ഹോങ്കോംഗിനെ പിന്തുണച്ച ട്രംപിനെ ചൈന വെറുതെ വിട്ടോ?

ഹോങ്കോംഗിനെ പിന്തുണച്ച ട്രംപിനെ ചൈന വെറുതെ വിട്ടോ?
  • ട്രംപിനെതിരെ വാളോങ്ങാതെ സര്‍ക്കാരിതര സംഘടനകള്‍ക്കെതിരെയാണ് ചൈനയുടെ നീക്കം
  • വ്യാപാര ചര്‍ച്ചകളില്‍ നിന്ന് പിന്മാറാതെയാണ് ചൈനീസ് തന്ത്രങ്ങള്‍
  • ഹോങ്കോംഗ് പ്രക്ഷോഭം എത്തിനില്‍ക്കുന്നത് പുതിയ വഴിത്തിരിവില്‍

ഏഷ്യയുടെ സാമ്പത്തിക കേന്ദ്രമായ ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭം പുതിയ തലത്തിലെത്തി നില്‍ക്കുന്നു. കഴിഞ്ഞ ദിവസമാണ് നഗരത്തില്‍ ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ റാലി അരങ്ങേറിയത്. പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്നുവെന്നത് ഹോങ്കോംഗ് ചീഫ് എക്‌സിക്യൂട്ടിവ് കാരി ലാമിന്റെ തലവേദന കൂട്ടുകയും ചെയ്യുന്നു. ഹോങ്കോംഗ് ഭരണകൂടത്തിന്റെ പുനസംഘടന ഈ വര്‍ഷാവസനത്തോടെ ചൈന നടത്താനുള്ള സാധ്യതകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ കമ്യൂണിസ്റ്റ് രാജ്യം പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരായി ചൂണ്ടിക്കാണിക്കുന്നത് പ്രധാനമായും സര്‍ക്കാരിതര സംഘടനകളെയാണ്. ജനാധിപത്യത്തിനായി നിലകൊള്ളുന്ന അമേരിക്കന്‍ സംഘടനകള്‍ക്കെതിരെയാണ് ഷി ജിന്‍പിംഗിന്റെ രാജ്യം ഇപ്പോള്‍ വാളെടുത്തിരിക്കുന്നത്.

ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞത് ഹോങ്കോംഗിലെ പ്രതിഷേധങ്ങള്‍ക്ക് പ്രധാനകാരണം അമേരിക്കയുമായി ബന്ധമുള്ള സര്‍ക്കാരിതര സംഘടനകളാണെന്നാണ്. ഫ്രീഡം ഹൗസ്, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, നാഷണല്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ഡെമോക്രസി, നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്റര്‍നാഷണല്‍ റിപബ്ലിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സംഘടനകള്‍ക്കെതിരെ കഴിഞ്ഞയാഴ്ച്ച ചൈന ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

ഹോങ്കോംഗിലെ ചൈന വിരുദ്ധ സംഘങ്ങളെ ഇവര്‍ പിന്തുണയ്ക്കുന്നുവെന്നതായിരുന്നു ഉപരോധത്തിന് കാരണമായി ചൈന പറഞ്ഞത്. അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതാണ് ഇവരുടെ പ്രവൃത്തികളെന്നും ചൈന ആരോപിക്കുന്നു. എന്നാല്‍ ഈ സംഘടനകള്‍ക്കൊന്നും ഹോങ്കോംഗില്‍ ഓഫിസ് പോലുമില്ല. അക്രമത്തിലധിഷ്ഠിതമായ സമരങ്ങളെ ഇവര്‍ പ്രോല്‍സാഹിപ്പിക്കുന്നതായി നിക്ഷേപ വിലയിരുത്തലുകള്‍ ഒന്നും തന്നെയില്ല. പിന്നെ എന്തിനാണ് ചൈനയുടെ നടപടി?

കാരണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. കഴിഞ്ഞ മാസം ഹോങ്കോംഗ് ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഡെമോക്രസി ആക്റ്റില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു. ആറ് മാസമായി നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന നടപടിയായിരുന്നു അത്. ട്രംപിന് നന്ദി പറഞ്ഞ് ഹോങ്കോംഗില്‍ പ്രകടനങ്ങളും അരങ്ങേറി. ഇതിനുള്ള പ്രതികരണമാണ് സന്നദ്ധസംഘനടകള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി ചൈന നടത്തിയത്.

