റെസ്റ്റോറന്റുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം പ്രവേശന കവാടമെന്ന വ്യവസ്ഥിതി സൗദിയില്‍ നിര്‍ത്തലാക്കി

റെസ്റ്റോറന്റുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം പ്രവേശന കവാടമെന്ന വ്യവസ്ഥിതി സൗദിയില്‍ നിര്‍ത്തലാക്കി
  • റെസ്‌റ്റോറന്റുകള്‍ക്കുള്ളിലെ പ്രത്യേക ഇരിപ്പിട വ്യവസ്ഥയില്‍ മാറ്റമില്ല
  • സ്‌കൂളുകളിലും ആശുപത്രികളിലും ലിംഗാടിസ്ഥാനത്തിലുള്ള പ്രത്യേകം പ്രവേശന കവാടം തുടരും

റിയാദ്: റെസ്‌റ്റോറന്റുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം പ്രവേശനകവാടം വേണമെന്ന നിയമം സൗദി അറേബ്യ നിര്‍ത്തലാക്കുന്നു. സാമൂഹ്യ പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശകവാടമെന്ന വ്യവസ്ഥിതിക്ക് സൗദിയില്‍ അറുതിയാകുന്നത്.

നേരത്തെ സൗദി അറേബ്യയിലെ എല്ലാ റെസ്‌റ്റോറന്റുകളിലും സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഒരു പ്രത്യേക പ്രവേശന കവാടവും ഇവരോടൊപ്പമല്ലാത്ത പുരുഷന്മാര്‍ക്ക് മാത്രമായി മറ്റൊരു പ്രവേശനമാര്‍ഗവും നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇനിമുതല്‍ ഇതിന്റെ ആവശ്യമില്ലെന്ന് മുനിസിപ്പല്‍-ഗ്രാമീണകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

യാഥാസ്ഥിതിക ഭരണകൂടത്തിന്റെയും സാമുദായ പോലീസിംഗിന്റെയും കീഴില്‍ കര്‍ശനമായ സാമൂഹിക നിയമ വ്യവസ്ഥിതികള്‍ പിന്തുടര്‍ന്ന് പോന്നിരുന്ന സൗദി അറേബ്യയില്‍ ദശാബ്ദങ്ങളായി പൊതുസ്ഥലങ്ങളില്‍ അപരിചിതരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇടപെടലുകള്‍ക്ക് കര്‍ശനമായ നിരോധനമുണ്ട്. എന്നാല്‍ ആധുനിക ഇസ്ലാമിലേക്കുള്ള മാറ്റമാണ് രാജ്യത്തെ ആധുനികവല്‍ക്കരിക്കുന്നതില്‍ ഏറ്റവും പ്രധാനമെന്ന് കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചതിന് ശേഷം കാലഹരണപ്പെട്ട പല നിയമങ്ങളും സൗദി എടുത്തുകളഞ്ഞിരുന്നു. സ്ത്രീകളുടെ ഡ്രൈവിംഗിനും സിനിമാ തീയറ്ററുകള്‍ ഉള്‍പ്പടെ പൊതു വിനോദ പരിപാടികള്‍ക്കുമുള്ള വിലക്ക്് എടുത്തുകളഞ്ഞത് ഇതിനുദാഹരണമാണ്.

വര്‍ഷങ്ങളായി സൗദി റെസ്റ്റോറന്റുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക പ്രവേശന കവാടങ്ങള്‍ നിലവിലുണ്ടെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ അധികൃതര്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. ഇതനുസരിച്ച് പല ഭക്ഷണശാലകളിലും കഫേകളിലും കോണ്‍ഫറന്‍സ് സെന്ററുകളിലും ഇന്ന് പ്രത്യേകം പ്രവേശന കവാടങ്ങള്‍ നിലവിലില്ല. അതേസമയം റെസ്റ്റോറന്റുകള്‍ക്കുള്ളിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായുള്ള പ്രത്യേകം ഇരിപ്പട ക്രമീകരണം അവസാനിപ്പിക്കുമോ എന്ന കാര്യം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. പ്രത്യേകം പ്രവേശനകവാടങ്ങള്‍ നിര്‍ബന്ധമല്ലെങ്കിലും റെസ്‌റ്റോറന്റ് ഉടമകള്‍ക്ക് താല്‍പ്പര്യമാണെങ്കില്‍ അവര്‍ക്ക് സ്ത്രീകള്‍ക്ക് മാത്രമായുള്ള പ്രവേശന കവാടങ്ങള്‍ വേണമെങ്കില്‍ തുടരാം.

അതേസമയം സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതുയിടങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള പ്രവേശകവാടങ്ങള്‍ തുടരും.

സ്ത്രീ-പുരുഷ വിവേചനം ഏറ്റവുമധികം നിലനില്‍ക്കുന്ന ലോകരാജ്യങ്ങളില്‍ ഒന്നായ സൗദി അറേബ്യ കഴിഞ്ഞിടെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനും യാത്രചെയ്യുന്നതിനും പുരുഷ രക്ഷിതാവിന്റെ അനുമതി വേണമെന്ന് വ്യവസ്ഥ ചെയ്യുന്ന രക്ഷകര്‍തൃത്വ നിയമത്തിലും ഇളവുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ പുരോഗമനപരമായ കൂടുതല്‍ ഉദാരവല്‍ക്കരണ നടപടികള്‍ കൈക്കൊള്ളുമ്പോഴും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്ന സൗദി രീതി ലോകരാജ്യങ്ങളുടെ എതിര്‍പ്പ് സമ്പാദിച്ചിരുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തിയ ഡസണ്‍ കണക്കിന് ആക്ടിവിസ്റ്റുകളും വനിതാവകാശ പ്രവര്‍ത്തകരും ബുദ്ധിജീവികളുമാണ് വിചാരണ പോലും ഇല്ലാതെ ഇന്ന് സൗദിയില്‍ തടവില്‍ കഴിയുന്നത്.

1953 മുതല്‍ സൗദി ഭരിച്ച ആറ് സഹോദരന്മാര്‍ക്ക് ശേഷം അധികാരത്തില്‍ എത്താന്‍ പോകുന്ന പുതുതലമുറയില്‍ നിന്നുള്ള ഭരണാധികാരിയാണ് സല്‍മാന്‍ രാജാവിന്റെ പിന്‍ഗാമിയായ 34കാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. പുരോഗമനപരമായ നടപടികളിലൂടെയും സാമൂഹിക പരിഷ്‌കാരങ്ങളിലൂടെയും ഉദാരവല്‍ക്കരണ നയങ്ങളിലൂടെയും പാശ്ചാത്യ രാജ്യങ്ങളുടെ മതിപ്പ് പിടിച്ചുപറ്റിയ മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രതിച്ഛായക്ക് പക്ഷേ, മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തോടെ കളങ്കമേറ്റിരുന്നു. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കഴിഞ്ഞ വര്‍ഷം കൊല ചെയ്യപ്പെട്ട ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ സൗദി അറേബ്യയുടെ ഭാവി ഭരണാധികാരിയാണെന്നാണ് ആക്ഷേപം.

ലിംഗ സമത്വത്തിന്റെ പാതയില്‍

  • വനിതകള്‍ക്ക് വണ്ടിയോടിക്കാന്‍ അനുമതി
  • സ്ത്രീകള്‍ക്ക് വിദേശ സഞ്ചാരത്തിന് പുരുഷ രക്ഷിതാവിന്റെ അനുമതി വേണ്ട
  • ജനനം, വിവാഹം, ഡിവോഴ്‌സ് എന്നിവ സ്ത്രീകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം

Comments

comments

Categories: Arabia