ചരിത്രമുറങ്ങുന്ന ബ്രോഡ്‌വേ

ചരിത്രമുറങ്ങുന്ന ബ്രോഡ്‌വേ

കൊച്ചിയുടെ പഴമയിലേക്കൊരു യാത്രയാണ് ഇവിടെ നടത്തുന്നത്. ഇന്ന് പലര്‍ക്കും കൗതുകമെന്നു തോന്നിപ്പിക്കും വിധമുള്ളതാണ് ആ ചരിത്രം. എന്നാല്‍ ചിലതെല്ലാം ആശ്ചര്യം ജനിപ്പിക്കുന്നവയുമാണ്. എല്ലാ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന ഈ കോളം ഇന്നലെകളിലെ കൊച്ചിയെ കുറിച്ചുള്ളതാണ്.

കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബ്രോഡ്‌വേ ഇന്നു കേരളത്തിന്റെ തന്നെ പ്രധാന വാണിജ്യവ്യാപാര കേന്ദ്രമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കച്ചവടക്കാരും, കസ്റ്റമേഴ്‌സും ബ്രോഡ്‌വേയിലെത്താറുണ്ട്. ബ്രോഡ്‌വേയിലെ ആദ്യകാല കച്ചവട സ്ഥാപനങ്ങളിലൊന്നാണ് എ.എന്‍. ഗുണ ഷേണായി & ബ്രദേഴ്‌സ്. പോര്‍ച്ചുഗീസുകാരുടെ ഭരണകാലത്തു ഗോവയില്‍നിന്നും കൊച്ചിയിലെത്തിയവരാണു ഷേണായിമാര്‍. എ.എന്‍.ഗുണ ഷേണായി & ബ്രദേഴ്‌സ് എന്ന കച്ചവട സ്ഥാപനം ബ്രോഡ്‌വേയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് 1843-ലാണെന്നു പറയപ്പെടുന്നു. ഹാര്‍ഡ്‌വെയര്‍ ഷോപ്പാണിത്. കെട്ടിട നിര്‍മാണ സാമഗ്രികള്‍, സാനിട്ടറിവെയര്‍ എന്നിവ ഉള്‍പ്പെടുന്ന സാധനങ്ങളാണ് വില്‍പ്പന നടത്തിയിരുന്നു. ജര്‍മനിയില്‍നിന്നുമായിരുന്നു ഇവയെല്ലാം ഗുണ ഷേണായി ഇറക്കുമതി ചെയ്തിരുന്നത്. പിന്നീട് ഫിലിം ഡിസ്ട്രിബ്യൂഷന്‍, എക്‌സിബിഷന്‍ എന്നിവയുടെ ബിസിനസിലും ഏര്‍പ്പെട്ടു. സിനിമ തീയേറ്ററുകള്‍ നിര്‍മിച്ചു കൊണ്ടാണു ഫിലിം എക്‌സിബിഷന്‍ ബിസിനസിലേക്കു ഷേണായി പ്രവേശിച്ചത്. ലക്ഷ്മണ്‍, ശ്രീധര്‍, ഷേണായീസ്, ലിറ്റില്‍ ഷേണായീസ്, പത്മ തീയേറ്ററുകള്‍ ഷേണായീസ് ഗ്രൂപ്പിന്റേതാണ്. ശ്രീധര്‍ തീയേറ്റര്‍ ബ്രോഡ്‌വേയിലാണു സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യ ഏസി തീയേറ്ററാണ് ശ്രീധര്‍. 1964 ലാണ് ശ്രീധറില്‍ ആദ്യ പ്രദര്‍ശനം ആരംഭിച്ചത്. അന്ന് തമിഴ് സൂപ്പര്‍താരമായ ശിവാജി ഗണേശനെത്തിയിരുന്നു.