ഹോങ്കോംഗ് ബില്ലില്‍ ഒപ്പുവെച്ചതില്‍ പ്രതിഷേധിച്ച് ചൈന വ്യാപാര ചര്‍ച്ചകളില്‍ നിന്ന് പിന്മാറുമോയെന്ന് ചിലര്‍ ശങ്കിച്ചിരുന്നെങ്കിലും അത് ചെയ്യാതെ തന്ത്രം മാറ്റിപ്പിടിച്ചു ഷി ജിന്‍പിംഗ്. ട്രംപിനെതിരെ നേരിട്ടുള്ളൊരു യുദ്ധത്തിനൊരുങ്ങാതെയുള്ള ഈ നീക്കം ചൈനയുടെ അരക്ഷിതാവസ്ഥയില്‍ നിന്നുടലെടുത്തതാണെന്നാണ് വിലയിരുത്തല്‍. വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടുകൊണ്ടുതന്നെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ചൈനയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്താമെന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. എന്‍ജിഒകള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിലൂടെ അമേരിക്കന്‍ ഇടപെടലിന്റെ ഫലമാണ് ഹോങ്കോംഗ് പ്രതിഷേധമെന്ന ധാരണ സൃഷ്ടിക്കാനാണ് ചൈന ശ്രമിക്കുന്നത്.

ചൈനയെ വിറപ്പിച്ച പ്രതിഷേധം

ചൈനയുടെ നിയന്ത്രണത്തില്‍, കാരി ലാം നയിക്കുന്ന ഹോങ്കോംഗ് ഭരണകൂടത്തെ വിറപ്പിച്ചാണ് ജനാധിപത്യവാദികളായ ലക്ഷങ്ങള്‍ തെരുവിലേക്കിറങ്ങുന്നത്. ചൈനയും വിറച്ചു. ഒന്നുകില്‍ പ്രക്ഷോഭത്തെ സൈനികപരമായി അടിച്ചമര്‍ത്തുക, അല്ലെങ്കില്‍ വിട്ടുവീഴ്ച്ച ചെയ്യുക-ഈ രണ്ട് വഴികള്‍ മാത്രമാണ് ചൈനയ്ക്ക് മുന്നില്‍ ഇപ്പോഴുള്ളത്. സാമ്പത്തിക കുതിപ്പിന്റെ അടയാളമായിരുന്ന നഗരം ഇപ്പോള്‍ അനിശ്ചിതത്വങ്ങള്‍ക്ക് നടുവിലായതിന് കാരണം ചൈനയാണെന്ന് അവിടുത്തുകാര്‍ തന്നെ പറയുന്നു. ഹോങ്കോംഗിലെ കുറ്റവാളികളെ വിചാരണ ചെയ്യാന്‍ ചൈനയ്ക്ക് കൈമാറുന്ന നിയമവുമായി നഗരത്തിന്റെ ചീഫ് എക്‌സിക്യൂട്ടിവ് കാരി ലാം രംഗത്തെത്തിയതാണ് പുതിയ പ്രക്ഷോഭത്തിന് വിത്ത് പാകിയത്. ചൈനീസ് ഭരണകൂടത്തിന് താല്‍പ്പര്യമില്ലാത്ത ഹോങ്കോംഗുകാരെ അടിച്ചമര്‍ത്തുമെന്ന ബോധ്യമുള്ളതിനാല്‍ ജനം തെരുവിലിറങ്ങി. ജൂണ്‍ ആദ്യവാരം തുടങ്ങിയ സമരം കത്തിപ്പടര്‍ന്നു. ബില്‍ ഔദ്യോഗികമായി പിന്‍വലിച്ചെങ്കിലും പ്രക്ഷോഭം തുടരുകയാണ്. അടുത്തിടെ ജില്ലാ സമിതികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജനാധിപത്യവാദികളുടെ തകര്‍പ്പന്‍ ജയം പ്രക്ഷോഭത്തിന്റെ പ്രത്യാഘാതമായിരുന്നു.

