വാഹന വില്‍പ്പനയില്‍ 16% ഇടിവ്; പാസഞ്ചര്‍ വാഹനങ്ങളില്‍ ഇടിവ് 18%

വാഹന വില്‍പ്പനയില്‍ 16% ഇടിവ്; പാസഞ്ചര്‍ വാഹനങ്ങളില്‍ ഇടിവ് 18%

വില്‍പ്പന 22.12 ശതമാനം ഇടിഞ്ഞത് വാണിജ്യ വാഹന വിഭാഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി: ഓട്ടോമോട്ടfവ് വ്യവസായത്തില്‍ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വില്‍പ്പനയില്‍ 15.95 ശതമാനം ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) റിപ്പോര്‍ട്ട് . പാസഞ്ചര്‍ വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പടെ 15,705,447 വാഹനങ്ങള്‍ ഈ കാലയളവില്‍ വ്യവസായം വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 18,686,895 വാഹനങ്ങള്‍ വിറ്റഴിച്ച സ്ഥാനത്താണിത്.

പാസഞ്ചര്‍ വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന ഇക്കാലയളവല്‍ 17.98 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏപ്രില്‍ മുതല്‍ നവംബര്‍ വരെ വാഹന നിര്‍മാതാക്കള്‍ 1,882,051 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,294,502 പാസഞ്ചര്‍ വാഹന യൂണിറ്റുകളാണ് വിറ്റിരുന്നത്. ഇരുചക്രവാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന 15.74 ശതമാനം ഇടിഞ്ഞ് 12,864,936 യൂണിറ്റുകളായി. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 15,267,778 യൂണിറ്റായിരുന്നു.

ത്രീ വീലര്‍ വില്‍പ്പനയും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.97 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍ 477,163 യൂണിറ്റുകളുടെ വില്‍പ്പന നടന്നപ്പോള്‍ ഈ വര്‍ഷം 453,459 വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. വില്‍പ്പന 22.12 ശതമാനം ഇടിഞ്ഞത് വാണിജ്യ വാഹന വിഭാഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇടത്തരം, ഹെവി വാണിജ്യ വാഹനങ്ങളുടെ (എം & എച്ച്‌സിവി) ആഭ്യന്തര വില്‍പ്പന 37.32 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 247,005 യൂണിറ്റ് വില്‍പ്പനയാണ് നടന്നത്. ഈ വര്‍ഷം ഇത് 154,814 യൂണിറ്റായി കുറഞ്ഞു.
ലൈറ്റ് വാണിജ്യ വാഹനങ്ങള്‍ (എല്‍സിവി) വില്‍പ്പനയില്‍ 12.74 ശതമാനം കുറവ് രേഖപ്പെടുത്തി. പരിഗണിക്കുന്ന കാലയളവില്‍ മൊത്തം 349,266 യൂണിറ്റുകള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷം 647,278 യൂണിറ്റുകളാണ് ഈ കാലയളവില്‍ വിറ്റിരുന്നത്.

രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ അനുഭവപ്പെടുന്ന മാന്ദ്യം ഏറ്റവുമധികം ബാധിക്കപ്പെട്ട മേഖലയായാണ് ഓട്ടോമൊബീല്‍ വ്യവസായം കണക്കാക്കപ്പെടുന്നത്. പൊതുവില്‍ വലിയ നിക്ഷേപങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതിനുള്ള പ്രവണതയ്ക്കും ഗ്രാമീണ മേഖലകളിലെ വരുമാനത്തില്‍ അനുഭവപ്പെടുന്ന വെല്ലുവിളികള്‍ക്കും ഒപ്പം നിയന്ത്രണ സംവിധാനങ്ങളില്‍ ഉണ്ടാകാനിടയുള്ള മാറ്റങ്ങളും വാഹന വിപണിയെ ബാധിക്കുന്നുണ്ട്. മലിനീകരണ നിയന്ത്രണത്തില്‍ ബിഎസ് 6 നിലവാരമുള്ള വാഹനങ്ങളിലേക്കുള്ള മാറ്റം ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം നടപ്പാക്കുന്നതും സംബന്ധിച്ച നയങ്ങളിലെ അവ്യക്തതയും വാഹനം വാങ്ങുന്നത് നീട്ടിവെക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒക്‌റ്റോബറില്‍ മാത്രമാണ് വാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷം സമാന മാസവുമായുള്ള താരതമ്യത്തില്‍ വളര്‍ച്ച പ്രകടമാക്കിയത്. ഉല്‍സവ സീസണാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. നവംബറില്‍ വില്‍പ്പന പിന്നെയും ഇടിവിലേക്ക് നീങ്ങിയത് തിരിച്ചുവരവ് ഇനിയും നീളുമെന്ന് വ്യക്തമാക്കുന്നതായിരുന്നു.

Comments

comments

Categories: FK News