ഇംഗ്ലീഷ് സിനിമകള്‍ മാത്രമാണ് ശ്രീധറില്‍ ഒരുകാലത്ത് പ്രദര്‍ശിപ്പിച്ചിരുന്നത്. അതിനു കാരണം എന്താണെന്നു പലര്‍ക്കും അറിയില്ലായിരുന്നു. ഫിലിം ഡിസ്ട്രിബ്യൂഷന്‍ ബിസിനസില്‍ ഷേണായി ഏര്‍പ്പെട്ടിരുന്നു. വിദേശത്തുള്ള കൊളംബിയ ഫിലിംസിന്റെ കേരളത്തിലെ ഒരേയൊരു പ്രതിനിധിയും ഷേണായി ആയിരുന്നു. ഇംഗ്ലീഷ് ചിത്രങ്ങളുടെ വിതരണത്തിലായിരുന്നു കൊളംബിയ ഫിലിംസ് ഏര്‍പ്പെട്ടിരുന്നത്. ഇത്തരത്തില്‍ ഇംഗ്ലീഷ് ചിത്രങ്ങളുടെ വിതരണക്കാരായ കൊളംബിയ ഫിലിംസിന്റെ കേരളത്തിലെ പ്രതിനിധി ഷേണായീസ് ഗ്രൂപ്പ് ആയിരുന്നതിനാല്‍ കൊളംബിയ ഫിലിംസിന്റെ എല്ലാ പുതിയ ചിത്രങ്ങളും ഷേണായീസ് ഗ്രൂപ്പിനു സ്വന്തം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം വന്നു ചേര്‍ന്നു. ഇതാണ് ഒരു കാലത്ത് ഇംഗ്ലീഷ് ചിത്രങ്ങള്‍ മാത്രം ശ്രീധറില്‍ പ്രദര്‍ശിപ്പിക്കാനുണ്ടായിരുന്ന കാരണം. കേരളത്തില്‍ സാഗാ ബാനറിന്റെ കീഴിലും സിനിമകളുടെ നിര്‍മാണ, വിതരണ മേഖലയില്‍ ഷേണായീസ് ഗ്രൂപ്പ് ഏര്‍പ്പെട്ടിരുന്നു. കേരളത്തിലെ സിനിമാ തീയേറ്ററുകളുടെ ചരിത്രത്തെ കുറിച്ചു പറയുകയാണെങ്കില്‍ ഷേണായീസ് ഗ്രൂപ്പിനെ ആര്‍ക്കും ഒഴിച്ചുനിര്‍ത്താനാവില്ല. കാരണം കേരളത്തിലെ ആദ്യ ഏസി, ഡോള്‍ബി സ്റ്റീരിയോ തീയേറ്ററായ ശ്രീധറും, ഏഷ്യയിലെ തന്നെ രണ്ടാമത്തെ വിസ്താരമ പ്രൊജക്ഷന്‍ (120 എംഎം സ്‌ക്രീന്‍) തീയേറ്ററായ ഷേണായീസും, ആദ്യ ഡിടിഎസ് സൗണ്ട് സിസ്റ്റത്തോടു കൂടിയ തീയേറ്ററായ പത്മയും ഷേണായീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഷേണായീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ നിര്‍മിച്ച ആദ്യ തീയേറ്റര്‍ ലക്ഷ്മണ്‍ ആണ്. 1944 ല്‍ കൊച്ചി നഗരത്തിലെ വളഞ്ഞമ്പലത്താണു തീയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കൊച്ചി-തിരുവിതാംകൂറിലെ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയും കൊച്ചിയിലെ ശ്രീ രാമ വര്‍മ പരീക്ഷിത് തമ്പുരാനുമായിരുന്നു ലക്ഷ്മണ്‍ തീയേറ്റര്‍ ഉദ്ഘാടനം ചെയ്തത്.