ചൈനയിലെ പ്രത്യേക ഭരണമേഖലയെന്ന നിലയിലാണ് ഹോങ്കോംഗ് നിലകൊള്ളുന്നത്. 1842 മുതല്‍ ബ്രിട്ടീഷ് കോളനി ആയിരുന്ന നഗരം 1997-ലാണ് ചൈനയ്ക്ക് തിരികെ കിട്ടിയത്. ഹോങ്കോംഗ് ബേസിക്ക് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ഭരണമേഖലയാണ് ഈ നഗരം. ചൈനയും ബ്രിട്ടനും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ച് 2047 വരെ ഹോങ്കോംഗിന് സ്വയം ഭരണാവകാശം ഉണ്ടാകും. ‘ഒറ്റരാജ്യം – രണ്ട് വ്യവസ്ഥ’ സമ്പ്രദായമനുസരിച്ച് നഗരത്തിന് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്്കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവയെല്ലാമുണ്ട്. 2047 വരെ കാത്തിരിക്കാതെ ഹോങ്കോംഗിനെ പൂര്‍ണ വരുതിയിലാക്കിയാലോയെന്നാണ് ചൈനീസ് ചിന്ത.

ചൈനയുടെ ഭയം ആഴമേറിയത്

അമേരിക്കന്‍ ഇടപെടലിന്റെ ഭാഗമായാണ് ഹോങ്കോംഗ് പ്രതിഷേധങ്ങളെന്ന് വരുത്തിതീര്‍ക്കാന്‍ ചൈന ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ ശരിക്കും ഭയചകിതരാണ്. അതിന് കാരണം ഹോങ്കോംഗ് മാത്രമല്ല. ഇനിയും ഹോങ്കോംഗ് പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പ്രാപിക്കാന്‍ സാധിച്ചാല്‍ ചൈനയിലെ ജനങ്ങളിലേക്കും ഒരു ചിന്ത പകരാന്‍ അതിടവരുത്തിയേക്കും-ഷി ജിന്‍പിംഗിനെതിരെയുള്ള പ്രതിരോധം വെറുതെയായി പോകില്ലെന്ന ഉറച്ച ചിന്ത. ജനാധിപത്യ മൂല്യങ്ങള്‍ക്ക് കൂടുതല്‍ പ്രചരണം ലഭിച്ചാല്‍ അത് ജനതയെ ശാക്തീകരിക്കുമെന്നും ഏകാധിപത്യകോട്ടകള്‍ ഒരു നാള്‍ പൊളിഞ്ഞുവീഴുമെന്നും ഏകാധിപതികള്‍ ഭയപ്പെടുന്നു എന്നതാണ് വസ്തുത. അമേരിക്കന്‍ മൂല്യങ്ങളും ജനാധിപത്യ രീതികളും പ്രചരിപ്പിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങള്‍ ചൈനയില്‍ തുടങ്ങാന്‍ അനുമതി തേടിയുള്ള തന്ത്രത്തിന് യുഎസ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. ഏതെങ്കിലും വളഞ്ഞ വഴിയില്‍ അതിന് അനുമതി ലഭിച്ചാല്‍ ചൈനീസ് ജനതയ്ക്കിടയില്‍ പുതിയ ചിന്തകള്‍ക്ക് വളമിടാമെന്ന കണക്ക്കൂട്ടലിലാണ് യുഎസ്.

വ്യാപാര ചര്‍ച്ചകള്‍ തുടരുന്നു

ഹോങ്കോംഗ് ബില്ലില്‍ ഒപ്പുവെച്ചതില്‍ പ്രതിഷേധിച്ച് ചൈന വ്യാപാര ചര്‍ച്ചകളില്‍ നിന്ന് പിന്മാറുമോയെന്ന് ചിലര്‍ ശങ്കിച്ചിരുന്നെങ്കിലും അത് ചെയ്യാതെ തന്ത്രം മാറ്റിപ്പിടിച്ചു ഷി ജിന്‍പിംഗ്. ട്രംപിനെതിരെ നേരിട്ടുള്ളൊരു യുദ്ധത്തിനൊരുങ്ങാതെയുള്ള ഈ നീക്കം ചൈനയുടെ അരക്ഷിതാവസ്ഥയില്‍ നിന്നുടലെടുത്തതാണെന്നാണ് വിലയിരുത്തല്‍. വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടുകൊണ്ടുതന്നെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ചൈനയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്താമെന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. എന്‍ജിഒകള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിലൂടെ അമേരിക്കന്‍ ഇടപെടലിന്റെ ഫലമാണ് ഹോങ്കോംഗ് പ്രതിഷേധമെന്ന ധാരണ സൃഷ്ടിക്കാനാണ് ചൈന ശ്രമിക്കുന്നത്.

Comments

comments

Categories: Top Stories