടി, ഐഎൈം എന്നിവയില്‍ നിന്നും പഠിച്ചിറങ്ങിയവരെ മാത്രമേ ഉയര്‍ന്ന തസ്തികയില്‍ നിയമിക്കൂ എന്നതാണ്. അതും സംരംഭം തുടങ്ങുമ്പോള്‍ തന്നെ. തീര്‍ച്ചയായും മാര്‍ക്കറ്റിംഗ് തലവന്‍, ടെക്‌നിക്കല്‍ തലവന്‍ എന്നിവരുണ്ടെങ്കിലേ വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടിംഗ് അനുവദിക്കൂ. എന്നാല്‍ അത് ഒരു കമ്പനി തുടങ്ങുമ്പോള്‍ തന്നെ ഒരിക്കലും സാധ്യമാവില്ല. വരുമാനം വരുന്നതിനു മുന്‍പ് തന്നെ കൈയില്‍ നിന്നും ചെലവ് തുടങ്ങിയാല്‍ അഞ്ചോ ആറോ മാസം കഴിയുമ്പോള്‍ ദൈനംദിന കാര്യങ്ങളെ തന്നെ ബാധിക്കും. അതിനാല്‍ സംരംഭം ഒന്ന് പച്ചപിടിക്കുന്നത് വരെ മാര്‍ക്കറ്റിംഗ് ഇത്യാദി കാര്യങ്ങള്‍ സ്വയം ചെയ്യുന്നതാണ് നല്ലത്.

6. നിക്ഷേപകരെ തേടുന്നതിന് മുന്‍പ് വിപണി ശക്തമാക്കുക

സംരംഭം തുടങ്ങുമ്പോള്‍ തന്നെ എങ്ങനെ ഫണ്ടിംഗ് കൊണ്ടുവരും എന്ന് ആലോചിക്കാതെ മാര്‍ക്കറ്റില്‍ നിങ്ങളുടെ ഉല്‍പ്പന്നത്തിന് എന്ത് പ്രതികരണമാണ് ലഭിക്കുന്നത്, അത് ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുന്നു, എന്ത് തരത്തിലുള്ള മെച്ചപ്പെടുത്തലാണ് അവര്‍ ആഗ്രഹിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കുക. കൂടാതെ നല്‍കുന്ന വിലയ്ക്ക് അനുസരിച്ച് അവര്‍ക്ക് മൂല്യം ലഭിക്കുന്നുണ്ടോ എന്നും മനസിലാക്കുക. ഇത് ലഭിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വ്യാപാരത്തില്‍ വര്‍ധനവ് ഉണ്ടാകും എന്ന് മാത്രമല്ല വിപണിയില്‍ താങ്കളുടെ ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം ഉണ്ടാക്കുന്ന ചലനങ്ങള്‍ കൊണ്ട് നിക്ഷേപകര്‍ ഇങ്ങോട്ട് തിരക്കി വരും.

7. നിങ്ങളുടെ ശമ്പളം കൃത്യമായി തീരുമാനിക്കുക

പല സംരംഭകരും തുടങ്ങുമ്പോള്‍ അവര്‍ സംരംഭത്തില്‍ നിന്നും എടുക്കുന്ന മാസ ശമ്പളത്തിന്റെ കാര്യത്തില്‍ വലിയ തെറ്റ് ചെയ്യാറുണ്ട്. ഒന്നുകില്‍ വളരെ അധികമോ അല്ലെങ്കില്‍ തീരെ കുറവോ ആയിരിക്കും ശമ്പളം. രണ്ടും തെറ്റാണ്. സ്വയം എത്ര ശമ്പളം എടുക്കണം എന്നുപോലും അറിയാത്ത ഒരാള്‍ക്ക് എങ്ങനെ മറ്റുള്ളവരുടെ വേതനം ചിട്ടപ്പെടുത്താന്‍ കഴിയും?

8. തീരുമാനങ്ങളില്‍ അമാന്തം

ശരിയായ തീരുമാനങ്ങള്‍ ശരിയായ സമയത്ത് എടുക്കാത്തതുകൊണ്ട് പരാജയപ്പെട്ട ഒരുപാട് സംരംഭങ്ങളുണ്ട്. ചിലപ്പോള്‍ വൈകാരികമായി തീരുമാനങ്ങള്‍ എടുത്ത് പരാജയപ്പെട്ടവരുമുണ്ട്. അതുകൊണ്ട് തന്നെ തീരുമാനങ്ങള്‍ വൈകിപ്പിക്കാതെ ഇരിക്കുക. കാര്യങ്ങള്‍ പ്രൊഫഷണലായി വിശകലനം ചെയ്ത് എത്രയും പെട്ടെന്ന് നടപ്പാക്കുക. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അത് കൃത്യമായി എങ്ങിനെ നടപ്പാക്കണം എന്ന് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ നടപ്പാക്കലില്‍ പാളിയ വളരെ നല്ല തീരുമാനമായ നോട്ട് അസാധുവാക്കല്‍ പോലെ ആകും.

(കല്യാണ്‍ജി സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജിസ്റ്റും ബിസിനസ് സ്ട്രാറ്റജി പ്രാസംഗികനുമാണ്. അദ്ദേഹത്തെ https://www.facebook.com/startupconsultingindia/ എന്ന ഫേസ്ബുക് ഐഡിയില്‍ ബന്ധപ്പെടാം. Whatsapp: +91-9495854409)

Categories: FK Special, Slider