തീയേറ്ററില്‍ രാജകുടുംബാംഗങ്ങള്‍ക്കായി 15 സീറ്റുകള്‍ പ്രത്യേകം മാറ്റിവച്ചിരുന്നു. സിനിമ വീക്ഷിക്കാനെത്തുന്നുണ്ടെങ്കില്‍ അക്കാര്യം രാജകുടുംബാംഗങ്ങള്‍ മുന്‍കൂറായി തീയേറ്റര്‍ അധികൃതരെ അറിയിക്കുമായിരുന്നു. 1991 ല്‍ ലക്ഷ്മണ്‍ തീയേറ്റര്‍ അടച്ചുപൂട്ടി. ഇപ്പോള്‍ അവിടെ ലിങ്ക് ലക്ഷ്മണ്‍ എന്ന അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നു. ലക്ഷ്മണ്‍ തീയേറ്റര്‍ ഷേണായീസ് ഗ്രൂപ്പിന്റെ ആദ്യ തീയേറ്ററായിരുന്നെങ്കിലും കൊച്ചി നഗരത്തില്‍ ആദ്യമായി പ്രവര്‍ത്തനമാരംഭിച്ച തീയേറ്റര്‍ മേനകയായിരുന്നു. 1938 ലാണു മേനക തീയേറ്ററില്‍ പ്രദര്‍ശനമാരംഭിച്ചത്. ഷണ്‍മുഖം റോഡില്‍ ഹോട്ടല്‍ സീലോഡിനു സമീപം സ്ഥിതി ചെയ്യുന്ന മേനക ഇന്ന് പെന്റ മേനക എന്ന ഷോപ്പിംഗ് കോംപ്ലെക്‌സായി അറിയപ്പെടുന്നു. 1994 ലാണു മേനക തീയേറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. മേനക തീയേറ്ററില്‍ ആദ്യ കാലത്ത് പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രങ്ങള്‍ നിശബ്ദ ചിത്രങ്ങളായിരുന്നു. സ്‌ക്രീനായി ഉപയോഗിച്ചിരുന്നത് വെള്ള നിറത്തിലുള്ള തുണിയായിരുന്നു. സ്‌ക്രീനില്‍ കഥ പുരോഗമിക്കുമ്പോള്‍ തൊട്ടടുത്തിരുന്ന് ഒരാള്‍ പ്രേക്ഷകര്‍ക്കു കഥ വിവരിച്ചു കൊടുക്കും. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായിരുന്ന ബാലന്‍ മേനകയിലായിരുന്നു പ്രദര്‍ശിപ്പിച്ചത്. ശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയതോടെയാണു കൊട്ടക എന്ന് അറിയപ്പെട്ടിരുന്ന മേനക ടാക്കീസ് എന്ന പദവിയിലേക്കെത്തിയത്. മേനക തീയേറ്ററില്‍ ആദ്യ കാലത്ത് ഏസി ഇല്ലായിരുന്നു. പിന്നീടാണ് ഏസി സൗകര്യം വന്നത്. മേനകയും ലക്ഷ്മണ്‍ തീയേറ്ററുമൊക്കെ പ്രവര്‍ത്തനമാരംഭിച്ച ആദ്യ കാലങ്ങളില്‍ മാറ്റിനി പ്രദര്‍ശനം ഇല്ലായിരുന്നു. 60കളിലാണ് മാറ്റിനി പ്രദര്‍ശനം ആരംഭിച്ചത്. അതിനു മുന്‍പ് ഫസ്റ്റ് ഷോയും സെക്കന്‍ഡ് ഷോയും ഉള്‍പ്പെടെ രണ്ട് ഷോകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

പുസ്തക പ്രസാദകരായ പൈകോയുടെ ഷോറൂം ബ്രോഡ്‌വേയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുസ്തക വിപണനത്തിലും അച്ചടി രംഗത്തും പ്രശസ്തരായ പൈ & കമ്പനിയാണ് പൈകോ എന്നറിയപ്പെടുന്നത്. പൈകോ ബ്രോഡ്‌വേയ്ക്കു സമീപമുള്ള ജ്യൂ സ്ട്രീറ്റിലെ പൂക്കാരന്‍ മുക്കിലാണ് 1956 ല്‍ സ്ഥാപിതമായത്. എസ്.വി. പൈ എന്ന വാസുദേവ പൈയായിരുന്നു ഉടമ. ഒരു വ്യാഴവട്ടക്കാലം പൂമ്പാറ്റ എന്ന ബാലപ്രസിദ്ധീകരണം അച്ചടിച്ച് പ്രസിദ്ധീകരിച്ചു. പൂമ്പാറ്റ അമര്‍ചിത്ര കഥ, പൈകോ ക്ലാസിക്‌സ് എന്നിങ്ങനെ രണ്ട് സഹ പ്രസിദ്ധീകരണങ്ങള്‍ കൂടി പ്രസിദ്ധീകരിക്കുകയും ചെയ്തു. പൂമ്പാറ്റ എന്ന ബാലപ്രസിദ്ധീകരണത്തിന്റെ ആദ്യ ലക്കം പുറത്തിറങ്ങിയത് 1964 ലായിരുന്നു. പൂമ്പാറ്റയുടെ സ്ഥാപകന്‍ സാഹിത്യകാരനും വിവര്‍ത്തകനുമായിരുന്ന പി.ഏ. വാര്യരായിരുന്നു. എന്നാല്‍ 1978ല്‍ എസ്.വി. പൈ ഏറ്റെടുത്തപ്പോഴാണ് പൂമ്പാറ്റയ്ക്കു വ്യാപക പ്രചാരം ലഭിച്ചത്. പണ്ട് കാലത്ത് ടൈം പോലുള്ള വിദേശമാസികകളും മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ലഭിക്കണമെങ്കില്‍ പൈകോയുടെ ബ്രോഡ്‌വേയിലുള്ള ഷോറൂമിലെത്തണമായിരുന്നു.

