സാമ്പത്തിക മാന്ദ്യം: ഇന്ത്യക്കാരുടെ മദ്യ ഉപഭോഗത്തിലും തിരിച്ചടി

സാമ്പത്തിക മാന്ദ്യം: ഇന്ത്യക്കാരുടെ മദ്യ ഉപഭോഗത്തിലും തിരിച്ചടി
  • മദ്യ ഉപഭോഗ വളര്‍ച്ച ഒറ്റയക്കത്തില്‍
  • പ്രീമിയം ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ വലിയ കുറവില്ല

മുംബൈ: സാമ്പത്തിക മാന്ദ്യം രാജ്യത്തെ ഒട്ടുമിക്ക മേഖലകളിലും പ്രത്യഘാതം സൃഷ്ടിക്കുമ്പോള്‍ മദ്യ ഉപഭോഗത്തിലും തിരിച്ചടി നേരിടുന്നതായി റിപ്പോര്‍ട്ട്. സാധാരണക്കാരുടെ കീശ കാലിയാകുന്നത് സാമ്പത്തിക മാന്ദ്യത്തിലൂടെ മാത്രമല്ല, ഉളളിയുടെ പൊള്ളുന്ന വിലയും കൂടിയാണ് ഇതിനു കാരണമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. കൊള്ളവില കൊടുത്ത് ഉള്ളി വാങ്ങേണ്ടി വരുന്നതിനാല്‍ വീട്ടുചെലവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായതിനാല്‍ കുടി കുറയ്ക്കുകയാണ് എളുപ്പവഴിയെന്ന് ചിന്തിച്ചതും മദ്യ ഉപഭോഗം കുറയാനിടയാക്കിയിട്ടുണ്ടെന്ന് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

മദ്യ ഉപഭോഗത്തിന്റെ വളര്‍ച്ച ഒറ്റയക്കത്തിലാണിപ്പോള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മേഖലയിലെ വളര്‍ച്ച രണ്ടക്കം കടന്നിരുന്നു. ഡിയാഗോയുടെ നിയന്ത്രണത്തിലുള്ള യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡില്‍ വര്‍ഷം തോറും 2.2 ശതമാനം വര്‍ധവനവോടെ പ്രവര്‍ത്തന വരുമാനം 7296 കോടി രൂപയാണ് സെപ്റ്റംബര്‍ അവസാനിച്ച പാദത്തില്‍ രേഖപ്പെടുത്തിയത്. മൊത്തം വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ 10.3 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച് ഒരു ശതമാനം വളര്‍ച്ചയാണ് കമ്പനിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ചില വിപണികളില്‍ മദ്യത്തിന്റെ ഉപഭോഗം വന്‍ തോതില്‍ കുറഞ്ഞത് വരുമാന വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് സ്പിരിറ്റ്‌സ് സിഇഒ ആനന്ദ് കൃപാലു പറഞ്ഞു. ഡിയാഗോയുടെ മുഖ്യ എതിരാളിയും ആഗോളതലത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ സ്പിരിറ്റ് നിര്‍മാതാക്കളായ പെര്‍നോഡ് റിക്കാര്‍ഡ്, ഇത്തവണ ഇന്ത്യന്‍ വില്‍പ്പനയില്‍ മൂന്നു ശതമാനം വളര്‍ച്ചയാണ് നേടിയത്. കഴിഞ്ഞ വര്‍ഷം സമാന കമ്പനിയുടെ മദ്യ വില്‍പ്പന 34 ശതമാനം വര്‍ധിച്ചിരുന്നു. മേഖലയിലെ മെല്ലെപ്പോക്ക് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയോടെ (ഒക്ടോബര്‍ മുതല്‍) കരകയറുമെന്ന് ഇന്റര്‍നാഷണല്‍ സ്പിരിറ്റ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അമ്‌രിത് കിരണ്‍ സിംഗ് വ്യക്തമാക്കി.

പ്രീമിയം ബ്രാന്‍ഡുകളായ ഷിവാസ് റീഗല്‍, ജോണി വാക്കര്‍, ജാക്ക് ഡാനിയേല്‍, അബ്‌സൊല്യൂട്ട്, സിരോക്, ബീഫീറ്റര്‍, 100 പൈപ്പേഴ്‌സ്, വാറ്റ്69, ബ്ലാക്ക് ആന്‍ഡ് വൈറ്റ് തുടങ്ങിയ പ്രീമിയം ബ്രാന്‍ഡുകളിലുള്ള മദ്യ വിഭാഗത്തില്‍ വലിയ തോതിലുള്ള തിരിച്ചടി ഉണ്ടായിട്ടില്ലെന്നാണ് സൂചന. വൈറ്റ് സ്പിരിറ്റ് വിഭാഗത്തിലുള്ള വോഡ്ക, ജിന്‍ എന്നിവയുടെ ഉപഭോഗത്തിലും വളര്‍ച്ച മുന്നോട്ടുതന്നെ, എന്നാലിത് വിപണിയില്‍ ചെറിയൊരു വിഭാഗം മാത്രമാണ് ഉപയോഗിക്കുകയെന്നും വിലയിരുത്തപ്പെടുന്നു. യുവതലമുറയുടെ ആളോഹരി വരുമാനം കൂടുന്നതിനാല്‍ സ്പിരിറ്റ് വിഭാഗത്തില്‍ ദീര്‍ഘദൂര വളര്‍ച്ചയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പെര്‍നോഡ് റിക്കാര്‍ഡിന്റെ അനുമാനത്തില്‍ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ തളര്‍ച്ചയുണ്ടെങ്കിലും മേഖലയുടെ വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ വിപണി ഏറ്റവും കൂടുതല്‍ അനുയോജ്യമാകുമെന്നാണ് കണക്കുകൂട്ടല്‍.

Comments

comments

Categories: Top Stories
Tags: Liquor sale