ആസ്ത്മയെ ചെറുക്കാന്‍ ഇന്‍ഹേലറുകള്‍

ആസ്ത്മയെ ചെറുക്കാന്‍ ഇന്‍ഹേലറുകള്‍

ഇന്‍ഹേലറുകളെ സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടിയുടെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ രണ്ട് പ്രമുഖ ഡോക്ടര്‍മാര്‍ ആസ്തമയെപ്പറ്റി സംസാരിക്കുന്നു

ആസ്തമയെ ചെറുക്കാന്‍ ഇന്‍ഹേലറുകളാണ് മികച്ച മാര്‍ഗമെന്ന് ആരോഗ്യവിദഗ്ധര്‍. ആസ്ത്മയുണ്ടെന്ന കാര്യം ഒരിക്കലും മറച്ചുവെക്കാന്‍ പാടില്ല എത്രയും നേരത്തേ ഇന്‍ഹേലര്‍ തെറാപ്പി സ്വീകരിക്കണം. സമയത്ത് കണ്ടെത്തുകയും ശരിയായ ചികിത്സ നല്‍കുകയും ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങളും വരുത്തിയാല്‍ ആസ്തമയെ നല്ല രീതിയില്‍ നിയന്ത്രിച്ചു കൊണ്ടു പോകാം. നേരത്തെ കണ്ടെത്തുകയും ശരിയായ ചികിത്സ സ്വീകരിക്കുകയും ചെയ്താല്‍ ആസ്തമയെ എളുപ്പം നിയന്ത്രണ വിധേയമാക്കാമെന്ന് ആസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റലിലെ പിഡീയാട്രിക് കണ്‍സള്‍ട്ടന്റായ ഡോ. ജീസണ്‍ സി ഉണ്ണി പറയുന്നു.

ലിസി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് പള്‍മോളജിസ്റ്റായ ഡോ. പരമേസ് എ ആര്‍ പറയുന്നത് ഇന്‍ഹേലറുകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണെന്നാണ്. 16 ശതമാനത്തോളം മൈല്‍ഡ് ആസ്തമ രോഗികള്‍ മരണത്തിന്റെ വക്കിലാണ്. 30- 37 ശതമാനം വരുന്ന പ്രായമായ രോഗികള്‍ കഠിനമായ ലക്ഷണം കാണിക്കുന്നവരാണെങ്കിലും ഇവരില്‍ വളരെ ലഘുവായ ആസ്ത്മയാണ് കണ്ടുവരുന്നത്. 15-20 ശതമാനത്തോളം മുതിര്‍ന്ന രോഗികള്‍ മരണമടയുന്നത് നേരിയ ആസ്ത്മ മൂലമാണ്. ഇന്‍ഹേലറുകള്‍ ഉപയോഗിച്ച് ആസ്തമ രോഗികള്‍ക്ക് ഉചിതമായ ചികിത്സ നല്‍കുകയും അതുവഴി അവര്‍ക്ക് ആയാസരഹിതമായ ജീവിതം സാധ്യമാക്കാനും ലക്ഷ്യമിട്ടുള്ള ബോധവല്‍ക്കരണ പരിപാടിയുടെ രണ്ടാം ഘട്ടത്തിലാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.

കൊച്ചിയില്‍ ആസ്ത്മ കൂടി വരാനുള്ള ഒരു കാരണം വായുമലിനീകരണമാണ്. വായുവില്‍ പരാഗരേണുക്കള്‍ പോലുള്ള കണികകളുടെ വര്‍ധനവ്, പുകവലി, ഭക്ഷണ ശീലം, പോഷകാഹാരക്കുറവ്, പാരമ്പര്യ ഘടകങ്ങള്‍ എന്നിവയും ആസ്തമ നിരക്ക് കൂടാന്‍ കാരണമാകുന്നു. രക്ഷിതാക്കള്‍ക്കിടയിലെ അജ്ഞത കുട്ടികളില്‍ ആസ്ത്മ നിരക്ക് കൂടാന്‍ ഇടയാക്കുന്നു. കൊച്ചിയിലെ ഡോക്ടര്‍മാര്‍ പ്രതിദിനം ഏകദേശം 65ഓളം ആസ്ത്മ/ശ്വാസകോശ രോഗികളെ കാണുന്നുണ്ടെന്നാണ് കണക്ക്. കുട്ടികളിലെ ആസ്തമ നിരക്കും വര്‍ഷാവര്‍ഷം കൂടിക്കൊണ്ടിരിക്കുകയാണ് (ഓരോ മാസവും ആസ്ത്മ ബാധിച്ച 30- 35 പുതിയ കുട്ടികളെ കാണുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നു).