ബ്രോഡ്‌വേയിലെ പഴക്കംചെന്ന മറ്റൊരു വ്യാപാര സ്ഥാപനമാണു പെന്‍ ഹൗസ്. ഒരു ടെലിഫോണ്‍ ബൂത്തിന്റെ വലുപ്പമുള്ളതാണു പെന്‍ ഹൗസ് എങ്കിലും അതിന് വലിയൊരു ചരിത്രം പറയാനുണ്ട്. 1964 ല്‍ ജോസഫ് എന്ന വ്യക്തിയാണ് പെന്‍ ഹൗസ് ആരംഭിച്ചത്. കോഴിക്കോട് ജില്ലയില്‍ ഒരു പേന നിര്‍മാണ ഫാക്ടറിയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ജോസഫ് ആ അനുഭവം വച്ചാണ് ബ്രോഡ്‌വേയില്‍ കട തുടങ്ങിയത്. പേനകളുടെ റിപ്പയര്‍, വില്‍പന എന്നിവയാണ് പ്രധാനമായും പെന്‍ ഹൗസിലൂടെ ലഭ്യമാകുന്ന സേവനം. പെന്‍ ഹൗസ് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഇന്നത്തെ പോലെ ബോള്‍ പേന പ്രചാരം നേടിയ കാലമല്ലായിരുന്നു. പേന കേടായാല്‍ ആളുകള്‍ അവ നന്നാക്കി വീണ്ടും ഉപയോഗിച്ചിരുന്നു. സ്വര്‍ണ നിറത്തിലുള്ള ക്യാപ്പുള്ള ഹീറോ പേനക്കായിരുന്നു അക്കാലത്ത് ഏറെ ഡിമാന്‍ഡ് അനുഭവപ്പെട്ടിരുന്നത്. ബോംബെ, മദ്രാസ് എന്നിവിടങ്ങളില്‍നിന്നായിരുന്നു ഹീറോ പേന ഇറക്കുമതി ചെയ്തിരുന്നത്. പെന്‍ ഹൗസില്‍ പേന വാങ്ങാനെത്തിയിരുന്ന പ്രമുഖരില്‍ ഇപ്പോഴത്തെ ധനകാര്യമന്ത്രിയായ തോമസ് ഐസക്, മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണി എന്നിവരുണ്ടായിരുന്നു. ഇവര്‍ എറണാകുളം മഹാരാജാസ് കോളേജില്‍ പഠിച്ചിരുന്ന കാലത്താണ് പെന്‍ ഹൗസില്‍ പേന വാങ്ങാനെത്തിയിരുന്നത്. ബ്രോഡ്‌വേയിലെ വ്യാപാരസ്ഥാപനങ്ങളുടെ ചരിത്രം പറയുമ്പോള്‍ വാച്ച് കടകളുടെ ചരിത്രം കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. കാരണം കേരളത്തില്‍ ഇന്ന് സജീവമായിട്ടുള്ള വാച്ച് റിപ്പയര്‍മാരില്‍ ഭൂരിഭാഗവും ബ്രോഡ്‌വേയിലെ വാച്ച് കടകളില്‍നിന്നും പരിശീലനം ആര്‍ജ്ജിച്ചവരാണ്. ബ്രോഡ്‌വേയിലുള്ളതു പോലെ മറ്റൊരിടത്തും വാച്ച് കടകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവില്ല. സ്മാര്‍ട്ട്‌ഫോണിന്റെയും സ്മാര്‍ട്ട് വാച്ചിന്റെയുമൊക്കെ ഈ യുഗത്തിലും ബ്രോഡ്‌വേയില്‍ വാച്ച് കടകള്‍ നിരവധിയാണ്.