വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം കുറയുന്നു

വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം കുറയുന്നു
  • വാണിജ്യ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി ആദ്യ അര്‍ദ്ധവര്‍ഷത്തില്‍ 7.5% കുറഞ്ഞു
  • നിഷ്‌ക്രിയാസ്തികള്‍ 10.18 ലക്ഷം കോടി രൂപയില്‍ നിന്ന് 8.94 ലക്ഷം കോടിയായി
  • രാജ്യത്തെ 18 പൊതുമേഖലാ ബാങ്കുകള്‍ ഇത്തവണ നിഷ്‌ക്രിയാസ്തി 10% കുറച്ചു

നിഷ്‌ക്രിയ ആസ്തികളുടെ നിര്‍ണയവും പുനക്രമീകരണവും സംബന്ധിച്ച മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച ആര്‍ബിഐയുടെ 2018 ഫെബ്രുവരി 12 ന്റെ ഉത്തരവിന് പിന്നാലെയാണ് ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയാസ്തികള്‍ ഉയര്‍ന്നത്

-കെയര്‍ റേറ്റിംഗ്‌സ്

ന്യൂഡെല്‍ഹി: കടക്കെണി പ്രശ്‌നത്തില്‍ വലയുന്ന രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആശ്വാസം. ബാങ്കുളുടെ മൊത്ത നിഷ്‌ക്രിയാസ്തി 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അര്‍ദ്ധവര്‍ഷത്തില്‍ 7.5% കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാതിയില്‍ ഇരട്ടയക്കം (18.9%) വളര്‍ന്ന് ഭീതിദമായ സാഹചര്യം സൃഷ്ടിച്ച നിഷ്‌ക്രിയാസ്തികളാണ് ഇത്തവണ വരുതിയിലായിരിക്കുന്നത്.

2018 മാര്‍ച്ച് 31 ന് 10.18 ലക്ഷം കോടി രൂപയായിരുന്നു രാജ്യത്തെ 37 ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി. ഒരു വര്‍ഷത്തിന് ശേഷം കിട്ടാക്കടം 8.94 ലക്ഷം കോടിയിലേക്ക് കുറഞ്ഞു. 18 പൊതുമേഖലാ ബാങ്കുകളെയും 19 സ്വകാര്യ മേഖലാ ബാങ്കുകളെയും ഉള്‍പ്പെടുത്തി കെയര്‍ റേറ്റിംഗ്‌സ് നടത്തിയ പഠനമാണ് നിഷ്‌ക്രിയാസ്തികളിലെ കുറവ് വെളിപ്പെടുത്തിയത്. വായ്പകളുടെ സ്വാഭാവിക തിരിച്ചടവ്, ചില വമ്പന്‍ നിഷ്‌ക്രിയാസ്തികളിലെ പണം തിരികെ ലഭിച്ചത്, ചില കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളിയത് തുടങ്ങിയ നടപടികളാണ് ഗുണകരമായത്.

വാണിജ്യ ബാങ്കുകളുടെ ആകെ നിഷ്‌ക്രിയാസ്തികളുടെ 80% പേറുന്ന പൊതുമേഖലാ ബാങ്കുകളുടെ നേട്ടം എടുത്തു പറയേണ്ടതാണ്. 2018 ന്റെ ആദ്യ അര്‍ദ്ധ വര്‍ഷത്തില്‍ 18.4% നിഷ്‌ക്രിയാസ്തി വര്‍ധന പ്രകടമാക്കിയ പൊതുമേഖലാ ബാങ്കുകള്‍ ഇത്തവണ 10% കിട്ടാക്കടം കുറച്ചു. ആര്‍ബിഐ നടപ്പാക്കിയ കര്‍ശന നിയന്ത്രണങ്ങള്‍ വായ്പ നല്‍കലിനെ കുറച്ചെങ്കിലും ബാങ്കുകളുടെ സാമ്പത്തിക നില മെച്ചപ്പെടാന്‍ ഉതകി. 2018 നവംബര്‍ 30 ന് 11 പൊതുമേഖലാ ബാങ്കുകളിലാണ് ഊര്‍ജിത തിരുത്തല്‍ നടപടിക്രമത്തിന് (പിസിഎ) വിധേയമാക്കപ്പെട്ടിരുന്നത്. നിലവില്‍ ഈ പട്ടികയിലുള്ള ബാങ്കുകളുടെ എണ്ണം നാലായി കുറഞ്ഞു. അതേസമയം വായ്പയെടുത്ത ചില കമ്പനികള്‍ പാപ്പരത്ത നടപടി നേരിടുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തികള്‍ 2019 മാര്‍ച്ചിന് ശേഷം 3.3% ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് സ്വകാര്യ മേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി നാമമാത്രമാണ്.

നിഷ്‌ക്രിയാസ്തി വളര്‍ച്ച

വര്‍ഷം വാണിജ്യ ബാങ്കുകള്‍ പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യ ബാങ്കുകള്‍

2018 മാര്‍ച്ച് 44.3 46.2 36

2018 ജൂണ്‍ 21 19.5 28.2

2018 സെപ്റ്റംബര്‍ 19 18.4 21.6

2018 ഡിസംബര്‍ 9 7 18.2

2019 മാര്‍ച്ച് -12 -14.5 -1

2019 ജൂണ്‍ -7.6 -9.6 1.2

2019 സെപ്റ്റംബര്‍ -7.5 -10 3.3

Categories: FK News, Slider
Tags: Bank debt