തൊഴില്‍ പ്രാഗല്‍ഭ്യത്തില്‍ മഹാരാഷ്ട്ര മുന്നിലെന്ന് പഠനം

തൊഴില്‍ പ്രാഗല്‍ഭ്യത്തില്‍ മഹാരാഷ്ട്ര മുന്നിലെന്ന് പഠനം

 തൊട്ടുപിന്നിലായി തമിഴ്‌നാടും ഉത്തര്‍പ്രദേശും

ന്യൂഡെല്‍ഹി: രാജ്യത്തെ 29 സംസ്ഥാനങ്ങള്‍ക്കിടയില്‍ തൊഴില്‍ പ്രാഗല്‍ഭ്യം ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലെന്ന് പഠനം. മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലായി തമിഴ്‌നാടും ഉത്തര്‍പ്രദേശും സ്ഥാനം നേടിയിട്ടുണ്ട്. മുംബൈ, ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങള്‍ ഏറ്റവും കൂടുതല്‍ തൊഴിലുള്ളവയാണെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് 2020 യുടെ ഏഴാമത് എഡിഷനിലാണ് ഇതു സംബന്ധിച്ച റാങ്കിംഗ് പട്ടിക പുറത്തിറക്കിയത്.

കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗ് പട്ടികയില്‍ നിന്നും മികവുറ്റ വളര്‍ച്ചയാണ് മഹാരാഷ്ട്രയും തമിഴ്‌നാടും കാഴ്ചവെച്ചത്. കഴിഞ്ഞ വര്‍ഷം ഒമ്പതാം സ്ഥാനത്തായിരുന്നു മഹാരാഷ്ട്ര, തമിഴ്‌നാട് പത്താം സ്ഥാനത്തു നിന്നാണ് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു കയറിയത്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പശ്ചിമ ബംഗാളും ഹരിയാനയും ഇത്തവണ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ പോലും ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് ഖേദകരം.

നഗരങ്ങളിലെ തൊഴില്‍ മുന്‍നിര്‍ത്തി തയാറാക്കിയ പട്ടികയില്‍ മുംബൈയ്ക്കാണ് ഒന്നാം സ്ഥാനം. തൊട്ടുപിന്നിലായി ഹൈദരാബാദ്, ബെംഗളുരു, ന്യൂഡെല്‍ഹി, പൂനെ, ലക്‌നൗ, ചെന്നൈ എന്നീ നഗരങ്ങളും കഴിഞ്ഞ ആറു വര്‍ഷത്തോളമായി ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ഹൈദരാബാദ് ഇതാദ്യമായാണ് പട്ടികയില്‍ മുന്‍നിര സ്ഥാനം നേടുന്നത്. കഴിഞ്ഞ തവണത്തെ പട്ടികയില്‍ ഇടം നേടിയ നാസിക്, ഗുണ്ടൂര്‍ എന്നീ നഗരങ്ങള്‍ ഇത്തവണ അപ്രത്യക്ഷമായി. പകരം മാംഗളുരു, കോയമ്പത്തൂര്‍ എന്നീ നഗരങ്ങള്‍ പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്. രാജ്യത്തെ മൊത്തം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 35 എജുക്കേഷണല്‍ സ്ഥാനപങ്ങളിലുള്ള മൂന്ന് ലക്ഷം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചാണ് പഠനം തയാറാക്കിയത്.

Comments

comments

Categories: FK News
Tags: Maharashtra