സ്വകാര്യവല്‍ക്കരണം ലാഭ നഷ്ടം നോക്കിയല്ലെന്ന് സര്‍ക്കാര്‍

സ്വകാര്യവല്‍ക്കരണം ലാഭ നഷ്ടം നോക്കിയല്ലെന്ന് സര്‍ക്കാര്‍

മുന്‍ഗണനാ പട്ടികയില്‍ പെടാത്ത പൊതുമേഖലാ സംരംഭങ്ങളുടെ തന്ത്രപരമായ ഓഹരി വില്‍പ്പന സര്‍ക്കാരിന്റെ നയം

ന്യുഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒാഹരികള്‍ വില്‍ക്കുന്നത് നിതി ആയോഗ് നിശ്ചയിച്ച മാനദണ്ഡങ്ങളനുസരിച്ചാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ലാഭവും നഷ്ടവും നോക്കിയല്ല സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ശിവസേനാ എംപി സഞ്ജയ് റാവത്തിന്റെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. ‘മുന്‍ഗണനാ പട്ടികയില്‍ പെടാത്ത പൊതുമേഖലാ സംരംഭങ്ങളുടെ തന്ത്രപരമായ ഓഹരി വില്‍പ്പന സര്‍ക്കാര്‍ പിന്തുടരുന്ന നയമാണ്’ താക്കൂര്‍ പറഞ്ഞു.

28 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനുള്ള തീരുമാനമാണ് മോദി സര്‍ക്കാര്‍ തത്വത്തില്‍ കൈക്കൊണ്ടിട്ടുള്ളത്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന ബിപിസിഎല്ലും കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും ഇതില്‍പ്പെടുന്നു. കഴിഞ്ഞ മാസമാണ് ബിപിസിഎല്ലില്‍ കേന്ദ്രസര്‍ക്കാരിന് സ്വന്തമായുള്ള 53.29% ഓഹരികള്‍ വില്‍ക്കാന്‍ നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിസഭാ ധനകാര്യസമിതി അനുമതി നല്‍കിയത്. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ സര്‍ക്കാരിനുള്ള 63.75% ഓഹരിയും സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറാന്‍ സമിതി തീരുമാനമെടുത്തിരുന്നു. ഇരുകമ്പനികളുടെയും പരിപൂര്‍ണ നിയന്ത്രണാധികാരം ഉള്‍പ്പടെയാണ് നിക്ഷേപകര്‍ക്ക് കൈമാറുക.

പൊതുമേഖലാ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് ലാഭമുണ്ടാക്കുന്നവയുടെ വില്‍പ്പനയ്‌ക്കെതിരെ തൊഴിലാളികളും പ്രതിപക്ഷ നേതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. എന്നാല്‍ ഓഹരി വില്‍പ്പന നടപടികളുമായി മുമ്പോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. നടപ്പ് സാമ്പത്തിക വര്‍ഷം 1.05 ലക്ഷം കോടി രൂപ സ്വകാര്യവല്‍ക്കരണത്തിലൂടെ സമാഹരിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

Categories: FK News, Slider