പാക്കിസ്ഥാന്‍ മുന്‍പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് ജാമ്യം

പാക്കിസ്ഥാന്‍ മുന്‍പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് ജാമ്യം

വ്യാജ ബാങ്ക് എക്കൗണ്ട് കേസില്‍ 2019 ജൂണിലാണ് സര്‍ദാരിയെ നാഷണല്‍ എക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് ഇസ്ലാമാബാദ് ഹൈ കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ജാമ്യം. സര്‍ദാരിക്ക് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തിന്റെ മകനും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ചൊവ്വാഴ്ച്ച പറഞ്ഞിരുന്നു. ഇന്നലെയാണ് സര്‍ദാരിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയത്.

വ്യാജ ബാങ്ക് എക്കൗണ്ട് കേസില്‍ 2019 ജൂണിലാണ് സര്‍ദാരിയെ നാഷണല്‍ എക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ ജാമ്യം കിട്ടുമെന്ന് ബിലാവല്‍ പ്രതീക്ഷിച്ചിരുന്നു. 10 മില്യണ്‍ പാക്കിസ്ഥാന്‍ രൂപ കോടതിയില്‍ അദ്ദേഹം ജാമ്യത്തിനായി കെട്ടിവെക്കേണ്ടതുണ്ട്.

2008 മുതല്‍ 2013 വരെ പാകിസ്ഥാന്‍ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച സര്‍ദാരി സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള ഭൂപ്രഭുവാണ്. 1987ല്‍ ബേനസീര്‍ ഭൂട്ടോയെ വിവാഹം ചെയ്തതിലൂടെയാണ് പ്രസിദ്ധനായത്. 1988ല്‍ ബേനസീര്‍ ഭൂട്ടോ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയിലും വഴിത്തിരിവുണ്ടായി.

സര്‍ദാരിക്കെതിരായ വ്യാപകമായ അഴിമതിയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ 1990ല്‍ ബേനസീര്‍ ഭൂട്ടോ സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിച്ചു. 1990ല്‍ പ്രസിഡന്റ് ഗുലാം ഇസ്ഹാഖ് ഖാന്‍ ഭൂട്ടോ സര്‍ക്കാരിനെ പിരിച്ചുവിട്ടു. 1993ല്‍ ബേനസീര്‍ ഭൂട്ടോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, സര്‍ദാരി പാകിസ്ഥാന്‍ കാബിനറ്റില്‍ മന്ത്രിയായി. ബേനസീര്‍ ഭൂട്ടോയുടെ സഹോദരന്‍ മുര്‍തസ ഭൂട്ടോയും സര്‍ദാരിയും തമ്മില്‍ അസ്വരസ്യങ്ങള്‍ ഉടലെടുക്കുകയും 1996 ഡിസംബര്‍ 20ന് മുര്‍തസ കറാച്ചിയില്‍ വെച്ച് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു.

ദുബായില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന സര്‍ദാരി 2007 ഡിസംബര്‍ 7ന് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തിയത്.

Comments

comments

Categories: FK News