2019ലെ കണക്ക് പരിശോധിച്ചാല്‍ കൊച്ചിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആസ്തമ രോഗികളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ് കണക്ക്. കൊച്ചിയിലെ ജനസഖ്യയുടെ മൂന്നില്‍ ഒരു ഭാഗം വരുംകാലയളവില്‍ ആസ്തമ രോഗികളാകാനുള്ള സാധ്യതയുണ്ട്. ഇതിലേറെയും 20 വയസ്സില്‍ താഴെയുള്ളവരായിരിക്കും. അതേ സമയം കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ ഇന്‍ഹേലര്‍ തെറാപ്പിയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ആസ്തമ രോഗികളില്‍ 65 ശതമാനം പേരും ഇന്‍ഹേലറുകള്‍ തുടര്‍ന്ന് ഉപയോഗിക്കുന്നില്ല.

ആസ്ത്മ അവഗണിക്കാന്‍ കഴിയാത്ത വിധം ഗൗരവമായ ഒന്നാണ്. മൈല്‍ഡ് ആസ്ത്മ അനുഭവപ്പെടുന്ന കുട്ടികളും മുതിര്‍ന്നവരും ക്രമമായി ചികിത്സ തേടുന്നവരല്ല എന്നാണ് പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നത് വെറും 30 ശതമാനം രോഗികളാണ് ക്രമമായ ചികിത്സ തേടുന്നത്. യാര്‍ത്ഥ ജീവിത പശ്ചാത്തലം വെച്ച് നോക്കുമ്പോള്‍ പലരും ആവശ്യമുള്ളപ്പോള്‍ മാത്രം ഇന്‍ഹേലറുകള്‍ ഉപയോഗിക്കുന്നവരാണെന്ന് കാണാന്‍ കഴിയുമെന്നും ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടാംഘട്ട പ്രചാരണപരിപാടിക്ക് കൊച്ചിയില്‍ തുടക്കമായി.

പ്രചാരണ പരിപാടിയുടെ ഒന്നാംഘട്ടത്തിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും ബോധവല്‍ക്കരണത്തിലും ഇന്‍ഹേലര്‍ തെറാപ്പിയുടെ സ്വീകാര്യതയിലും 14% വര്‍ധനവാണ് ഉണ്ടായതെന്നും ചടങ്ങില്‍ സംസാരിച്ച സിപ്ല വൈസ് പ്രസിഡണ്ട് ദിലീപ് സിങ്ങ് റാഥോര്‍ പറഞ്ഞു. ഇന്ത്യയില്‍ ആസ്തമ നിരക്ക് കൂടിവരുന്നുവെന്നത് വസ്തുതയാണെങ്കിലും ഇതിനുള്ള ഫലപ്രദമായ ചികിത്സയെക്കുറിച്ച് ബോധവല്‍ക്കരണം നടക്കുന്നില്ല. നടി രാധിക ആപ്‌തെ, സെലിബ്രറ്റി ഷെഫ് വികാസ് ഖന്ന, അര്‍ജുന അവാര്‍ഡ് ജേതാവും ബാഡ്മിന്റണ്‍ താരവുമായ പാരുപ്പള്ളി കശ്യപ്, ഡിജിറ്റല്‍ ഇന്‍ഫഌവന്‍സര്‍ സൃഷ്ടി ദീക്ഷിത് തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സഹായത്തോടെ നടക്കുന്ന ബോധവല്‍ക്കരണം ആസ്തമയെക്കുറിച്ചും, ഇന്‍ഹേലര്‍ തെറാപ്പിയെക്കുറിച്ചുമുള്ള തെറ്റിദ്ധാരണ നീക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.

Categories: Health
Tags: Asthma, Inhaler