മാതൃ കമ്പനിയില്‍ നിന്നും 585 കോടി രൂപ നേടി ഫോണ്‍ പേ

മാതൃ കമ്പനിയില്‍ നിന്നും 585 കോടി രൂപ നേടി ഫോണ്‍ പേ

മുംബൈ: ഫ്ലിപ്കാർട്ട് ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ ഫോണ്‍ പേ സിംഗപ്പൂരിലെ മാതൃ കമ്പനിയില്‍ നിന്നും നിക്ഷേപം നേടി. 82.5 ദശലക്ഷം ഡോളര്‍ (585.66 കോടി രൂപ)യാണ് ഫോണ്‍ പേ നേടിയത്. രാജ്യത്തെ ഫിന്‍ടെക് മേഖലയിലെ കിടമത്സരം കടുത്തതോടെ വിപണിയില്‍ കൂടുതല്‍ ശക്തമായ സാന്നിധ്യം ചെലുത്തുന്നതിന്റെ ഭാഗമായാണ് നിക്ഷേപം സ്വീകരിച്ചത്.

രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ ഫോണ്‍ പേ വെളിപ്പെടുത്തിയ വിവരങ്ങള്‍ പ്രകാരം 1381,278 ഓഹരികള്‍ പേരന്റ് കമ്പനിക്ക് കൈമാറും. ഈ സാമ്പത്തിക വര്‍ഷം ഇത് മൂന്നാം തവണയാണ് ഫോണ്‍ പേ മാതൃ കമ്പനിയില്‍ നിന്നും തുക സ്വീകരിക്കുന്നത്. നിലവില്‍ ഇതുവരെ 1700 കോടി രൂപ ഫോണ്‍ പേ സ്വീകരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2018-19 സാമ്പത്തിക വര്‍ഷം കമ്പനിയുടെ നഷ്ടം 1907 കോടി രൂപയാണ്. സമാന കാലയളവില്‍ വരുമാനം 245.8 കോടി രൂപയും. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം 791 കോടി രൂപയായിരുന്നു. 2018-19ല്‍ കമ്പനിയുടെ ചെലവ് 2153.2 കോടി രൂപയായിരുന്നു, മുന്‍ സാമ്പത്തിക വര്‍ഷം ഇത് വെറും 840.1 കോടി രൂപ മാത്രമായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഫോണ്‍ പേയുടെ എതിരാളികളായ പേടിഎം ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയിരുന്നു. പുറത്തുനിന്നും ഒരു ബില്യണ്‍ ടോളര്‍ നിക്ഷേപം സമാഹരിക്കുന്നതിന്റെ ഭാഗമായി നിക്ഷേപകരായ ടെന്‍സെന്റ്, ടൈഗര്‍ കാപ്പിറ്റല്‍ എന്നിവരുമായി ഫോണ്‍ പേ ചര്‍ച്ച നടത്തിവരികയാണിപ്പോള്‍.

Comments

comments

Categories: FK News
Tags: Phone Pe