2020 ലും സ്വര്‍ണ്ണം തിളങ്ങും

2020 ലും സ്വര്‍ണ്ണം തിളങ്ങും

2020 ല്‍ വില ഔണ്‍സിന് 1,600 ഡോളര്‍ കടക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്ചസും യുബിഎസ് ഗ്രൂപ്പ് എജിയും

ഭൗമരാഷ്ട്രീയത്തെയും വളര്‍ച്ചയെയും സംബന്ധിച്ച ആശങ്കകളില്‍ നിന്നാവും ഇക്വിറ്റികള്‍ക്ക് തിരിച്ചടിയേല്‍ക്കാന്‍ സാധ്യത. രണ്ട് സാഹചര്യങ്ങളിലും സ്വര്‍ണം തന്നെയാവും രക്ഷാമാര്‍ഗം

-റസ് കോസ്‌റ്റെറിച്ച്, ബ്ലാക്ക്‌റോക്ക് ഗ്ലോബല്‍ അലോക്കേഷന്‍ ഫണ്ട്

ലണ്ടന്‍: 2019 ല്‍ സ്വര്‍ണ്ണവിലയിലുണ്ടായ കുതിപ്പ് അടുത്തവര്‍ഷവും തുടര്‍ന്നേക്കുമെന്ന് വിലയിരുത്തല്‍. വ്യാപാരയുദ്ധങ്ങളും മുന്‍നിര സാമ്പത്തിക ശക്തികളുടെ ധനനയ ഇളവുകളും വിവിധ കേന്ദ്രബാങ്കുകളുടെ വാങ്ങിക്കൂട്ടലുമാണ് 2019 ല്‍ സ്വര്‍ണ്ണത്തിന് തിളക്കം കൂട്ടിയത്. ഈ സാഹചര്യത്തില്‍ 2010 ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന വിലയിലേക്കാണ് സ്വര്‍ണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. 2020 ലും സാഹചര്യങ്ങളില്‍ കാര്യമായ മാറ്റമുണ്ടാവില്ലെന്നും വിശ്വസ്ത നിക്ഷേപമായി സ്വര്‍ണം ഉയര്‍ന്നു നില്‍ക്കുമെന്നും വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

സ്‌പോട്ട് ഗോള്‍ഡ് വില ഈ വര്‍ഷം മാത്രം 14 ശതമാനമാണ് ഉയര്‍ന്നത്. നിലവില്‍ ഒരു ഔണ്‍സ് (ഏകദേശം 31 ഗ്രാം) സ്വര്‍ണ്ണത്തിന് 1,461 യുഎസ് ഡോളറാണ് ആഗോള വിപണിയിലെ വില. സെപ്റ്റംബര്‍ മാസത്തില്‍ ഇത് 2013 ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന നിരക്കായ 1,557 ഡോളറിലേക്കെത്തിയിരുന്നു. സ്വര്‍ണ്ണവിലയെ ഉയര്‍ത്തിനിര്‍ത്തുന്ന അന്താരാഷ്ട്ര ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും സാമ്പത്തിക അസ്ഥിരതകളും തുടരാനാണ് സാധ്യതയെന്ന് ആഗോള ധന മാനേജ്‌മെന്റ് സ്ഥാപനമായ ബ്ലാക്ക്‌റോക്ക് ഗ്ലോബല്‍ അലോക്കേഷന്‍ ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോ മാനേജരായ റസ് കോസ്‌റ്റെറിച്ച് നിരീക്ഷിക്കുന്നു. സ്വര്‍ണവില 2013 ന് ശേഷം ഔണ്‍സിന് 1,600 ഡോളര്‍ കടക്കുമെന്നാണ് നിക്ഷേപക ഉപദേശക സ്ഥാപനങ്ങളായ ഗോള്‍ഡ്മാന്‍ സാച്ചസ് ഗ്രൂപ്പും യുബിഎസ് ഗ്രൂപ്പ് എജിയും അഭിപ്രായപ്പെടുന്നത്. നവംബറില്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും അതിനു മുന്‍പ് പ്രസിഡന്റ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടി വന്നേക്കാമെന്ന സാഹചര്യവും ഒപ്പം ട്രംപിന്റെ പ്രവചനാതീത സ്വഭാവവും വിപണിയില്‍ കൂടുതല്‍ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചേക്കാമെന്ന് യുബിഎസ് വെല്‍ത്തിലെ വിശകലന വിദഗ്ധനായ ജിയോവാനി സ്റ്റൗനോവോ പറഞ്ഞു.

ചൈനയുള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ കമ്പോളത്തിലെത്തുന്ന സ്വര്‍ണ്ണത്തിന്റെ വലിയൊരുഭാഗം വാങ്ങിക്കൂട്ടുന്നുണ്ട്. ആകെയുള്ള സ്വര്‍ണ്ണത്തിന്റെ അഞ്ചിലൊന്നും വാങ്ങുന്നത് രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളാണ്്. കേന്ദ്രബാങ്കുകള്‍ ഡോളര്‍ വാങ്ങുന്നത് നിര്‍ത്തിവെച്ച് സ്വര്‍ണ്ണത്തിന് പ്രാധാന്യം നല്‍കുന്നെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഗോള്‍ഡ്മാന്‍ സാച്ചസ് നിരീക്ഷിക്കുന്നു.

Categories: Business & Economy, Slider
Tags: gold