പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ലാഭം 3221 കോടി രൂപ

പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ലാഭം 3221 കോടി രൂപ

ഉയര്‍ന്ന വകയിരുത്തലിന്റെ ഫലമായി കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബറില്‍ അവസാനിച്ച ആദ്യ പകുതിയില്‍ പൊതുമേഖലാ ബാങ്കുകള്‍ (പിഎസ്ബി) 3,221 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. നിഷ്‌ക്രിയ ആസ്തികള്‍ക്കും മറ്റ് ആകസ്മിക ചെലവുകള്‍ക്കുമായുള്ള വകയിരുത്തല്‍ ഉയര്‍ത്തിയതിനാല്‍ 2017-18, 2018-19 സാമ്പത്തിക വര്‍ഷങ്ങളില്‍ പിഎസ്ബികള്‍ വലിയ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. 2019-20ല്‍ ഇവ ലാഭത്തിലേക്ക് തിരിച്ചുവന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

2017-18, 2018-19 വര്‍ഷങ്ങളില്‍ യഥാക്രമം 1,55,603 കോടി രൂപയും 1,53,871 കോടി രൂപയുടെയും പ്രവര്‍ത്തന ലാഭം രേഖപ്പെടുത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍, എന്‍പിഎകള്‍ക്കും മറ്റ് ആകസ്മികതകള്‍ക്കുമായുള്ള വകയിരുത്തല്‍ ഈ സര്‍ഷങ്ങളില്‍ യഥാക്രമം 2,40,973 കോടി രൂപയും 2,35,623 കോടി രൂപയുമായിരുന്നു. ഇതിന്റെ ഫലമായി 2017-18ല്‍ 85,370 കോടി രൂപയും 2018-19ല്‍ 81,752 കോടി രൂപയുമാണ് പിഎസ്ബികള്‍ മൊത്തമായി നഷ്ടം രേഖപ്പെടുത്തിയത്.

2008 മാര്‍ച്ച് അവസാനത്തില്‍ ഉണ്ടായിരുന്ന 25.03 ലക്ഷം കോടിയില്‍ നിന്ന് 2014 മാര്‍ച്ച് 31ല്‍ എത്തുമ്പോഴേക്കും പൊതുമേഖലാ ബാങ്കുകളിലെ വായ്പകളുടെ മൂല്യം 68.76 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. ഇക്കാലയളവില്‍ ധാരളമായി വായ്പ നല്‍കിയത്, ചിലര്‍ തിരിച്ചടുവകളില്‍ മനപ്പൂര്‍വം വീഴ്ച വരുത്തിയതും അഴിമതിയും, വായ്പാ തട്ടിപ്പ് എന്നിവയ്‌ക്കൊപ്പം സാമ്പത്തിക മാന്ദ്യവും പിഎസ്ബികളിലെ സമ്മര്‍ദിത ആസ്തികള്‍ വര്‍ധിക്കുന്നതിന് കാരണമായെന്ന് മന്ത്രി പറഞ്ഞു.

റിസര്‍വ് ബാങ്ക് 2015 ല്‍ നിഷ്‌കര്‍ഷിച്ചതിന് അനുസപിച്ച് നടപ്പാക്കുന്ന ആസ്തി ഗുണനിലവാര പരിശോധനയും നിഷ്‌ക്രിയ ആസ്തി ഉയര്‍ന്നതായി രേഖപ്പെടുത്തുന്നതിന് ഇടയാക്കിയിട്ടുണ്ട്. തട്ടിപ്പ്, ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കല്‍, നഗര സഹകരണ ബാങ്കുകള്‍ (യുസിബി) യുടെ പണം അപഹരിക്കല്‍ എന്നിവ സംബന്ധിച്ച് റിസര്‍വ് ബാങ്ക് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Banking