ഹ്യുണ്ടായ്, ഹീറോ മോട്ടോകോര്‍പ്പ് വില വര്‍ധന പ്രഖ്യാപിച്ചു

ഹ്യുണ്ടായ്, ഹീറോ മോട്ടോകോര്‍പ്പ് വില വര്‍ധന പ്രഖ്യാപിച്ചു

വില വര്‍ധിപ്പിക്കുകയാണെന്ന് മാരുതി സുസുകിയും കിയ മോട്ടോഴ്‌സും നേരത്തെ പ്രഖ്യാപിച്ചിരുന്നു

ന്യൂഡെല്‍ഹി: ജനുവരി മുതല്‍ എല്ലാ കാറുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. പുതു വര്‍ഷത്തില്‍ വില വര്‍ധിപ്പിക്കുകയാണെന്ന് മാരുതി സുസുകി, കിയ മോട്ടോഴ്‌സ് എന്നീ വാഹന നിര്‍മാതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വില വര്‍ധനയുടെ വിശദാംശങ്ങള്‍ ദക്ഷിണ കൊറിയന്‍ കമ്പനി വെളിപ്പെടുത്തിയില്ല. എന്നാല്‍ ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് കാരണമെന്ന് വ്യക്തമാക്കി. ഓരോ മോഡലും ഉപയോഗിക്കുന്ന ഇന്ധനവും അനുസരിച്ച് വില വര്‍ധനയില്‍ വ്യത്യാസം ഉണ്ടായിരിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

ജനുവരി ഒന്ന് മുതല്‍ വില വര്‍ധിപ്പിക്കുകയാണെന്ന് ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പ്രഖ്യാപിച്ചു. എക്‌സ് ഷോറൂം വിലയില്‍ 2,000 രൂപ വരെയാണ് വര്‍ധന വരുത്തുന്നത്. വിവിധ മോഡലുകള്‍ക്കനുസരിച്ച് വില വര്‍ധനയില്‍ വ്യത്യാസം വരും. വില വര്‍ധനയുടെ കാരണം ഹീറോ മോട്ടോകോര്‍പ്പ് വ്യക്തമാക്കിയില്ല. എന്നാല്‍ പുതിയ കലണ്ടര്‍ വര്‍ഷത്തില്‍ വില വര്‍ധിപ്പിക്കുന്നത് മിക്ക വാഹന നിര്‍മാതാക്കളും ഇപ്പോള്‍ പതിവാക്കിയിരിക്കുകയാണ്.

വരുംദിവസങ്ങളില്‍ മറ്റ് വാഹന നിര്‍മാതാക്കളും വില വര്‍ധന പ്രഖ്യാപിച്ചേക്കും. അതേസമയം ബിഎസ് 6 മോഡലുകള്‍ അവതരിപ്പിക്കുമ്പോള്‍ വില വര്‍ധിപ്പിക്കാനും മതി. ജനുവരി മുതല്‍ ടാറ്റ മോട്ടോഴ്‌സ് വാഹനങ്ങളുടെ വില വര്‍ധിക്കും. ബിഎസ് 6 പാലിക്കുന്ന പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 10,000 മുതല്‍ 15,000 രൂപ വരെ വില വര്‍ധിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Comments

comments

Categories: Auto