യുഎസ് മതസ്വാതന്ത്യ കമ്മീഷനെതിരെ കേന്ദ്രം

യുഎസ് മതസ്വാതന്ത്യ കമ്മീഷനെതിരെ കേന്ദ്രം

യുഎസ് സമിതിയുടെ നിരീക്ഷണങ്ങള്‍ നിരുത്തരവാദപരമെന്ന് വിദേശകാര്യ മന്ത്രാലയം

നിയമപരമായ അവകാശങ്ങളോ അറിവോ ഇല്ലാത്ത വിഷയത്തില്‍ മുന്‍ധാരണകളും ചായ്‌വുകളും നോക്കി നിലപാടെടുത്ത യുഎസ്‌സിഐആര്‍എഫ് നടപടി ഖേദകരമാണ്. സമിതിയുടെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഇതില്‍ അത്ഭുതപ്പെടാനില്ല

-രവീഷ് കുമാര്‍, വിദേശകാര്യ വക്താവ്‌

ന്യുഡെല്‍ഹി: ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ (സിഎബി) രംഗത്തുവന്ന യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്യ കമ്മീഷന് (യുഎസ്‌സിഐആര്‍എഫ്) കേന്ദ്രസര്‍ക്കാരിന്റെ തിരിച്ചടി. കമ്മീഷന്റെ നിലപാട് നിരുത്തരവാദപരവും പിഴവ് നിറഞ്ഞതുമാണെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി ബില്ലിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിയുള്ള നിലപാടുകള്‍ ദുരുദ്ദേശപരമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു. പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ നിരോധനം ഏര്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ മതസ്വാതന്ത്യ കമ്മീഷന്‍ പ്രസ്താവിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യ ശക്തമായ മറുപടി നല്‍കിയിരിക്കുന്നത്.

‘അയല്‍ രാഷ്ട്രങ്ങളില്‍ നിന്ന് മതപരമായ പീഡനങ്ങള്‍ നേരിട്ട് ഇന്ത്യയില്‍ അഭയം തേടിയ ആളുകള്‍ക്ക് പൗരത്വം നല്‍കാനുദ്ദേശിച്ചുള്ളതാണ് ലോക്‌സഭ പാസാക്കിയ നിയമം. അവരുടെ ബുദ്ധിമുട്ടുകളെയും അടിസ്ഥാന മനുഷ്യാവകാശത്തെയും പരിഗണിക്കുന്നതാണിത്. സ്വാഗതം ചെയ്യേണ്ട നടപടിയാണിത്. മതസ്വാതന്ത്ര്യത്തോട് സ്വാഭാവികമായി കടപ്പെട്ടിരിക്കുന്നവര്‍ ഇതിനെ വിമര്‍ശിക്കരുത്,’ രവീഷ് കുമാര്‍ പറഞ്ഞു. സിഎബിയോ ദേശീയ പൗരത്വ രജിസ്റ്ററോ ഒരു മതത്തിലും പെട്ട ഇന്ത്യന്‍ പൗരന്‍മാരുടെയും പൗരത്വം റദ്ദാക്കാനുദ്ദേശിച്ചുള്ളതല്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ദുരുദ്ദേശപുരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ ലഭ്യതയ്ക്കായി മതം അടിസ്ഥാനമാക്കുന്ന നടപടിയിലേക്ക് ഇന്ത്യയിലെ സര്‍ക്കാര്‍ നീങ്ങുന്നതായി ഭയക്കുന്നതായും, ഇന്ത്യയുടെ മതേതരത്വത്തിന്റെ സമ്പന്ന ചരിത്രത്തിനും, സമത്വം ഉറപ്പുനല്‍കുന്ന ഭരണഘടയ്ക്കും കടകവിരുദ്ധമായ, എതിര്‍ദിശയിലുള്ള നീക്കമാണ് പൗരത്വഭേദഗതി നിയമമെന്നുമാണ് യുഎസ്‌സിഐആര്‍എഫ് കുറ്റപ്പെടുത്തിയിരുന്നത്. പൗരത്വം സ്വീകരിക്കുന്നതില്‍നിന്ന് മുസ്ലീം മതവിഭാഗത്തില്‍ പെട്ടയാളുകളെ ഒഴിവാക്കുന്ന, പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന രീതിയാണ് ബില്ല് മുന്നോട്ടുവൈക്കുന്നതെന്നും കമ്മീഷന്‍ ആരോപിച്ചിരുന്നു.

Comments

comments

Categories: FK News