എന്‍ബിഎഫ്‌സികള്‍ വിദേശ വിപണികളിലെ സാധ്യതകള്‍ തേടുന്നു: ഫിച്ച് റേറ്റിംഗ്‌സ്

എന്‍ബിഎഫ്‌സികള്‍ വിദേശ വിപണികളിലെ സാധ്യതകള്‍ തേടുന്നു: ഫിച്ച് റേറ്റിംഗ്‌സ്

ഏകീകരണ പ്രവണതകള്‍ ഈ മേഖലയില്‍ ശക്തമാകുമെന്നും വിലയിരുത്തല്‍

ന്യൂഡെല്‍ഹി: ആഭ്യന്തര ഫണ്ടിംഗ് സാഹചര്യങ്ങള്‍ സമ്മര്‍ദ്ദത്തില്‍ തുടരുന്നതിനാല്‍ ഇന്ത്യയിലെ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ വിദേശ ധനസഹായത്തിനായി കൂടുതല്‍ ശ്രമിക്കുമെന്ന് ഫിച്ച് റേറ്റിംഗ്‌സിന്റെ നിരീക്ഷണം. എങ്കിലും, ശക്തമായ വായ്പാ അടിത്തറയുള്ള വലിയ കമ്പനികളിലേക്ക് മാത്രമായി വിദേശ വിപണികളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുമെന്നും റേറ്റിംഗ് ഏജന്‍സി വിലയിരുത്തുന്നു. ‘ഇന്ത്യയുടെ ദുര്‍ബലമായ സൂക്ഷ്മ സാമ്പത്തിക പശ്ചാത്തലം ഇന്ത്യന്‍ എന്‍ബിഎഫ്‌സി വ്യവസായത്തിന്റെ ഫണ്ടിംഗ്, വളര്‍ച്ച, ആസ്തിഗുണനിലവാര എന്നിവയിലെ സമ്മര്‍ദം വര്‍ധിപ്പിക്കുകയാണ്, ഇത് 2020ലെ എന്‍ബിഎഫ്‌സി വ്യവസായത്തെ കുറിച്ചുള്ള ഞങ്ങളുടെ നെഗറ്റീവ് വീക്ഷണത്തിന് അടിവരയിടുന്നു,’ ഫിച്ച് റേറ്റിംഗ്‌സിന്റെ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്താളമായി ആഭ്യന്തര പണലഭ്യതയില്‍ അനുഭവപ്പെടുന്ന ചാഞ്ചാട്ടങ്ങളുടെ സാഹചര്യത്തില്‍ ഫണ്ടിംഗ് സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാന്‍ ഓഫ്‌ഷോര്‍ റൂട്ട് എന്‍ബിഎഫ്‌സികളെ സഹായിക്കും. ഫണ്ടിംഗ്‌ചെലവുകള്‍ കുറയ്ക്കാനും പുതിയ വളര്‍ച്ചാ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ഇത് വഴിയൊരുക്കുമെന്നും ഫിച്ച് വിലയിരുത്തുന്നു.
2018 ന്റെ അവസാനത്തില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐഎല്‍ ആന്‍ഡ് എഫ്എസ്) തിരിച്ചടവുകളില്‍ വീഴ്ച്ച വരുത്തി പ്രവര്‍ത്തനം നിലച്ചതിതിനുശേഷം പണമൊഴുക്കിലുണ്ടായ വെല്ലുവിളികളില്‍ നിന്ന് കുറച്ച് പുരോഗതി ഉണ്ടായിട്ടുണ്ട്. എങ്കിലും ആഭ്യന്തര വിപണിയിലെ ഫണ്ടിംഗ് അവസ്ഥ മൊത്തത്തില്‍ എന്‍ബിഎഫ്‌സികള്‍ക്ക് താരതമ്യേന കടുപ്പമായത് തന്നെയായി തുടരുമെന്ന് കരുതുന്നു. സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം കൂടുതലായി ബാധിക്കുന്ന മേഖലകള്‍ പല എന്‍ബിഎഫ്‌സികളെയും വളരേ വേഗം പ്രതിസന്ധിയിലാക്കാനുള്ള സാധ്യതയുമുണ്ടെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

വിപണിയില്‍ ഏകീകരണത്തിനുള്ള സമ്മര്‍ദം നിലവിലെ സാഹചര്യത്തില്‍ ഏറെ ഉയരുകയാണ്. ആസ്തി നിലവാരം സംബന്ധിച്ച നിയന്ത്രണ ചട്ടക്കൂടുകള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതും ഇതിന് കാരണമാകുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപണി സ്ഥിരതയ്ക്ക് ഏകീകരണ നടപടികള്‍ ഗുണകരമായേക്കുമെന്നാണ് കണക്കാക്കുന്നത്. സാമ്പത്തികമായി മികച്ച കോര്‍പ്പറേറ്റുകളുമായി ശക്തവും തന്ത്രപരവുമായ ബന്ധമുള്ള എന്‍ബിഎഫ്‌സികള്‍ക്കും മികച്ച സാമ്പത്തിക അടിത്തറയുള്ള കമ്പനികള്‍ക്കും ഇത് ഗുണം ചെയ്യും.

Comments

comments

Categories: FK News