കയര്‍ വ്യവസായത്തിന് നവപ്രതീക്ഷ

കയര്‍ വ്യവസായത്തിന് നവപ്രതീക്ഷ

സംസ്ഥാനത്തെ കയര്‍ മേഖലയ്ക്ക് പുതിയ ഊര്‍ജം നല്‍കാന്‍ കയര്‍ കേരളയുടെ എട്ടാം പതിപ്പിന് സാധിച്ചുവെന്നത് സ്വാഗതാര്‍ഹമാണ്. മികച്ച വരുമാനവും ജോലിസ്ഥിരതയും ഉറപ്പ് വരുത്തുന്ന മേഖലയായി കയര്‍ വ്യവസായത്തെ മാറ്റാനുള്ള ശ്രമം സ്വാഗതാര്‍ഹമാണ്

കേരളത്തിലെ കയര്‍ വ്യവസായത്തിന്റെ പുനഃസംഘടനയ്ക്ക് മൂര്‍ത്തരൂപം നല്‍കിയാണ് എട്ടാം കയര്‍ കേരളയ്ക്ക് തിരശീല വീണതെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കയര്‍ കേരളയുടെ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തുന്ന അവതരണങ്ങള്‍ ധനമന്ത്രി തോമസ് ഐസക്കും നടത്തിയിരുന്നു. സര്‍ക്കാര്‍ പറയുന്ന കണക്കുകള്‍ പ്രകാരം കയര്‍ കേരള മേളയില്‍ നിന്ന് ഇത്തവണ 399 കോടി രൂപയുടെ ഓര്‍ഡറാണ് ലഭിച്ചത്. സാധാരണഗതിയില്‍ 20 കോടി രൂപയുടെ കച്ചവടം നടന്നിരുന്ന സ്ഥാനത്താണ് ഈ വമ്പന്‍ കുതിപ്പുണ്ടായിരിക്കുന്നത്. അഭിനന്ദനാര്‍ഹമായ നേട്ടം തന്നെയാണത്. പ്രത്യേകിച്ചും കരകയറാന്‍ കയര്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍.

സാധാരണ കയര്‍ത്തൊഴിലാളി മുതല്‍ ഈ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ പ്രയോജനപ്പെടുമെന്നാണ് കയര്‍ കേരളയ്ക്ക് മുന്‍കൈയെടുത്തവര്‍ പറയുന്നത്. കയര്‍ത്തൊഴിലാളികളുടെ വരുമാന സ്ഥിരതയ്ക്ക് ഉപകരിക്കുന്ന തരത്തില്‍ ഈ കരാറുകളും മേളയും എത്തിക്കാന്‍ നമുക്ക് സാധിക്കണം. ആ ലക്ഷ്യം നേടിക്കൊണ്ട് കയര്‍ വ്യവസായമാകെ പുതിയ ഉണര്‍വിലേയ്ക്ക് എത്തിക്കുകയാണ് രണ്ടാം കയര്‍ വ്യവസായ പുനസംഘടനയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മണ്ണു ജല സംരക്ഷണത്തിനും റോഡു നിര്‍മാണത്തിനുമായി 102 കോടിയുടെ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കയര്‍മേളയില്‍ ധാരണാപത്രം ഒപ്പിട്ടത് ശ്രദ്ധേയമായി. രാജ്യത്തെ ആഭ്യന്തര വിപണിയില്‍ മാത്രം ചുരുങ്ങിയത് 50000 ടണ്‍ ഭൂവസ്ത്രത്തിന് ഉറച്ച വിപണിയുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ സാധ്യത ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കേരളത്തിലെ കയര്‍ മേഖലയ്ക്ക് ആസൂത്രണത്തോടെയുള്ള നീക്കത്തിലൂടെ സാധിക്കും. അതിനുള്ള വിഭവശേഷി ഇവിടെയുണ്ട്.

കയര്‍ വ്യവസായം സജീവമായ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ സമ്മേളനം മാര്‍ച്ച് രണ്ടാം വാരം ആലപ്പുഴയില്‍ നടക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള ഏകോപനം വിപണിക്ക് ഗുണം ചെയ്യും. കഴിഞ്ഞ രണ്ട് വര്‍ഷമായി കയര്‍ വ്യവസായത്തില്‍ രണ്ടാം കയര്‍ പുനസംഘടന നടന്നുവരികയാണ്. എവിടെയാണ് വ്യവസായത്തിന് പാളിച്ചകള്‍ പറ്റിയത് എന്നത് മനസിലാക്കി അത് മറികടന്നുള്ള മുന്നേറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഒരു കാലത്ത് ഒരു ലക്ഷം ടണ്‍ കയര്‍ പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിച്ചിരുന്ന സംസ്ഥാനമാണ് ഇന്ന് ഏറെ പിന്നിലായിരിക്കുന്നത്. മേഖലയെ ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഫലമെന്നോണം 2017-18 വര്‍ഷത്തില്‍ കയര്‍ ഉല്‍പ്പാദനം 14,500 ടണ്ണായി ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം ഇത് 20,000 ടണ്ണും അടുത്ത സാമ്പത്തിക വര്‍ഷം 40,000 ടണ്ണും ആക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സംഭരിക്കുന്ന കയര്‍ മുഴുവനും വിറ്റഴിക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. ഉല്‍പ്പാദന ക്ഷമത കൂട്ടിയും തൊഴിലാളികള്‍ക്ക് ജോലി ഉറപ്പാക്കിയും ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം നടത്തിയും ഏറെ നേട്ടമുണ്ടാക്കാനുള്ള സാധ്യതകള്‍ കയര്‍ വ്യവസായത്തിലുണ്ട്. ഇത് തിരിച്ചറിഞ്ഞുള്ള നിലവിലെ പ്രവര്‍ത്തനങ്ങള്‍ കയര്‍മേഖലയുടെ കുതിപ്പിന് വഴിതെളിക്കട്ടെ.

Categories: Editorial, Slider