ഉല്‍പ്പാദന നിയന്ത്രണത്തിന് ഒപെകില്‍ പുതിയ ധാരണ; വിപണി നേട്ടത്തില്‍

ഉല്‍പ്പാദന നിയന്ത്രണത്തിന് ഒപെകില്‍ പുതിയ ധാരണ; വിപണി നേട്ടത്തില്‍

അടുത്ത വര്‍ഷം മുതല്‍ 2.1 ദശലക്ഷം ബാരലിന്റെ ഉല്‍പാദന നിയന്ത്രണം നടപ്പിലാക്കാന്‍ ഒപെക് തീരുമാനം

ദുബായ്: അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ ഉല്‍പാദന നിയന്ത്രണം നടപ്പിലാക്കാനുള്ള ഒപെക് പ്ലസ് തീരുമാനത്തെ പിന്‍പറ്റി എണ്ണവില 12 ആഴ്ചത്തെ ഉയര്‍ന്ന നിലയില്‍. കഴിഞ്ഞ ആഴ്ച വിയന്നയില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ പ്രതിദിനം 2.1 ദശലക്ഷം ബാരലിന്റെ ഉല്‍പാദന നിയന്ത്രണത്തിന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങളും റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങളും തീരുമാനമെടുത്തിരുന്നു.

എണ്ണവിപണിയെ സന്തുലിതമാക്കുന്നതിന്റെ ഭാഗമായി അടുത്ത വര്‍ഷം തുടക്കം മുതല്‍ പുതിയ വ്യവസ്ഥ പ്രകാരമുള്ള ഉല്‍പാദന നിയന്ത്രണം നടപ്പിലാക്കാനാണ് ആഗോള എണ്ണയുല്‍പാദനത്തിന്റെ 30 ശതമാനം കയ്യാളുന്ന എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെയും കൂട്ടാളികളുടെയും തീരുമാനം.

നിലവിലെ ഉല്‍പാദന നിയന്ത്രണ പരിധിയായ 1.2 ദശലക്ഷം ബിപിഡിക്കൊപ്പം 500,000 ബിപിഡിയുടെ അധിക നിയന്ത്രണമാണ് നടപ്പിലാക്കുക. ഇതുകൂടാതെ സൗദി അറേബ്യയും മറ്റ് ഉല്‍പ്പാദകരും സ്വമനസാലേ 400,000 ബിപിഡിയുടെ അധിക നിയന്ത്രണവും നടപ്പിലാക്കും. ഇങ്ങനെ ആകെ 2.1 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദനം വിപണിയില്‍ നിയന്ത്രിക്കപ്പെടും.

ആഗോളവിപണിയില്‍ എണ്ണ കെട്ടിക്കിടക്കുന്നത് തടയുന്നത് ഒഴിവാക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രമായ സൗദിയും യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് സഖ്യരാജ്യങ്ങളും ഒപെക് കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതിനേക്കാള്‍ ഉല്‍പാദന നിയന്ത്രണമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.

അടുത്ത വര്‍ഷം ആദ്യപാദത്തിനപ്പുറത്തേക്ക് ഉല്‍പാദന നിയന്ത്രണം നീട്ടുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച റഷ്യ ഘനീകൃത എണ്ണയുടെ ഉല്‍പാദനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതില്‍ നിന്നും ഒഴിവായി. ജനുവരി മുതല്‍ 228,000 ബിപിഡിയുടെ ഉല്‍പാദന നിയന്ത്രണമാണ് റഷ്യ നടപ്പിലാക്കുക.

Comments

comments

Categories: Arabia
Tags: OPEC, Opec oil