നിക്ഷേപ സൗഹൃദമല്ലാത്ത മഹാരാഷ്ട്രയെയാണ് ഉദ്ധവ് സൃഷ്ടിക്കുന്നത്

നിക്ഷേപ സൗഹൃദമല്ലാത്ത മഹാരാഷ്ട്രയെയാണ് ഉദ്ധവ് സൃഷ്ടിക്കുന്നത്
  • ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതി ഉള്‍പ്പടെയുള്ള വമ്പന്‍ പദ്ധതികള്‍ അപ്രധാനമെന്ന് ഉദ്ധവ് നേരത്തെ പറഞ്ഞിരുന്നു
  • താക്കറെ സ്മാരകത്തിനായി ഒരു മരം പോലും മുറിക്കരുതെന്ന ഉദ്ധവിന്റെ ഉത്തരവും വാര്‍ത്തയായി

മുംബൈ: നിക്ഷേപ സൗഹൃദവും വികസന സൗഹൃദവും അല്ലാത്ത മഹാരാഷ്ട്രയെ സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശ്രമിക്കുന്നത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. മുംബൈയിലെ കൊളാബ-സ്പീഡ് മെട്രോ 3 പദ്ധതിയുമായി ബന്ധപ്പെട്ട കാര്‍ഷെഡ് നിര്‍മാണത്തിനായി ഗോരെഗാവ് ആരോ കോളനിയിലെ മരങ്ങള്‍ മുറിക്കുന്നത് നിര്‍ത്തലാക്കിയ ഉദ്ധവിന്റെ തീരുമാനമാണ് ഫഡ്‌നാവിസിന്റെ വിമര്‍ശത്തിനാധാരം. കാര്‍ഷെഡ് നിര്‍മാണം നിര്‍ത്തിവെപ്പിച്ചതുള്‍പ്പടെയുള്ള ഉദ്ധവിന്റെ നടപടികള്‍ നിക്ഷേപ സൗഹൃദമല്ലെന്ന വാദമാണ് ഇപ്പോള്‍ ബിജെപി ഉയര്‍ത്തുന്നത്.

പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയ്ന്‍ പ്രൊജക്റ്റില്‍ നിന്ന് മഹാരാഷ്ട്ര പിന്മാറാനാണ് സാധ്യതയെന്നും ഇത് സംബന്ധിച്ച് പുനപരിശോധനയ്ക്ക് ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉത്തരവിട്ടതായും വാര്‍ത്തകളുണ്ടായിരുന്നു. മരം മുറിക്കാതെ ഒരു അടിസ്ഥാനസൗകര്യ പദ്ധതിയും പൂര്‍ത്തീകരിക്കാനാകില്ലെന്നും അതിന് പകരം മരങ്ങള്‍ നടുകയാണ് വേണ്ടതെന്നുമാണ് ഫഡ്‌നാവിസിന്റെ പക്ഷം.

അതേസമയം ബാല്‍ താക്കറെ സ്മാരകത്തിനായി 1000 മരം മുറിക്കാന്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള ഔറംഗാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചതായുള്ള വാര്‍ത്തയും കഴിഞ്ഞ ദിവസം വന്നിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ ഉദ്ധവിന്റെ പ്രസ്താവനയെത്തി. താക്കറെ സ്മാരകത്തിനായി ഒരു മരം പോലും മുറിക്കരുതെന്നാണ് മുഖ്യമന്ത്രി നല്‍കിയ ഉത്തരവെന്ന് ശിവസേന നേതാക്കള്‍ വ്യക്തമാക്കി. മരങ്ങള്‍ മുറിക്കുന്നതിന് ടെന്‍ഡര്‍ പോലും നല്‍കിയിട്ടില്ലെന്നും ശിവസേന അറിയിച്ചു

Comments

comments

Categories: Politics

Related Articles