ജിഎസ്ടി സെസ് കൂട്ടാന്‍ ആലോചന

ജിഎസ്ടി സെസ് കൂട്ടാന്‍ ആലോചന
  • 28% നികുതിയുള്ള ആഡംബര വസ്തുക്കള്‍ക്ക് മേല്‍ അധിക സെസ് പരിഗണനയില്‍
  • ഡിസംബര്‍ 18 ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ നികുതി വര്‍ധനയും ചര്‍ച്ച ചെയ്യും
  • നിരക്ക് വര്‍ധനയെന്ന അജണ്ടയുമായി ചേരുന്ന ആദ്യ യോഗമാവും ഇത്തവണത്തേത്

ന്യുഡെല്‍ഹി: പരോക്ഷ നികുതി പിരിവിലെ ഇടിവ് ആശങ്കയുയര്‍ത്തിയ സാഹചര്യത്തില്‍ ജിഎസ്ടി വരുമാനം ഉയര്‍ത്താനുള്ള വഴി തേടി കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളുള്‍പ്പെട്ട ജിഎസ്ടി കൗണ്‍സിലും. നികുതി നിരക്കുകള്‍ക്കൊപ്പം അധിക സെസ് ചുമത്തി വരുമാനം വര്‍ധിപ്പിക്കാനാണ് ഗൗരവമായി ആലോചന നടക്കുന്നത്. സംസ്ഥാനങ്ങളും കേന്ദ്രവും ഇത് സംബന്ധിച്ച് ആശയവിനിമയം ആരംഭിച്ചു. ജിഎസ്റ്റിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബില്‍ ഉള്‍പ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ക്കായിരിക്കും വര്‍ധിച്ച സെസ് ബാധകമാക്കിയേക്കുക. ഈ മാസം 18 ന് ചേരുന്ന ജിഎസ്റ്റി കൗണ്‍സിലില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാവും.

നിലവില്‍ 28 ശതമാനമാണ് ഈ വിഭാഗത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള നികുതി. സംസ്ഥാനങ്ങളുടെ വാര്‍ഷിക ജിഎസ്റ്റി വരുമാന വളര്‍ച്ചാനിരക്ക് 14 ശതമാനത്തില്‍ ഉറപ്പിച്ചുനിര്‍ത്താനായി സെസ് ചുമത്തുകയല്ലാതെ മറ്റുവഴികളില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍ അംഗവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി അഭിപ്രായപ്പെട്ടു. ഈ വളര്‍ച്ചാനിരക്ക് കൈവരിക്കാത്തപക്ഷം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. ജിഎസ്ടി നിയമപ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സെസ് പിരിവില്‍ നിന്നാണ് നല്‍കേണ്ടത്. സെസിലേക്ക് ഏതൊക്കെ ഉല്‍പ്പന്നങ്ങളെ പുതുതായി കൊണ്ടുവന്ന് വരുമാനം വര്‍ധിപ്പിക്കാമെന്ന് സംസ്ഥാനങ്ങള്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരത്തുകയുടെ കൈമാറ്റം വൈകിപ്പിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനങ്ങള്‍ ആരോപണമുന്നയിക്കുന്ന സാഹര്യത്തില്‍കൂടിയാണ് നികുതി പുനര്‍നിര്‍ണയത്തിന് കളമൊരുങ്ങുന്നത്.

സെസ് ചുമത്തുന്നത് ആഡംബരവസ്തുക്കളും മറ്റും ഉള്‍പ്പെടുന്ന ഏറ്റവും ഉയര്‍ന്ന സ്ലാബിലായതിനാല്‍ പ്രതിഷേധങ്ങളില്ലാതെ പ്രാബല്യത്തില്‍ വരുത്താനാകുമെന്ന് കരുതപ്പെടുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ നികുതി വരുമാനം ഉയര്‍ത്തണമെന്ന കാര്യത്തില്‍ പൊതു സമവായം കൗണ്‍സിലിലുണ്ട്. എന്നാല്‍ സമ്പദ്ഘടനയില്‍ ഉല്‍പ്പന്ന ആവശ്യകത കുറഞ്ഞിരിക്കുന്ന ഈ ഘട്ടത്തില്‍ ഉപഭോഗത്തില്‍ കുറവുവരുത്താതെ വരുമാനം വര്‍ധിപ്പിക്കാനുളള സന്തുലിതമായ തീരുമാനമെടുക്കുകയെന്ന വിഷമകരമായ ബാധ്യത കൗണ്‍സിലിന് മുന്നിലുണ്ട്. ഇതുവരെയുള്ള ജിഎസ്ടി കൗണ്‍സിലുകളെല്ലാം നികുതി നിരക്ക് താഴ്ത്താനായാണ് ചേര്‍ന്നത്. നിരക്ക് വര്‍ധിപ്പിക്കുകയെന്ന അജണ്ടയുമായി ചേരുന്ന ആദ്യ യോഗമാവും ഇത്തവണത്തേത്. സെപ്റ്റംബറില്‍ ഗോവയില്‍ നടന്ന കൗണ്‍സില്‍ യോഗം ഒരു ഉല്‍പ്പന്നത്തിന്റെ നിരക്ക് ഉയര്‍ത്തിക്കൊണ്ട് നികുതി ഇളവിന്റെ കാലം അവസാനിച്ചെന്ന സൂചന നല്‍കിയിരുന്നു.

കുറുമുന്നണി സജീവം

ജിഎസ്ടി നഷ്ടപരിഹാര തുക പൂര്‍ണമായി കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ വീഴ്ച വരുത്തിയതോടെ കേരളമടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചേര്‍ന്ന് കുറുമുന്നണി രൂപീകരിച്ചിട്ടുണ്ട്. രാഷ്ട്രീയമായി തന്നെ അവസരത്തെ പ്രയോജനപ്പെടുത്താനാണ് തീരുമാനം. കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഡെല്‍ഹി, ഢത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരം കിട്ടിയില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭകളില്‍ കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കാനുള്ള നടപടികളും ആലോചിക്കുന്നു. എന്നാല്‍ ഇവയെല്ലാം അന്തിമ ഘട്ടത്തിലായിരിക്കും. ഉല്‍പ്പാദന സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നികുതി നിരക്ക് ഉയര്‍ത്തുന്നതിനെ ഛത്തീസ്ഗഢ് അടക്കമുള്ള സംസ്ഥാനങ്ങളും എതിര്‍ക്കുന്നുണ്ട്

Categories: FK News, Slider
Tags: GST, GST Cess